എൻ്റെ സ്വപ്നങ്ങൾ ഒരു മണ്ഡലം എംഎൽഎയുടേതു മാത്രമല്ല;മണിക്കുട്ടൻ പണിയൻ


Ad

ജിത്തു തമ്പുരാൻ

Ad

ആത്മാഭിമാനത്തിൽ അധിഷ്ഠിതമായ തികച്ചും സ്വത്വബോധപരമായ കാരണങ്ങൾ കൊണ്ടാണ് ശ്രീ മണികണ്ഠൻ എംബിഎ മാനന്തവാടി നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിത്വം നിരസിച്ചത്. മണിക്കുട്ടൻ പണിയൻ എന്നു വിശേഷിപ്പിക്കുമ്പോൾ അതിനെതിരെ ഈ ലേഖകനെതിരെ ജാതിപ്പേര് വിളിച്ചതിന് കേസിന് പോകാമെന്ന് വ്യാമോഹിച്ചിട്ടു കാര്യമില്ല . ഇത് മണികണ്ഠൻ അവനെ തന്നെ ആത്മാഭിമാനത്തോടെ വിശേഷിപ്പിക്കുന്ന പേരാണ് . സ്വന്തം കുലം ആണ് വലുത്എന്ന് ഉറച്ചു വിശ്വസിക്കുന്ന, സിരകളിൽ ഓടുന്ന പണിയ രക്തത്തിൻറെ ആഴവും പരപ്പും നന്മയും അവകാശവും ചൂരും ചൂടുമെല്ലാം ആത്മാഭിമാനമായി കൂടെ കൊണ്ടുനടക്കുന്ന ശ്രീ : മണിക്കുട്ടൻ പണിയൻ എന്തുകൊണ്ട് മാനന്തവാടി നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ആയില്ല എന്ന ചോദ്യം രാഷ്ട്രീയ കേരളത്തെ ഒന്നടങ്കം അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്ന ഒരു അവസരമാണ് ഇത്. ഈ വിഷയത്തിൽ ഒരു അന്വേഷണം എന്ന രീതിയിലാണ് മണിക്കുട്ടനുമായി സംസാരിച്ചത്.പ്രസക്ത ഭാഗങ്ങളിലേക്ക് പ്രേക്ഷക ശ്രദ്ധയെ ക്ഷണിക്കുന്നു.

വയനാട് മാനന്തവാടി മണ്ഡലത്തിൽ ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ മുന്നണിയുടെ 2021ലെ സ്ഥാനാർത്ഥിത്വത്തെ ജൈവശാസ്ത്രപരമായിത്തന്നെ നിരസിച്ചു കൊണ്ട് പ്രാക്തന ഗോത്രവർഗ്ഗമായ പണിയ വിഭാഗത്തിലെ ലോകചരിത്രത്തിൽ ആദ്യത്തെ എംബിഎ ബിരുദധാരിയായ മണികണ്ഠൻ ഒരിക്കൽ കൂടി വാർത്തകളിലും ചരിത്രത്തിലും ഇടം പിടിക്കുന്നു .

എൻഡിഎയുടെ ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ചാണക്യൻ ആയ അമിത് ഷാ അടക്കമുള്ളവർ ഒരുമിച്ചിരുന്ന് ബയോഡാറ്റയും പൊളിറ്റിക്കൽ ചിന്താഗതികളും പ്രവർത്തനരീതികളും സ്വഭാവസവിശേഷതകളും പോസിറ്റീവ് എനർജിയും എല്ലാമെല്ലാം തലനാരിഴ കീറി പഠിച്ച ശേഷമാണ് കേരളം പോലെയുള്ള ഭൂമിശാസ്ത്രപരമായും ബൗദ്ധികപരമായുമെല്ലാം വേറിട്ടുനിൽക്കുന്ന, വീശിയടിക്കുന്ന കുംഭകാറ്റിനുപോലും ഇടതു വലതു മുന്നണികളുടെ മാത്രം ഗന്ധമുള്ള ഒരു ഭൂപ്രദേശത്തെ മാനന്തവാടി പോലെയുള്ള ചരിത്രമുറങ്ങുന്ന നിയമസഭാ നിയോജക മണ്ഡലത്തിൽ മത്സരിക്കുവാനുള്ള ഒരാളുടെ സ്ഥാനാർത്ഥിത്വത്തെ നിർണയിച്ച് നിജപ്പെടുത്തുന്നത് . ഡി എം ആർ സി യിൽ നിന്ന് വിരമിച്ച് മണിക്കൂറുകൾക്കകം തന്നെ മെട്രോമാൻ ഇ ശ്രീധരനെ കേരളത്തിൻറെ എൻഡിഎ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അതേ പാനൽ തന്നെയാണ് മാനന്തവാടിയിലേക്ക് മണികണ്ഠൻ എം ബി എ എന്ന മണിക്കുട്ടൻ പണിയനെ സ്ഥാനാർത്ഥിയായി നിർണയിച്ചത് എന്ന കാര്യം കൂടി നമ്മൾ ഓർക്കാതിരിക്കരുത്.

