July 23, 2024

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി തേടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം

0

കല്‍പറ്റ-ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി തേടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം.എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ട്രസ്റ്റി പുറങ്ങാട്ടില്‍ തങ്കച്ചാനാണ് നിവേദനം ഇ മെയില്‍ ചെയ്തത്. 
നിവേദനത്തില്‍നിന്ന്: ഇന്ത്യയിലെ ഭൂരിപക്ഷം പേരും ഈശ്വരവിശ്വാസികളും ദേവാലയങ്ങളില്‍ ആരാധന നടത്തുന്നവരുമാണ്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ അനുഷ്ഠിക്കാനും വിശ്വാസം പ്രഘോഷിക്കാനുമുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കും ഉറപ്പുനല്‍കുന്നതാണ് രാജ്യത്തിന്റെ ഭരണഘടന. മതാനുഷ്ഠാനങ്ങളിലെ വൈവിധ്യം ഭാരതത്തിന്റെ പ്രത്യേകതയാണ്.സമൂഹാരാധന മതാനുഷ്ഠാനങ്ങളുടെ അവിഭാജ്യഘടകമാണ്. 
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോക്ഡൗണിന്റെ മൂന്നാംഘട്ടത്തിലാണ് രാജ്യം. ആരാധനാലയങ്ങളിലെ ജനപങ്കാളിത്തത്തിനു തുടക്കംമുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഏവരും കര്‍ശനമായി പാലിക്കുന്നുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കു സമൂഹാരാധനയ്ക്കു അവസരം ലഭ്യമാക്കണം. 
കേരളത്തില്‍ പരമാവധി അഞ്ചു പേര്‍ക്കാണ് പൊതു ആരാധനയില്‍ പങ്കെടുക്കാന്‍ നിലവില്‍ അനുവാദം. വിവാഹം, മൃതസംസ്‌കാരം എന്നിവയില്‍ പങ്കെടുക്കാന്‍ 20 പേര്‍ക്കു അനുമതിയുണ്ട്. ഓരോ ആരാധനാലയത്തിലും ലഭ്യമായ സ്ഥലവിസ്തീര്‍ണം അനുസരിച്ചു സാമൂഹിക അകലം കൃത്യമായി പാലിച്ച് ജനങ്ങളെ പൊതു ആരാധനയില്‍ പങ്കെടുക്കാന്‍ അനുവദിക്കണം. സമൂഹാരാധന, ഭക്തകര്‍മങ്ങളിലെ പങ്കാളിത്തം എന്നിവ വിശ്വാസികളുടെ സാമൂഹികവും മാനസികവും ആത്മീയവുമായ സുസ്ഥിതി ഉറപ്പാക്കുമെന്നതു ലോകവ്യാപകമായി അംഗീകരിച്ച കാര്യമാണ്. മാര്‍പ്പാപ്പ അടക്കം വ്യത്യസ്ത മത-സാംസ്‌കാരിക നായകര്‍   മെയ് 14 ഉപവാസ പ്രാര്‍ത്ഥനാദിനമായി ആഗോളതലത്തില്‍ പ്രഖ്യാപിച്ചിരിക്കയാണ്. മെയ് ഒമ്പത് അമേരിക്കയില്‍ ദേശീയ പ്രാര്‍ത്ഥനാദിനമായിരുന്നു. മനുഷ്യസാധ്യമായതെല്ലാം ചെയ്തു, ഇനിയുള്ളത് ദൈവത്തെ ഏല്‍പിക്കുന്നു എന്നാണ് ഇറ്റലിയിലെ പ്രധാനമന്ത്രി പറഞ്ഞത്. ആരാധനയുടെയും പ്രാാര്‍ഥനയുടെയും സ്വീകാര്യതയും പ്രസക്തിയുമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. 
ദേശീയ ആഭ്യന്തര സെക്രട്ടറി, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ആഭ്യന്തര വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്കും നിവേദനത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *