June 21, 2026

ദേശീപാത നവീകരണം: വനം വകുപ്പ് നടപടി വയനാട്ടുക്കാരോടുള്ള യുദ്ധ പ്രഖ്യാപനം: മുസ്‌ലിംലീഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത നവീകരണം തടഞ്ഞ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നടപടി വയനാട്ടില്‍ വനവുമായി ചേര്‍ന്ന് കിടക്കുന്ന എല്ലാ പ്രദേശങ്ങളിലെയും ഗ്രാമങ്ങളിലെയും ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പൊതു സമൂഹത്തിനുമെതിരെയുള്ള മുന്നറിയിപ്പും,  യുദ്ധ പ്രഖ്യാപനവുമാണെന്ന് നിയോജക മണ്ഡലം മുസ്‌ലിംലീഗ്  കണ്‍വെന്‍ഷന്‍ ആരോപിച്ചു. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഘോര വനപ്രദേശങ്ങളിലടക്കം റോഡുകള്‍ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇതൊന്നും വയനാട്ടില്‍ മാത്രം അനുവദിക്കില്ലന്ന് ഗൂഡാലോചനയുടെ ഫലമാണ്. ഇത്തരം ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ ഭാവിയില്‍ വനയോരങ്ങളിലുള്ള എല്ലാ ഗ്രാമീണ,പഞ്ചായത്ത്, പി.ഡബ്ല്യു.ഡി റോഡുകളും മറ്റും ഇവര്‍ കയ്യേറുമെന്നും, സമാധാനമായി ജീവിക്കാന്‍ നീലഗിരിയിലെ ജനങ്ങള്‍ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളും ഭാവിയില്‍  വയനാട്ടുകാരെയും കാത്തിരിക്കുകയാണെന്നും യോഗം അഭിപ്രയപ്പെട്ടു.
രാത്രികാല യാത്രാ നിരോധനത്തിന് സുപ്രീംകോടതിയില്‍ ചില പരിഹാര മാര്‍ഗങ്ങള്‍ തെളിഞ്ഞ് വരുമ്പോള്‍ അത് അട്ടി മറിക്കാന്‍ കര്‍ണാടകയിലെ വന്‍ സാമ്പത്തിക പിന്തുണയുള്ള ചില പരിസ്ഥിതി സംഘടനകള്‍ക്ക് വേണ്ടി വയനാട്ടുകാരെ വഞ്ചിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരും ഇടത് മുന്നണിയും തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിനും വന സംരക്ഷണത്തിനും വയനാട്ടിലെ ജനങ്ങള്‍ മുഴുവന്‍ കാലാകാലങ്ങളായി വലിയ പിന്തുണയും ത്യാഗവും സഹിച്ചപ്പോള്‍ വയനാട്ടിലെ ഘോര വനമടക്കം വെട്ടി നശിപ്പിക്കുകയും തേക്കും യുക്കാലിപ്‌സും അക്കേഷ്യയും കുരുമുളക് തോട്ടങ്ങളും വെച്ച് പിടിപ്പിച്ചു കോടികള്‍ കൊള്ളയടിച്ചവരാണ് പല ഉദ്യോഗസ്ഥരും.  എന്നാല്‍ ഇത്തരത്തിലുള്ള വരുമാനങ്ങള്‍ ഇല്ലാതായപ്പോള്‍ ചില പരിസ്ഥിതി സംഘടനകളില്‍ നിന്നും പണം വാങ്ങി വയനാടിനെ ഒറ്റുകൊടുക്കുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തിരിച്ചറിയണമെന്നും യോഗം അഹ്വാനം ചെയ്തു. വനം വകുപ്പിന്റെ ഇത്തരം ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.  ഇതിന്റെ മുന്നോടിയായി ഡിസംബര്‍ അഞ്ചിനും ആറിനും നൂല്‍പ്പുഴ പഞ്ചായത്ത് യുഡിഎഫ് നടത്തുന്ന റെയ്ഞ്ച് ഓഫീസ് മര്‍ച്ചടക്കമുള്ള സമരങ്ങള്‍ക്ക് യോഗം പിന്തുണ അറിയിച്ചു. സമാന മനസ്‌കരായ എല്ലാവരെയും അണി നിരത്തി കൂടുതല്‍ ശക്തമായ സമരം നടത്താനും തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലംലീഗ് സെക്രട്ടറി എം.എ അസൈനാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.പി അയ്യൂബ് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.എ മുഹമ്മദ് ജമാല്‍, ജില്ലാ മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് ടി മുഹമ്മദ്, അബ്ദുല്ല മാടക്കര, കെ നൂറുദ്ദീന്‍, ഹാരിഫ് സി.കെ, അയ്യൂബ് മീനങ്ങാടി, കോണിക്കല്‍ കാദര്‍, ഷബീര്‍ അഹമ്മദ്, വി ഉമ്മര്‍ ഹാജി, പി ഉമ്മര്‍ ഹാജി, കണക്കയില്‍ മുഹമ്മദ്, കെ.പിഅഷ്‌കര്‍, ഹാരിഫ് ടി, അസീസ് വേങ്ങൂര്‍, ടി.പി അഹമ്മദ് കോയ, റസീന അബ്ദുല്‍ കാദര്‍, ബാനു പുളിക്കല്‍, നസീറ ഇസ്മായില്‍, ശിഫാനത്ത് സംസാരിച്ചു, കെ അഹമ്മദ്കുട്ടി നന്ദി പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *