നിയമസഭാ തെരഞ്ഞെടുപ്പ്:കല്‍പ്പറ്റ മണ്ഡലത്തില്‍ വയനാട്ടില്‍നിന്നുള്ള നേതാവിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം


Ad

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഏക ജനറല്‍ മണ്ഡലമായ കല്‍പ്പറ്റയില്‍ വയനാട്ടില്‍നിന്നുള്ള നേതാക്കളില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം. കല്‍പ്പറ്റ സീറ്റ് ജില്ലയ്ക്കു പുറമേനിന്നുള്ള നേതാവിനു നല്‍കിയേക്കുമെന്നു സൂചനയുടെ പശ്ചാത്തലത്തിലാണിത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമേ മുസ്‌ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റിയും സീറ്റ് വയനാടിനു പുറത്തുള്ളവര്‍ക്കു നല്‍കരുതെന്ന നിലപാട് കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ ജനവിധി തേടുമെന്നു മുമ്പ് പ്രചാരണമുണ്ടായപ്പോള്‍ മത്സരിക്കാന്‍ യോഗ്യതയുള്ളവര്‍ ജില്ലയില്‍ത്തന്നെയുണ്ടെന്നു മുസ്‌ലിംലീഗ് നേതാക്കളില്‍ ചിലര്‍ തുറന്നടിച്ചിരുന്നു.
കോണ്‍ഗ്രസ് ജില്ലാ ഘടകത്തില്‍ നേതാക്കളില്‍ ചിലരുടെ കൊഴിഞ്ഞുപോക്കടക്കം പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഡിസിസി ഓഫീസില്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ എംപി, ജില്ലയുടെ ചുമതലയുള്ള എംപി കെ. മുരളീധരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗങ്ങളിലും കല്‍പ്പറ്റ സീറ്റില്‍ വയനാട്ടില്‍നിന്നുള്ളവര്‍ക്കു പരിഗണന നല്‍കണമെന്നു ആവശ്യമുയര്‍ന്നു.
ജില്ലയിലെ പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളായ ബത്തേരിയിലും മാനന്തവാടിയിലും മത്സരചിത്രം തെളിയുകയാണ്. മാനന്തവാടി മണ്ഡലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയും സിറ്റിംഗ് എംഎല്‍എ സിപിഎമ്മിലെ ഒ.ആര്‍. കേളുവും തമ്മിലാകും മുഖ്യപോരാട്ടം. ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണനും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ച എം.എസ്. വിശ്വനാഥനുമായിരിക്കും അങ്കത്തട്ടിലെ പ്രധാന എതിരാളികള്‍. രണ്ടു മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ എന്‍ഡിഎ അടുത്ത ദിവസം പ്രഖ്യാപിക്കും. മാനന്തവാടിയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. മോഹന്‍ദാസിനാണ് പ്രഥമ പരിഗണന. ബത്തേരിയില്‍ എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ, വനിതാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അംബിക കേളു എന്നിവരെയാണ് പരിഗണിക്കുന്നത്.
കല്‍പ്പറ്റ മണ്ഡലത്തില്‍ ഇടതു, വലതു മുന്നണി സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇനിയും വ്യക്തതയായില്ല. ഇടതു മുന്നണി കല്‍പ്പറ്റ സീറ്റ് എല്‍ജെഡിക്കാണ് നല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ജെഡി ജില്ലാ കൗണ്‍സില്‍ യോഗം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാറിനെയാണ് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. എങ്കിലും രാജ്യസഭാംഗമായ ശ്രേയാംസ്‌കുമാര്‍ മത്സരിക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന. ജില്ലാ കൗണ്‍സില്‍ നിര്‍ദേശത്തോടു ശ്രേയാംസ്‌കുമാര്‍ പ്രതികരിച്ചിട്ടില്ല. ശ്രേയാംസ്‌കുമാറിന്റെ മകള്‍ മയൂര, അടുത്തിടെ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു എല്‍ജെഡിയിലെത്തിയ ഡിസിസി സെക്രട്ടറി പി.കെ. അനില്‍കുമാര്‍ എന്നിവരും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്.
കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.വി. ബാലചന്ദ്രന്‍, കെപിസിസി അംഗങ്ങളായ എന്‍.ഡി. അപ്പച്ചന്‍, കെ.എല്‍. പൗലോസ് എന്നിവര്‍ കല്‍പ്പറ്റയില്‍ ജനവിധി തേടാന്‍ ആഗ്രഹിക്കുന്ന ജില്ലക്കാരായ നേതാക്കളാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും വയനാട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റും നിലവില്‍ ഡിസിസി സെക്രട്ടറിയുമായ കെ.ഇ. വിനയനും സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടികയിലുണ്ട്. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമാണ് ഇദ്ദേഹം. കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖാണ് കല്‍പ്പറ്റ സീറ്റിനുവേണ്ടി ശ്രമിക്കുന്ന വയനാടിനു പുറമേനിന്നുള്ള നേതാക്കളില്‍ പ്രമഖന്‍. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.വി. ന്യൂട്ടണ്‍ എന്നിവരില്‍ ഒരാള്‍ കല്‍പ്പറ്റയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *