July 25, 2024

സർക്കാർ ആദിവാസികളുടെ ജീവൻ കൊണ്ട് പന്താടരുത്: ഭൂസമരസമിതി

0
.

തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി  ഊരുകളിൽ നാലു പേരാണ്  അടുത്തടുത്ത ദിവസങ്ങളിൽ കുരങ്ങുപനി ബാധിച്ചു മരിച്ചത്. രോഗബാധിതരായി ആശുപത്രിയിൽ ചികിത്സയിലായരുന്ന മീനാക്ഷി (48) രാജു (40), മാരി(60), കേളു (65) എന്നിവരാണ് മരണപ്പെട്ടത്. ഇവർ സമീപഊരുകളിലുള്ളവരാണ്.
വളരെ ഗുരുതരമായി 30 പേരോളം ഇപ്പോൾ മാനന്തവാടി ആശുപത്രിയിൽ ചികിത്സയിലാണ്.  ആദിവാസികൾ നേരിട്ടു കൊണ്ടിരിക്കുന്ന കടുത്ത ഭൂ രാഹിത്യം കാരണം നിത്യജീവിതത്തിന് പോലും വനമേഖലയെ ആശ്രയിക്കേണ്ടി വരുന്നു. കർണാടകയുമായി അതിർത്തി പങ്കിടുന്ന ഈ പഞ്ചായത്ത് വനമേഖലയാൽ ചുറ്റപ്പെട്ടുകിടക്കുന്നു

ഈയടുത്ത വർഷങ്ങളിൽ ഇടവിട്ട് ഇടവിട്ട് വിവിധ തരത്തിലുള്ള രോഗങ്ങൾക്കടിപ്പെട്ടു ആദിവാസികൾ തുടർച്ചയായി വിവിധ ഊരുകളിൽ മരണപ്പെടുന്നു. അരിവാൾ രോഗമടക്കമുള്ള ദാരിദ്ര്യജന്യരോഗങ്ങൾ ഇപ്പൊഴും ആദിവാസികളിൽ വ്യാപകമായി കണ്ടുവരുന്നു. മീനങ്ങാടി പഞ്ചായത്തിൽ രണ്ടാഴ്ചകൾക്ക് മുമ്പാണ് രാജേന്ദ്രൻ എന്ന യുവാവ് അരി വാൾ രോഗ ബാധിതനായി മരണപ്പെട്ടത്.

2015ൽ കുരങ്ങുപനി ബാധിച്ച് 11 ആദിവാസികളാണ് വയനാട്ടിൽ മരണപ്പെട്ടത്. കഴിഞ്ഞവർഷം 2 പേർ മാനന്തവാടി ആശുപത്രിയിൽ ഈ രോഗം ബാധിച്ചു മരണപ്പെട്ടിരുന്നു. ആദിവാസി ജനവിഭാഗങ്ങളെ മരണത്തിലേക്ക് അതിവേഗം തള്ളിവിടുന്ന ഈ രോഗത്തിനെതിരെ എന്തെങ്കിലും കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങൾ പോലും ആരോഗ്യ വകുപ്പിന്റേ മുൻകൈയിൽ നടക്കുന്നില്ല. തുടർച്ചയായ മരണങ്ങൾ ഉണ്ടായിട്ട് പോലും രോഗപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തി ആദിവാസി സമൂഹത്തെ രക്ഷിക്കാൻ ഉത്തരവാദപ്പെട്ട സർക്കാർ ആദിവാസി സമൂഹത്തെ തന്നെ വംശഹത്യയിലേക്ക് തള്ളിവിടുകയാണ്.
സർക്കാറിന്റെ ആദിവാസി വിരുദ്ധമായ ഈ സമീപനത്തിനെതിരെ ശക്തമായ സമരങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.
കുരങ്ങു പനി ആദിവാസി ഊരുകളിൽ സ്ഥിരമായി കണ്ടു വരുമ്പോൾ പോലും രോഗം തിരിച്ചറിയുന്നതിനായുന്നുള്ള ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങൾക്കു് മണിപ്പാൽ വൈറോളജി ലാബിനെതന്നെയാണ് ഇപ്പോഴും ആശ്രയിക്കേണ്ടി വരുന്നത്. കൃഷി ചെയ്യാനുള്ള ഭൂമിയുടെ അഭാവവും രൂക്ഷമായ തൊഴിൽ രാഹിത്യവുമാണ് വയനാട്ടിലുടനീളം ആദിവാസികളെ ദാരിദ്ര്യത്തിലേക്കും മരണത്തിലേക്കും എത്തിക്കുന്നതു്.
തിരുനെല്ലി പഞ്ചായത്തിൽ  12000 ഏക്കർ ഭൂമി (ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത് അനധികൃതമായി സ്ഥാപിച്ച രണ്ടു തോട്ടങ്ങളാണിത്) രണ്ടു മാഫിയകളാണ് ഇപ്പൊഴും കയ്യടക്കി വെച്ചിരിക്കുന്നത്. പഞ്ചായത്തിലെ ജനസംഖ്യയിൽ 42 ശതമാനം വരുന്ന ആദിവാസികളും കോളനികളിൽ ദുരിതജീവിതം നയിക്കുമ്പോഴാണ് മാഫിയ കൾ ഭൂമി കയ്യടക്കിയിരിക്കുന്നതു്. ആദിവാസി സമൂഹത്തെ ഒന്നാകെ മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നയം അവസാനിപ്പിച്ച് അടിയന്തിരമായ രോഗ പ്രതിരോധ നടപടികൾക്ക് തുടക്കം കുറിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. 
ആദിവാസികൾക്ക് കൃഷി ചെയ്ത് ജീവിക്കാൻ മതിയായ ഭൂമി നൽകിക്കൊണ്ടു മാത്രമെ ഇന്നത്തെ രോഗാതുരമായ സാഹചര്യങ്ങളിൽ നിന്നും മാറ്റാൻ കഴിയുകയുള്ളൂ. വംശഹത്യയിൽ നിന്നും അവരെ രക്ഷിക്കുന്നതിനായി അടിയന്തിരമായ ഭൂവിതരണം നടത്തി വാസയോഗ്യമായ പാർപ്പിടങ്ങളിൽ പുനരധിവസിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *