പി.പി. സുനീർ കൽപ്പറ്റ നിയോജക മണ്ഡലത്തിൽ 25 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
കൽപ്പറ്റ:
ജനഹൃദയങ്ങൾ കവർന്ന‌് എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിന്റെ പര്യടനം തുടരുന്നു. ആവേശം വിതറിയായിരുന്നു തിങ്കളാഴ‌്ച്ച കൽപ്പറ്റ മണ്ഡലത്തിലെ പര്യടനം. നൂറുകണക്കിനാളുകൾ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്തി. കത്തുന്ന വെയിലിലും സ‌്ത്രീകളടക്കമുള്ളവർ തടിച്ചുകൂടി. നിയോജക മണ്ഡലങ്ങളിൽ സ്ഥാനാർഥിയുടെ രണ്ടാവട്ട പര്യടനമാണ‌്. കൂടുതൽപേരെ നേരിൽകണ്ട‌് വോട്ട‌് അഭ്യർഥിക്കുകയാണ‌്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാടിളക്കിയാണ‌് പ്രചാരണം. സ്വീകരണ കേന്ദ്രങ്ങളായ പ്രധാന ടൗണുകളിൽ റോഡ‌് ഷോയുമുണ്ട‌്. എൽഡിഎഫ‌് പ്രചാരണം മൂന്നാംഘട്ടത്തിലേക്ക‌് കടന്നു. ലോക്കൽ കൺവൻഷനുകൾ പൂർത്തിയായി. ബൂത്ത‌് കൺവൻഷനുകളും കുടുംബ യോഗങ്ങളും തുടങ്ങി. എൽഡിഎഫും വിവിധ വർഗബഹുജന സംഘടനകളും യുവാക്കളും വിദ്യാർഥികളും പ്രചാരണത്തിൽ സജീവമാണ‌്. ചെറിയ മാറ്റത്തിലൂടെ നാടിന‌് വലിയ നേട്ടം ലക്ഷ്യമിട്ടാണ‌് പ്രവർത്തനം.
സ്ഥാനാർഥി പി പി സുനീറിന്റെ സൗമ്യമായ ഇടപെടലും വാക്കുകൾ കാച്ചിക്കുറുക്കിയ അർഥഗംഭീരമായ പ്രസംഗങ്ങളും ജനഹൃദയങ്ങൾ കീഴടക്കുകയാണ‌്. ചൂരൽമലയിലായിരുന്നു തിങ്കഴാഴ‌്ച്ച പര്യടനത്തിന്റെ തുടക്കം. സിപിഐ സംസ്ഥാന അസിസ‌്റ്റന്റ‌് സെക്രട്ടറി സത്യൻ മൊകേരി ഉദ‌്ഘാടനം ചെയ‌്തു. 25 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പാർലമെന്റ‌് മണ്ഡലം കമ്മിറ്റി ചെയർമാൻ സി കെ ശശീന്ദ്രൻ എംഎൽഎ, കൽപ്പറ്റ മണ്ഡലം കമ്മിറ്റി ചെയർമാൻ എം മധു, കൺവീനർ പി കെ മൂർത്തി എന്നിവരുടെ നേതൃത്വത്തിലായിരുന്നുപര്യടനം. എൽഡിഎഫ‌് നേതാക്കളായ സി കെ ശിവരാമൻ, വി പി വർക്കി, മുഹമ്മദ‌് പഞ്ചാര, വി പി ശങ്കരൻ നമ്പ്യാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ‌്ച്ച തിരുവമ്പാടി മണ്ഡലത്തിലാണ‌് പ്രചാരണം. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, കെ സുഗതൻ, എം സെയ‌്ദ‌്, സി എച്ച‌് മമ്മി, സി എസ‌് സ‌്റ്റാൻലി, വി ഹാരിസ‌്, ടി ജി ബീന, പി എം സന്തോഷ‌്കുമാർ എന്നിവർ സംസാരിച്ചു.





Leave a Reply