വാർത്തയറിഞ്ഞ് വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിത്വം നിരസിക്കുന്ന സമയത്തുപോലും ഒരു എം ബി എക്കാരൻറെ പ്രൊഫഷണലിസം കാത്തു സൂക്ഷിച്ചു എന്നതാണ് മണിക്കുട്ടൻറെ നന്മയും ധൈര്യവും ചങ്കുറപ്പും . ആലോചിക്കട്ടെ എന്നു പറഞ്ഞ് കാര്യമായി ചിന്തിച്ച ശേഷം ഒരാഴ്ചയ്ക്ക് ശേഷമാണ് സ്ഥാനാർത്ഥിത്വം നിരസിക്കുന്നത് എങ്കിൽ ദേശീയ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ തന്ത്ര രൂപീകരണത്തിന്റെ വിലപ്പെട്ട ഏഴു ദിവസങ്ങൾ നശിപ്പിച്ചു എന്ന പ്രചാരണം കൂടി ആ പച്ച മനുഷ്യൻറെ തലയിൽ കെട്ടിവെക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നു . വിഖ്യാതപ്പെട്ടവരെന്ന് കേളി കേട്ട പല ഐഎഎസ്സുകാരും നിസ്സാര ഫയലുകൾ പഠിക്കുന്നതിനു വേണ്ടി പോലും മാസങ്ങൾ നീക്കിവെച്ച് വികസന മുരടിപ്പ് നടത്തിയ ചരിത്രവും കേരള ഭരണതലങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന കാര്യം കൂടി ഈ അവസരത്തിൽ നമ്മൾ ഓർമ്മിക്കേണ്ടതാണ്.

സ്ഥാനാർഥിത്വം നിരസിക്കുന്നതിന് മണികണ്ഠൻ തന്നെ ന്യൂസ് വയനാടിനോട് കാരണമായി പറഞ്ഞത് താഴെപ്പറയുന്ന കാര്യങ്ങൾ ആണ് :

ഒന്ന് : ഇത്രയും കാലം ബിജെപി എന്ന രാഷ്ട്രീയ സംഘടന ഞാൻ പ്രതിനിധാനം ചെയ്യുന്ന പണിയ വിഭാഗത്തോട് കാണിച്ചത് അത്ര പോസിറ്റീവ് ആയ സമീപനം ആയിരുന്നില്ല . വിദ്യാഭ്യാസക്കുറവും അടിസ്ഥാന സൗകര്യക്കുറവും രാഷ്ട്രീയപരമായും സാമൂഹികപരമായും സാമ്പത്തികപരമായും ഇത്രയും കാലം കാണിച്ച അവഗണന എനിക്ക് തള്ളിക്കളയാൻ പറ്റുന്നതല്ല.

