ജവഹർലാൽ നെഹ്റുവിനെ അപമാനിച്ച കേന്ദ്ര മന്ത്രി വി. മുരളീധരൻ മാപ്പ് പറയണമെന്ന് കെ.സി. വേണുഗോപാൽ എം.പി.
കൽപ്പറ്റ: . രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസ്സിന് ആർ എസ് എസ് ആചാര്യൻ ഗോൾവാക്കറുടെ പേരിടുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ അപമാനിച്ചു നടത്തിയ പരാമർശം കേന്ദ്ര മന്ത്രിയുടെ പദവിക്ക് നിരക്കാത്തതാണെന്നും, ഇക്കാര്യത്തിൽ മുരളീധരൻ മാപ്പു പറയാൻ തയ്യാറാവണമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. യഥാർത്ഥ ചരിത്രത്തെ വളച്ചൊടിച്ചും, സത്യം മൂടി വെച്ചും തെറ്റിദ്ധാരണ പരത്തിയും, തങ്ങളുടെ ചെയ്തിക്ക് ന്യായീകരണം കണ്ടെത്താനുമുള്ള മൂഢ ശ്രമത്തിലാണ് ബി ജെ പി നേതാക്കൾ. കേരളത്തിലെ ആരോഗ്യ ഗവേഷണ മേഖലയിൽ അഭിമാനകരമായ പുരോഗതികൾ എഴുതിച്ചേർത്തു വെച്ച സ്ഥാപനമാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി. ജി. കാർത്തികേയൻ തുടങ്ങി വെച്ച ഈ ഗവേഷണ സ്ഥാപനം കെ. കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലയളവിൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും പിന്നീട് യു പി എ സർക്കാർ അധികാരത്തിലിരുന്നപ്പോൾ കേരളത്തിലെ ആരോഗ്യ ഗവേഷണ മേഖലയിൽ കൂടുതൽ കരുത്തു പകരാൻ കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. കേരളത്തിലെ യു ഡി എഫ് സർക്കാരും കേന്ദ്രത്തിലെ യു പി എ സർക്കാരും പടുത്തുയർത്തിയ കേരളത്തിന്റെ അഭിമാനകരമായ ഈ സ്ഥാപനത്തെ രാജ്യത്തു വർഗീയ വിദ്വേഷത്തിന്റെ വിത്ത് വിതച്ച ഒരു നേതാവിന്റെ പേരിൽ ഒരു സ്ഥാപനത്തെ നാമകരണം ചെയ്യുന്നത് പ്രബുദ്ധരായ മലയാളി സമൂഹത്തിനു ഒരിക്കലും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നു വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇതിനെല്ലാമപ്പുറം ഈ ചെയ്തിക്ക് ന്യായീകരണം കണ്ടെത്താൻ നെഹ്‌റു ട്രോഫിക്ക് നെഹ്രുവുമായി എന്ത് ബന്ധമാണുള്ളതെന്ന തരത്തിലുള്ള കേന്ദ്ര സഹ മന്ത്രി വി മുരളീധരന്റെ പരാമർശം ചരിത്രപരമായ അജ്ഞതയും, ബാലിശവുമാണ്. പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ ആലപ്പുഴ സന്ദർശനത്തിൽ നിന്നാണ് ആലപ്പുഴയുടെയും മലയാളിയുടെയും അഭിമാനമായ ഈ ജലോത്സവം ആരംഭിക്കുന്നത്. ആലപ്പുഴയിലെ വള്ളംകളിയിൽ ആവേശം പൂണ്ടു സുരക്ഷാ സംവിധാനങ്ങളും തിരസ്കരിച്ചു വിജയികളായ വള്ളത്തിൽ നെഹ്‌റു ചാടിക്കയറിയ ചരിത്രം ഓരോ ആലപ്പുഴക്കാരന്റെയും അഭിമാനവും, ആവേശവുമാണ്. ഡൽഹിയിൽ തിരിച്ചെത്തിയ നെഹ്‌റു വിജയികൾക്ക് തടിയിൽ തീർത്ത പീഠത്തിൽ ഉറപ്പിച്ച വെള്ളികൊണ്ടുണ്ടാക്കിയ സ്വന്തം കയ്യൊപ്പോടു കൂടിയുള്ള വള്ളത്തിന്റെ രൂപം സമ്മാനമായി നൽകിയാണ് ഈ ആവേശകരമായ ജലോത്സവത്തിന് പിന്തുണ പകർന്നത്. കേരളത്തിലെയും ആലപ്പുഴയിലെയും ജനങ്ങൾക്ക് സുപരിചിതമായ ഈ ചരിത്ര സത്യത്തെ പോലും മറച്ചു പിടിച്ചു മുരളീധരൻ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണെന്നും ഗോൾവാക്കറെ വെള്ളപ്പൂശാൻ രാജ്യത്തിൻറെ പ്രഥമ പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ മുരളീധരൻ മാപ്പു പറയാൻ തയ്യാറാവണമെന്നും വേണുഗോപാൽ പറഞ്ഞു.





Leave a Reply