കനത്ത മഴയിൽ കെട്ടിട നിർമാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞു: ബില്‍ഡിംഗ് നിര്‍മ്മാണത്തിന് സ്‌റ്റോപ്പ് മെമ്മോ
കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബ്, പി.ഡബ്ല്യു.ഡി ഓഫിസ്, വില്ലേജ് ഓഫിസ്, ക്രിസ്ത്യന്‍ ചര്‍ച്ച് എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിന്റെ അരിക് ഇന്നുണ്ടായ കനത്ത മഴയില്‍ ഇടിഞ്ഞു. നഗരത്തില്‍ റോഡിന് അരികിലായി നിര്‍മ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ ഭാഗത്താണ് റോഡ് തകര്‍ന്നത്. കെട്ടിട നിര്‍മ്മാണത്തിനായി പൈലിംഗ് നടത്തിയതാണ് റോഡ് തകരാന്‍ കാരണം. റോഡില്‍ നിന്നും മൂന്ന് മീറ്റര്‍ മാറി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താനുള്ള അനുമതിയാണ് ജിയോളജി വകുപ്പ് നലകിയിരുന്നത്. എന്നാല്‍ റോഡിനോഡ് ചേര്‍ന്ന് തന്നെ പൈലിംഗ് നടത്തുകയായിരുന്നു. ഇതിന് പുറമെ ശക്തമായ മഴ കൂടി എത്തിയതോടെ റോഡ് അഞ്ച് മീറ്ററോളം ഇടിയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിക്കുകയും ബില്‍ഡിംഗ് നിര്‍മ്മാണത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. റോഡിന് റീട്ടെയിനിംഗ് വാള്‍ നിര്‍മ്മിച്ച് സുരക്ഷ ഉറപ്പു വരുത്തുന്നത് വരെ കെട്ടിട നിര്‍മാണങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും കേയംതൊടി മുജീബ് അറിയിച്ചു.
Leave a Reply