രണ്ട് : നിലവിൽ ബി ജെ പി എന്ന രാഷ്ട്രീയ സംഘടനയോട് എനിക്ക് യാതൊരു വിധത്തിലുള്ള അനുഭാവവും ഇല്ല . എങ്കിലും ഒരു കാര്യത്തിൽ അവരെ അഭിനന്ദിക്കാതെ വയ്യ . തികച്ചും ചരിത്രപരമായ ഒരു തീരുമാനമാണ് ഈ സ്ഥാനാർഥിത്വ വിഷയത്തിൽ ബിജെപി കൈക്കൊണ്ടത്. ബിജെപി ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഹേതുവായത് തന്നെ കേരളത്തിലെ ഇടതു വലതു മുന്നണികളുടെ പ്രവർത്തന തോൽവി ആയിട്ടാണ് എന്നെപ്പോലുള്ളവർ കണക്കാക്കുന്നത്. ഇടതു വലതു മുന്നണികളെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശവും എൻറെ സ്ഥാനാർത്ഥിത്വത്തിൽ ബിജെപിക്ക് ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നു. കുപ്പയിലെ മാണിക്യം എന്ന രീതിയിൽ ബിജെപി എന്നെ അവതരിപ്പിച്ചപ്പോൾ ഇവിടെയുള്ള ചില പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കൾ ഒക്കെ വിറളി പിടിച്ച് പരക്കം പായുന്നത് എൻറെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇത്രയും കാലം എന്നെ അവഗണിച്ചവർ ഇപ്പോൾ എന്നെ ഭയക്കുന്നത് എന്തിനാണ് ? കോടതി വ്യവസ്ഥയെ പേടിച്ച് കേവലം ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വാർഡ് പ്രതിനിധി എന്നതിലപ്പുറം എൻറെ പണിയ സമൂഹത്തെ പരിഗണിക്കുവാൻ എന്തുകൊണ്ട് ഇവരാരും ഇത്രകാലം തയ്യാറായില്ല ? ഇതുവരെ അവർക്കാർക്കും കിട്ടാത്ത സൗഭാഗ്യം എനിക്കെന്തിനാണ് ?

മൂന്ന് : എൻറെ ലക്ഷ്യം കേവലം ഒരു നിയോജക മണ്ഡലം എം എൽ എ എന്ന നിലയിൽ അഞ്ചുകൊല്ലം അടിച്ചുപൊളിക്കുക , അതിന്റെ എല്ലാ പ്രിവിലേജ്സും ആസ്വദിക്കുക പറ്റിയാൽ വീണ്ടും വീണ്ടും മത്സരിക്കുക ,അതിനുശേഷം ആജീവനാന്തം അതിന്റെ പെൻഷൻ വാങ്ങുക എന്നതല്ല .എന്നെ ആ വിധത്തിൽ നിങ്ങൾ ഒരിക്കലും കാണരുത്.

ഞാൻ വിഭാവനം ചെയ്യുന്നത് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പണിയ വിഭാഗത്തിൽ നിന്ന് കുറഞ്ഞത് അഞ്ച് എംബിഎക്കാരെയെങ്കിലും ഉന്നത മാർക്കോട് കൂടി സൃഷ്ടിച്ചെടുക്കുക എന്നതാണ്. എൻറെ ഗോത്ര വിഭാഗമായ പണിയരുടെ കൂട്ടത്തിൽ നിന്ന് എംബിബിഎസ് പാസായ ആദ്യത്തെ വ്യക്തിയായ ഡോക്ടർ ജഗൻ ഏതാനും ചില അലോപ്പതി ഡോക്ടർമാരെ എൻറെ ഈ പണിയ ഗോത്രത്തിൽ നിന്ന് സമീപഭാവിയിൽ സൃഷ്ടിച്ചെടുക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. എൻറെ സമൂഹം ഇപ്പോൾ ഈ നാനോടെക്നോളജി യുഗത്തിൽ പോലും ജീവിതത്തിൻറെ ഏറ്റവും താഴെക്കിടയിലാണ് ഏതൊക്കെയോ ചിലരുടെ നിർബന്ധപ്രകാരം നിലകൊള്ളുന്നത് . ഞാൻ ചിന്തിക്കുന്നതും ഉറക്കം നഷ്ടപ്പെടുത്തുന്നതും ശ്വസിക്കുന്നതുമെല്ലാം എൻറെ ഗോത്ര സമൂഹത്തിനു വേണ്ടിയാണ്.

സ്ഥാനാർഥിത്വം നിരസിച്ച് സ്വന്തം മനസാക്ഷിയെ ബോധ്യപ്പെടുത്തിയ ശേഷം പിറ്റേന്നാൾ അതിരാവിലെ മണികണ്ഠൻ പുറപ്പെട്ടത് പത്രസമ്മേളനം വിളിക്കാനോ കൊടി പിടിക്കാനോ ആയിരുന്നില്ല.കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിലെ തൻറെ ജോലി കഴിഞ്ഞ പ്രവൃത്തി ദിവസത്തെയും പോലെ തുടരുന്നതിന് വേണ്ടി ആയിരുന്നു.
jithuthampuran@gmail.com

Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *