സര്‍വേ പൂര്‍ത്തിയായി: വയനാട്ടില്‍ 62 ഇനം പരമ്പരാഗത നെല്‍വിത്തിനങ്ങള്‍
സര്‍വേ പൂര്‍ത്തിയായി: വയനാട്ടില്‍ 62 ഇനം പരമ്പരാഗത നെല്‍വിത്തിനങ്ങള്‍
സി.വി.ഷിബു
കൽപ്പറ്റ:: വയനാടിന്റെ നെല്ലറകളില്‍ കര്‍ഷകര്‍ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന പരമ്പരാഗത നെല്ലിനങ്ങളുടെ പഠനവും സര്‍വേയും പൂര്‍ത്തിയായി. അറുപത്തി രണ്ടിനം നെല്‍വിത്തിനങ്ങള്‍ പാരമ്പര്യമായി കര്‍ഷകര്‍ ഉപയോഗച്ചു വരുന്നതായി കണ്ടെത്തി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രവും കൃഷി വിജ്ഞാന കേന്ദ്രവും കാസര്‍ഗോഡ് പീലിക്കോട്ടെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവും സംയുക്തമായാണ് സര്‍വേ നടത്തിയത്. നെല്ലിനങ്ങള്‍, വിള സമയം, വിള ദൈര്‍ഘ്യം പിന്‍തുടരുന്ന കൃഷി രീതികള്‍, ഒരേക്കറിലെ ശരാശരി നെല്ലുല്‍പാദനം, വൈക്കോലിന്റെ ഉയരം, ഏക്കറില്‍ ശരാശരി വൈക്കോലുല്‍പാദനം, നെന്‍മണികളുടെ നിറം, നെല്ല് സംഭരണ സൂക്ഷിപ്പ് രീതി, അരിയുടെ നിറം, അരിയുടെ ആകൃതി നെല്ലിനത്തിന്റെ ഉപയോഗങ്ങള്‍, അരിയുടെ ഉപയോഗ രീതി കീടരോഗ ആക്രമണത്തെ ചെറുക്കുവാനുളള കഴിവ്, കന്നുകാലി തീറ്റയ്ക്ക് വൈക്കോലിന്റെ ഗുണമേന്‍മ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും സഘാംഗങ്ങള്‍ കര്‍ഷകരെ നേരില്‍ കണ്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. 62 ഇനങ്ങള്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളെകുറിച്ചും അവ സംരക്ഷിക്കുന്ന കര്‍ഷകരെകുറിച്ചും രേഖയില്‍ പ്രതേ്യകമായി പരാമര്‍ശിക്കുന്നുണ്ട്. ഇനങ്ങളില്‍ പകുതിയിലേറെയും അന്യം നിന്നുകൊണ്ടിരിക്കുന്ന നെല്‍ വിത്തുകളാണ്. ജൈവ രീതിയിലാണ് മുഴുവന്‍ വിത്തിനങ്ങളും കൃഷി ചെയ്ത് സംരക്ഷിക്കുന്നത്. കൃഷി മന്ത്രിയുടെയും കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറുടേയും നിര്‍ദ്ദേശ പ്രകാരം ഗവേഷണ കേന്ദ്രംമേധാവി ഡോ.പി. രാജേന്ദ്രന്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എച്ച്. മെഹര്‍ബാന്‍, പീലിക്കോട് ആര്‍എആര്‍എസിലെ പ്ലാന്റ് ബ്രീഡിംഗ് പ്രഫസര്‍ ഡോ.ടി. വനജ, അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗാം കോ ഓര്‍ഡിനേറ്റര്‍ ഡോ.എന്‍.ഇ സഫിയ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.കെ. റാണി എന്നിവരുടെ നേതൃത്വത്തില്‍ പടന്നക്കാട് കാര്‍ഷിക കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളും എച്ച്എംബിജി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. വയനാട്ടിലെ പരമ്പരാഗത കര്‍ഷകരായ ചെറുവയല്‍ രാമന്‍, പള്ളിയറ രാമന്‍, പി. കേളു, എച്ചോം ഗോപി, തുടങ്ങിയവരും നെല്‍ വിത്ത് സംരക്ഷകരായ ടി. ഉണ്ണി കൃഷ്ണന്‍, പ്രസീത് കുമാര്‍, മോഹന്‍ ദാസ്, ചന്ദ്രന്‍, പി.സി. ബാലന്‍, എം.ജി. ഷാജി, ഷാജി ജോസ്, രാജേഷ് കൃഷ്ണന്‍, അജി തോമസ് എന്നിവരുമാണ് കൂടുതല്‍ നെല്‍വിത്തിനങ്ങള്‍ കൃഷി ചെയ്യുന്നത്. വയനാടന്‍ നെല്ലിനങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കിയ ഡയറക്ടറിയുടെ മുഖചിത്രവും രൂപ കല്‍പനയും അമ്പലവയല്‍ സ്റ്റുഡിയോ വയനാടിലെ ആര്‍ രമിത്തിന്റേതാണ്.






Leave a Reply