May 19, 2024

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സമൂഹം ജാഗ്രത പുലര്‍ത്തണം

0
Fb Img 1520484547028
..
ജില്ലയില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മാതാപിതാക്കളും സമൂഹവും മാധ്യമങ്ങളും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ബത്തേരിയില്‍ നടത്തിയ സെമിനാര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഒരു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം പന്ത്രണ്ടോളം പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.  സംസ്ഥാനത്ത്  ഏറ്റവും കുറവ് പോക്‌സോ കേസുകളാണ് കഴിഞ്ഞ വര്‍ഷം വരെ ജില്ലയിലുണ്ടായിരുന്നതെങ്കിലും ഇപ്പോഴുള്ള സ്ഥിതി ആശങ്കാജനകമാണ്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍, ബാലവിവാഹം തുടങ്ങിയവ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലായിരുന്നു മുമ്പ് കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ മറ്റു വിഭാഗങ്ങളിലും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാറിയ സമൂഹത്തില്‍ കുട്ടികള്‍ ഉള്‍പ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ജാഗ്രതയോടെയാവണം. പോക്‌സോ നിയമങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും നല്ലപോലെ മനസ്സിലാക്കി മാത്രമേ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുള്ളൂ. അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന കുട്ടികളെക്കുറിച്ച് യാതൊരു സൂചനയും നിയമ പ്രകാരം വാര്‍ത്തയില്‍ ഉണ്ടാകാന്‍ പാടില്ല. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുപോലെ തന്നെ നിയമ നടപടികള്‍ നിന്നും ഒഴിവാകുക എന്നതും ഒരു റിപ്പോര്‍ട്ടറെ സംബന്ധിച്ച് പ്രാധാന്യമേറിയതാണ്.
 കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും മാധ്യമ ജാഗ്രതയും എന്ന വിഷയത്തില്‍ ജില്ലാ പ്രോബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍ ക്ലാസ്സെടുത്തു. പോക്‌സോ നിയമം കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ശക്തമായ നിയമ നിര്‍മ്മാണമാണ്. ഈ നിയമത്തിന് മാധ്യമങ്ങള്‍ കാവല്‍ നില്‍ക്കണം. ആദിവാസകള്‍ക്കിടയില്‍ പോക്‌സോ സംബന്ധിച്ച് ജില്ലയില്‍ കാര്യക്ഷമമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കായുളള കരുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ എന്ന വിഷയത്തില്‍ കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം ക്ലാസ്സെടുത്തു. അനുദിനം സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ചെറിയൊരു അബദ്ധങ്ങള്‍ പോലും വലിയ വില നല്‍കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശരിയായ ബോധവത്കരണവും സ്വയം തിരിച്ചറിവുമാണ് വേണ്ടത്. സമൂഹമാധ്യമങ്ങള്‍ കൊടുങ്കാറ്റുപോലെയാണ് നല്ലതും ചീത്തയുമെല്ലാം പ്രചരിപ്പിക്കുക. കുട്ടികള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയുമെല്ലാം അപകീര്‍ത്തിപ്പെടുത്തുന്നതരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതും സൂക്ഷിക്കുന്നതുമെല്ലാം കുറ്റകരമാണ്. വിദ്യാലയങ്ങള്‍, വീടുകള്‍, പൊതുഇടങ്ങള്‍ തുടങ്ങിയിടങ്ങളിലെല്ലാം പീഢനങ്ങള്‍ പെരുകുമ്പോള്‍ ജാഗ്രത തന്നയാണ് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ബാലവാകാശകമ്മീഷന്റെ ഇടപെടലുകളും മുന്നേറ്റങ്ങളും സംബന്ധിച്ച് ബാലവാകാശ കമ്മീഷന്‍ മുന്‍ അംഗം ഗ്ലോറി ജോര്‍ജ്ജ്  വിഷയാവതരണംനടത്തി. ബാലാവാകാശകമ്മീഷന്റെ കൃത്യമായ ഇടപെടലുകള്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കി.  വിദ്യാലയങ്ങള്‍ മുതല്‍ കോടതിയില്‍ വരെ അതുവരെ കുട്ടികളുടെ കാര്യങ്ങളില്‍  തുടര്‍ന്നു വരുന്ന രീതികള്‍ക്ക് കാതലായമാറ്റം ഇതോടെ വന്നതായും ഈ അവകാശസംരക്ഷണങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്കും കാതലായ പങ്ക് വഹിക്കാനുണ്ടെന്ന് അവര്‍ പറഞ്ഞു. ജാഗ്രത റിപ്പോര്‍ട്ടിങ്ങ്, എഡിറ്റിങ്ങ്, ലേ ഔട്ട് എന്ന വിഷയത്തില്‍ വയനാട് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.ഒ.ഷീജയും കുട്ടികളുമായി ബന്ധപ്പെട്ട ശരണബാല്യം പദ്ധതിയെക്കുറിച്ച് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എം.അസ്മിതയും വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍ മോഡറേറ്ററായിരുന്നു. അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.പി.ജിനീഷ്, ബത്തേരി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എന്‍.എ.സതീഷ് എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *