ഗാന്ധി പ്രതിമയ്ക്ക് വൈകല്യ മോക്ഷം: ഗാന്ധിപ്പാർക്ക് മറ്റൊരു സബർമതിയാകുന്നു


Ad
*ഗാന്ധി പ്രതിമയ്ക്ക് വൈകല്യ മോക്ഷം: ഗാന്ധിപ്പാർക്ക് മറ്റൊരു സബർമതിയാകുന്നു*

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
*ജിത്തു തമ്പുരാൻ*
മാനന്തവാടി : മഹാത്മാ ഗാന്ധിയുമായി രൂപസാദൃശ്യം തീരെയില്ലാത്ത ഗാന്ധി പ്രതിമയുമായി കേരളമെമ്പാടുമുള്ള ഗാന്ധിയൻ ആദർശവാദികളെ നിരന്തരം അസ്വസ്ഥരാക്കിയ മാനന്തവാടി ഗാന്ധി പാർക്കിലെ മഹാത്മജി പ്രതിമ ഒടുവിൽ മാറ്റി സ്ഥാപിക്കപ്പെടുകയാണ്. മാനന്തവാടി മുനിസിപ്പാലിറ്റിയുടെ വി.ആർ പ്രവീജ് നയിച്ച 2016-21 ഭരണ സമിതിയുടെ മാനന്തവാടി നഗര സൗന്ദര്യവൽക്കരണം എന്ന തീരുമാനപ്രകാരം വികസന നടപടികൾ പുരോഗമിക്കവേ, 2021-26 ഭരണ കാലയളവിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി കെ രത്നവല്ലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നഗര സൗന്ദര്യവൽക്കരണ പദ്ധതിയെ പിന്തുടർന്ന് 2021 ഫെബ്രുവരി മാസം അടിയന്തര പ്രമേയമായി പാസാക്കി അനുവദിച്ച പ്രവർത്തിയാണ് മഹാത്മാഗാന്ധി പ്രതിമയുടെ മനോഹര രൂപമാറ്റത്തിലേക്ക് എത്തിച്ചേർന്നത്. ഇതുകൂടാതെ പ്രതിമയുടെ പരിസരത്ത് മനോഹരമായ ഉദ്യാനവും രൂപപ്പെടുത്തുന്നതിനുള്ള ഫ്രെയിം വർക്ക് തുടങ്ങിക്കഴിഞ്ഞു . ഉദ്യാനത്തിന്റെ പ്രവർത്തി പൂർത്തീകരിക്കപ്പെട്ടു കഴിഞ്ഞാൽ പ്രതിമയുടെ ഔദ്യോഗികമായ അനാച്ഛാദനം നടക്കുമെന്ന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ന്യൂസ് വയനാട് പ്രതിനിധിയെ അറിയിച്ചു. അധികം വൈകാതെ നഗരത്തിലെ വൃത്തിയും വെടിപ്പും ഉറപ്പു വരുത്തി നഗരം മുഴുവൻ പൂച്ചെടികൾ സ്ഥാപിച്ച് മാനന്തവാടിയെ എല്ലാ അർത്ഥത്തിലും ഒരു ആനന്ദവാടിയാക്കി തീർക്കാൻ കഴിയുമെന്ന് നഗരസഭ സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആറടി ഉയരത്തിൽ ധ്യാനനിമഗ്നനായി ചമ്രം പടിഞ്ഞിരിക്കുന്ന പൂർണ്ണകായ മഹാത്മജീ ശില്പമാണ് 2 ലക്ഷം രൂപ അടങ്കൽ തുകയിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നത്.സുതാര്യമായി ടെണ്ടറുകൾ വിളിച്ച് സ്വീകരിച്ച അപേക്ഷകളിൽ നിന്ന് പ്രശസ്ത ശിൽപിയും നടനും എഴുത്തുകാരനും ആയ കെ.കെ.ആർ വേങ്ങരയെ ആണ് ശിൽപ്പ നിർമ്മാണത്തിന് ചുമതലപ്പെടുത്തിയത്. കളിമണ്ണിൽ മോൾഡ് ചെയ്ത് ഫൈബർ ഗ്ലാസ് മെറ്റീരിയലിൽ ആണ് മഹാത്മജീ ശിൽപം പൂർത്തീകരിച്ചിരിക്കുന്നത് .
കെ .കെ. ആർ വേങ്ങരയുടെ ശില്പ ചാതുര്യം ലോകപ്രശസ്തമാണ് . വേങ്ങരയിൽ ഇന്ദിരാഗാന്ധി പ്രതിമ, രാജീവ് ഗാന്ധി സ്തൂപം ,പെരളശ്ശേരി എ.കെ.ജി സ്മാരകം, പയ്യന്നൂർ സുബ്രഹ്മണ്യഷേണായി സ്മാരകം , ഏഴോം കാക്കാമണി സ്മാരകം, പി. ഇ.എസ് വിദ്യാലയം പയ്യന്നൂർ , രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂൾ പാനൂർ , താലൂക്ക് ഓഫീസ് കണ്ണൂർ , കൊക്കാട് ഗ്രന്ഥാലയം മണ്ടൂർ , തുടങ്ങിയ ഇടങ്ങളിൽ രാഷ്ട്ര പിതാവിൻെറ സ്മരണയ്ക്കായി കെ.കെ.ആർ ഒരുക്കിയ ഗാന്ധി പ്രതിമകൾ ഇവയെല്ലാം ശ്രദ്ധേയങ്ങളാണ്.
 മാടായിക്കാവ്, വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം, ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, കതിരൂർ പുയ്യ്യോട്ട് കാവ് , മുണ്ടയാംപറമ്പ് ഇരിട്ടി തുടങ്ങിയ ക്ഷേത്ര കവാടങ്ങളിലെ ശില്പ വേലകൾ, പ്രശസ്ത സാഹിത്യകാരനായ ശ്രീ . എം മുകുന്ദൻെറ ‘മയ്യഴിപുഴയുടെ തീരങ്ങളിൽ’ എന്ന നോവലിനെ ആധാരമാക്കി മാഹി പാർക്കിൽ അദ്ദേഹം തീർത്ത 100 അടി നീളമുളള റീലീഫ് ശില്പം , വളളുവൻ കടവിലെ മുത്തപ്പൻ ക്ഷേത്രത്തിൽ പണിതീർത്ത 120 അടി നീളമുളള മുത്തപ്പൻെറ ചരിത്ര ശില്പം, ഏഴിമലയിൽ പണികഴിപ്പിച്ച 41 അടി ഉയരമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ, കാനായി യമുനാതീരത്തിനു വേണ്ടി നിർമ്മിച്ച 57 അടി നീളമുളള ‘മണൽ ശില്പം, 15 അടി നീളമുളള രാജസ്ഥാൻ ഘോഷയാത്രയുടെ റിലീഫ് ശില്പം ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കലാസൃഷ്ടികൾ കെആർ വേങ്ങരയുടേ തായിട്ടുണ്ട് . അവയെ എല്ലാം തന്നെ നിഷ്പ്രഭമാക്കുന്നത്ര മനോഹാരിതയാണ് മാനന്തവാടിയിലെ ഗാന്ധി പ്രതിമയ്ക്ക് അദ്ദേഹം പകർന്നു നൽകിയിട്ടുള്ളത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *