കോണ്‍ഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവം: പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തുമെന്ന്‍ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ
കൽപ്പറ്റ: കോണ്‍ഗ്രസ് തരിയോട് മണ്ഡലം പ്രസിഡന്റ് വി.ജി ഷിബുവുൾപ്പെടെയുള്ള നേതാക്കളെ സി.പി.എമ്മുകാർ മർദ്ദിച്ച സംഭവത്തിൽ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സി.പി.എമ്മുകാർക്ക് ഒത്താശ ചെയ്യുകയാണ്. പ്രകടനമായെത്തി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പ്രവർത്തകരെയും മർദ്ദിച്ചിട്ടും സി.പി.എമ്മുകാരെ പിടികൂടാൻ പൊലീസ് തയ്യാറാവുന്നില്ല. എന്നാൽ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് കള്ളക്കേസെടുത്തുകൊണ്ടിരിക്കുകയാണ്. സംഭവം അന്വേഷിക്കാൻ പോയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കൾക്കെതിരെ പോലും കേസെടുക്കാനാണ് പൊലീസ് തിടുക്കം കാണിച്ചത്. ഇത് ജനാധിപത്യരീതിയല്ല. അതുകൊണ്ട് തന്നെ പൊലീസിന്റെ ഇത്തരം നടപടികൾക്കെതിരെ ഡി സി സി അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്കടക്കം മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.





Leave a Reply