അപ്രഖ്യാപിത നിയമന നിരോധനം: എല്‍.ഡി ടൈപ്പിസ്റ്റ് നിയമനം വൈകുന്നു
2016 ആഗസ്റ്റില്‍ നിലവില്‍ വന്ന എല്‍.ഡി.ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം വൈകുന്നാതായി ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം. ഇതുവരെ 41 പേര്‍ക്ക് മാത്രമാണ് ജില്ലയില്‍ നിയമനം ലഭിച്ചത്.കഴിഞ്ഞ ലിസ്റ്റില്‍ നിന്നും ഈ കാലാവധിയില്‍ 88 പേര്‍ക്ക് നിയമനം ലഭിച്ചപ്പോഴാണ് ഇത്തവണ നേര്‍ പകുതിയായി നിയമനം കുറഞ്ഞത്. ഒഴിവുണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്യാതെ ജില്ലയില്‍ അപ്രഖ്യാപിത നിയമന നിരോധനമാണുള്ളതെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് ഭാരവാഹികള്‍ പറയുന്നു. ചട്ടങ്ങള്‍ ലംഘിച്ച് അന്തര്‍ജില്ലാ സ്ഥലം മാറ്റം മുഖേന ജില്ലയിലെ ഒഴിവുകള്‍ പലതും നികത്തപ്പെടുകയാണ്. പിന്നാക്ക ജില്ലയായ വയനാട്ടില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കുറവെന്നിരിക്കെ ആകെയുള്ള ഒഴിവുകള്‍ പോലും അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനു വേണ്ടി മാറ്റിവെക്കുകയാണ്.
ആസ്ഥാന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ജില്ലയ്ക്ക് വിവേചനമാണുള്ളത്.ടൈപ്പിസ്റ്റ് തസ്തികയുടെ പേര് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്ന് മാറ്റാന്‍ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിലും പരാമര്‍ശമുണ്ടായിരുന്നു. ഇത്തരത്തില്‍ തസ്തിക വിപുലപ്പെടുത്തി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും അധികൃതര്‍ തയ്യാറാവുന്നില്ല. 179 പേരാണ് ജില്ലയില്‍ നിന്നുള്ള മെയിന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. അത്രയും അനുബന്ധ ലിസ്റ്റും നിലവിലുണ്ട്. ലിസ്റ്റിലുള്ള മിക്കവരും പ്രായ പരിധി പിന്നിടുന്നവരുമാണ്.
നിയമനം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. ഒഴിവുകള്‍ കാലതാമസമില്ലാതെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പുകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും മിക്ക വകുപ്പുകളും ഇപ്പോഴും പാലിക്കുന്നില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതതിനെതിരെയും മാറ്റിവെക്കുന്നതിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.





Leave a Reply