April 19, 2024

സഹകരണ ബാങ്കുകൾക്കെതിരെയുള്ള സർക്കാർ നടപടി: യു.ഡി.എഫ്. ഭരണ സമിതികൾ ലോകായുക്തയെ സമീപിച്ചു.

0
Img 20181107 Wa0134
കല്‍പ്പറ്റ: ജില്ലയിലെ യു ഡി എഫ് ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ പിരിച്ചുവിടാനുള്ള നീക്കത്തിന് പിന്നില്‍ കേരളാബാങ്ക് രൂപീകരണമാണെന്നും, ഇതിന്റെ ഭാഗമായാണ് സഹകരണ നിയമം 65 പ്രകാരമുള്ള അന്വേഷണം നടത്തുന്നതെന്നും ജനാധിപത്യ സഹകരണ വേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സഹകരണ നിയമം 14 പ്രകാരം ഒരു സഹകരണ ബാങ്ക് മറഅറ് ബാങ്കില്‍ ലയിപ്പിക്കുന്നതിന് ലയിക്കുന്ന ബാങ്കിലെ മെമ്പര്‍മാരില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന നിയമം മറികടക്കാനാണ് ജില്ലാബാങ്കിന്റെ മെമ്പര്‍ സൊസൈറ്റികളില്‍ 65 എന്‍ക്വയറി വെക്കുന്നത്. 65 എന്‍ക്വയറി നടത്തി സെക്ഷന്‍ 32 പ്രകാരം ഭരണസമിതി പിരിച്ചുവിട്ട് പ്രൈമറി ബാങ്കുകളുടെ ഭരണം  അഡ്മിനിസ്‌ട്രേറ്റര്‍മാരെ ഏല്‍പ്പിച്ച് ജില്ലാബാങ്കിന്റെ മെമ്പര്‍മാരില്‍ മൂന്നില്‍ രണ്ട് ഭാഗം ഉറപ്പാക്കുകയെന്നാണ് ഇതിന് പിന്നിലെ ലക്ഷ്യം. സി പി എമ്മിന്റെ നിര്‍ദേശം പാലിക്കുന്ന ഓഡിറ്റര്‍മാരെയും ഇന്‍സ്‌പെക്ടര്‍മാരെയും ഉപയോഗിച്ച് ക്രമവിരുദ്ധവും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ വ്യാജറിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കികൊണ്ടുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എല്‍ ഡി എഫ് എപ്പോള്‍ അധികാരത്തിലെത്തിയാലും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചും, ഉദ്യോഗസ്ഥരെ വെച്ച് അന്വേഷണം നടത്തി സത്യസന്ധമല്ലാത്ത റിപ്പോര്‍ട്ടുകളുണ്ടാക്കി പിടിച്ചെടുക്കുന്നതും സ്ഥിരം പരിപാടിയാണ്. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍, ജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രേഖാമൂലം നിര്‍ദേശിച്ചത് പ്രകാരമാണ് പുല്‍പ്പള്ളി സര്‍വീസ് സഹകരണബാങ്കില്‍ 65 എന്‍ക്വയറി നടത്തിയത്. സഹകരണനിയമം 65 പ്രകാരം അന്വേഷണം നടത്താന്‍ മന്ത്രി നേരിട്ട് നല്‍കിയാലും തേര്‍ഡ് പാര്‍ട്ടിയുടെ പരാതിയുടെ മേലിലും, മറ്റ് സമ്മര്‍ദ്ദത്തിന്റെ പേരിലും എന്‍ക്വയറി നടത്താന്‍ പാടില്ലെന്ന നിയമം മറികടന്നാണ് പുല്‍പ്പള്ളി ബാങ്കില്‍ 65 എന്‍ക്വയറി നടത്തിയത്. ഇത് നിയമപരമായി നിലനില്‍ക്കില്ല. എന്‍ക്വയറിയിലെ പരാമര്‍ശനവും നിലനില്‍ക്കുന്നതല്ലെന്ന് കാണാം. സഹകരണവകുപ്പും, സി പി എമ്മും ചേര്‍ന്ന് നടത്തുന്ന ഈ ഒത്തുകളിക്കെതിരെ ഭരണസമിതി ഇവരുടെ പേരില്‍ ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഓഡിറ്റര്‍ ഇന്‍സ്‌പെക്ടര്‍ പ്രതീഷ്, ജോയിന്റ് രജിസ്ട്രാര്‍ റഷീദ്, മുന്‍ രജിസ്ട്രാര്‍ മുഹമ്മദ് നൗഷാദ്, അസി. രജിസ്ട്രാര്‍ എ ആര്‍ ജോണ്‍സണ്‍ എന്നിവരുടെ പേരിലാണ് പരാതി നല്‍കിയിട്ടുള്ളതെന്നും പത്രസമ്മേളനത്തില്‍ ജനാധിപത്യ സഹകരണ വേദി ചെയര്‍മാന്‍ പി വി ബാലചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ കെ കെ ഗോപിനാഥന്‍, ജനറല്‍ സെക്രട്ടറിമാരായ ഗോകുല്‍ദാസ് കോട്ടയില്‍, ബി സുരേഷ്ബാബു എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *