രാത്രിയാത്രാ നിരോധനം പിൻവലിക്കരുതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി
കല്‍പ്പറ്റ: കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാത 766ലെ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ എട്ടുവര്‍ഷമായി തുടരുന്ന രാത്രിയാത്രാവിലക്കില്‍ ഇളവ് അനുവദിക്കരുതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ദേശീയപാതയിലെ ബന്ദിപ്പുര വനമേഖലയില്‍ രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെ ബാധകമാക്കിയ രാത്രിയാത്രാവിലക്കിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിക്ക് നല്‍കിയ നിവേദനത്തിലാണ് സമിതി ഈ ആവശ്യം ഉന്നയിച്ചത്. എന്‍. ബാദുഷ, സി.കെ. വിഷ്ണുദാസ്, മധുസൂദനന്‍, എന്‍.ബി. അരുള്‍, റോണി പൗലോസ് എന്നിവരടങ്ങുന്നതായിരുന്നു നിവേദക സംഘം. ബന്ദിപ്പുരയില്‍ നടത്തിയ സിറ്റിംഗിനിടെയാണ് പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍ സമിതിയംഗങ്ങളെ കണ്ടത്.
റോള്‍ ഓണ്‍ റോള്‍ ഔട്ട് സംവിധാനം ഏര്‍പ്പെടുത്തിയോ ജൈവ പാലങ്ങള്‍ നിര്‍മിച്ചോ ദേശീയപാതയിലെ രാക്കുരുക്ക് അഴിക്കണമെന്ന കല്‍പ്പറ്റ എംഎല്‍എ സി.കെ. ശശീന്ദ്രന്റെ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നതായും കമ്മിറ്റിയംഗങ്ങളെ പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
ബന്ദിപ്പുര വനപാതയില്‍ രാത്രിഗതാഗതം നിരോധിക്കണമന്ന് ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണ സമിതി കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ പറയുന്ന മുഴുവന്‍ സാഹചര്യങ്ങളും നിലനില്‍ക്കുകയാണ്. ദേശീയ പാതയിലുടെയുളള പകല്‍ ഗതാഗതം എട്ടു വര്‍ഷം മുമ്പത്തേക്കാള്‍ നാലിരട്ടിയോളം വര്‍ധിച്ചു. എന്നിരിക്കെ റോള്‍ ഓണ്‍ റോള്‍ ഔട്ട് സംവിധാനവും ജൈവ പാലവും ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ആശ്വാസമാകും. ഇതിനാവശ്യമായ പണം കോംപന്‍സേറ്ററി എഫോറസ്റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് ആന്‍ഡ് പ്ലാനിംഗ് അഥോറിറ്റിയില്‍നിന്നു നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി കണ്ടെത്തണം.
രാത്രിയാത്ര നിരോധനവുമായി വയനാട്ടിലെയും കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട താലൂക്കിലെയും ജനങ്ങള്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു.
ഇപ്പോഴുയരുന്ന പ്രതിഷേധം ബത്തേരി കേന്ദ്രീകരിച്ച് തത്പരകക്ഷികള്‍ രാഷ് ട്രീയ നേട്ടത്തിനായി സൃഷ്ടിക്കുന്ന ശബ്ദകോലാഹലം മാത്രമാണ്. ഗതാഗതനിയന്ത്രണത്തിനെതിരെ ശക്തമായ പ്രതിഷേധം ജില്ലയില്‍ ഉയരാത്തത് ജനപിന്തുണ ഇല്ലാത്തതുകൊണ്ടാണ്.
കര്‍ഷകരെയും വിദ്യാര്‍ഥികളെയും രാത്രിയാത്രാവിലക്ക് ഒട്ടുംതന്നെ ബാധിച്ചിട്ടില്ല. കര്‍ണാടക ഹൈക്കോടതി നിര്‍ദേശത്തിനു വിധേയമായി കോഴിക്കോട്-ബംഗ്ലൂരു റൂട്ടില്‍ രാത്രി സര്‍വീസ് നടത്തുന്ന കേരള, കര്‍ണാടക ആര്‍ടിസി ബസുകളില്‍ വാരാന്തങ്ങളില്‍ ഒഴികെ നിറയെ യാത്രക്കാരില്ലെന്നും നിവേദനത്തില്‍ പറയുന്നു.
പരിസ്ഥിതി പ്രവര്‍ത്തകരുടെ അപേക്ഷയെത്തുടര്‍ന്ന് രാത്രിയാത്രാ വിലക്ക് ബാധകമായ പാതകളും നിരോധിത സമയത്ത് സര്‍വീസ് നടത്തുന്ന ബസുകളും സമിതിയംഗങ്ങള്‍ പരിശോധിച്ചു. കാമറ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ച് വന്യജീവി സാന്നിധ്യം വിലയിരുത്തി.





Leave a Reply