April 20, 2024

വിദ്യാഭ്യാസമേഖലയിൽ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കരുത്: എ.കെ.എസ്.ടി.യു

0
വിദ്യാഭ്യാസമേഖലയിൽ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കരുത്: എ.കെ.എസ്.ടി.യു
കൽപ്പറ്റ : കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 10, 12, ക്ലാസുകളിലെ പൊതുപരീക്ഷകളുടെ ഭാഗമായുള്ള പ്രായോഗിക പരീക്ഷകൾ മാറ്റിവെക്കണമെന്ന് എ.കെ.എസ്.ടി.യു. വയനാട് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. പത്താം ക്ലാസിലെ ഐ.ടി., പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‍സ് വിഷയങ്ങൾക്കും, വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ വൊക്കേഷണൽ വിഷയങ്ങൾക്കും ഒരേ ഉപകരണം തന്നെ ഒന്നിലധികം കുട്ടികൾ ഒരേ സമയം കൈമാറ്റം ചെയ്ത് ഉപയോഗിക്കേണ്ട സാഹചര്യം നിലനിൽക്കുന്നതിനാൽ രോഗവ്യാപന സാധ്യത കൂടുതലാണ്. ഉപകരണങ്ങൾ കഴുകുന്നതിനും, റിസൾട്ട് അധ്യാപകരെ കാണിക്കുന്നതിനും കുട്ടികൾ ലാബുകളിൽ നടക്കേണ്ടി വരുന്നതിനാൽ സാമൂഹിക അകലം ഉറപ്പാക്കാനും സാധിക്കില്ല. ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പ്രായോഗിക തലത്തിൽ പ്രയാസങ്ങളുണ്ടാകും. ഈ സാഹചര്യത്തിൽ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കാതെ അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടെയും ആശങ്കകളകറ്റി മുന്നോട്ടു പോകാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും, അധ്യാപക സംഘടനകളുമായി ചർച്ച ചെയ്ത് പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെക്കുകയോ, പകരം ക്രമീകരണം വരുത്തുകയോ ചെയ്യേണ്ടതാണ്. കൂടാതെ എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെ അപ്രൂവൽ പ്രശ്നങ്ങളിലും, ദീർഘകാലമായി ഉന്നയിക്കുന്ന പ്രീ പ്രൈമറി അധ്യാപകരുടെ പ്രശ്നങ്ങളിലും സർക്കാർ ഉടൻ പരിഹാരം കാണണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.
മീനങ്ങാടി ജി.എച്ച്.എസ്.എസ്. ൽ 2020 മാർച്ചിൽ നടന്ന പൊതുപരീക്ഷയിൽ ഡ്യൂട്ടി ചെയ്ത ഡെപ്യൂട്ടി ചീഫ് അടക്കമുള്ള അധ്യാപകർക്ക് ഒരു വർഷം കഴിഞ്ഞിട്ടും റമ്യുണറേഷൻ വിതരണം ചെയ്തിട്ടില്ല. ട്രാൻസ്ഫർ ആയി പോയ പ്രിൻസിപ്പാൾ ഫയലുമായി പോയി എന്നാണ് സ്‌കൂൾ അധികൃധർ നൽകുന്ന വിശദീകരണം. ഒരു ലക്ഷം രൂപക്ക് മുകളിൽ വരുന്ന തുക ഇത്രയും നാൾ വിതരണം ചെയ്യാതിരുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. പ്രസ്തുത പ്രശ്‍നം ഉടൻ പരിഹരിക്കുന്നതിന് വകുപ്പ് തലത്തിൽ ഇടപെട്ടില്ലെങ്കിൽ സംഘടന സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു.   
കൺവൻഷൻ സി.പി.ഐ. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡണ്ട് എൻ.ശ്രീകുമാർ, ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ. സുധാകരൻ, സെക്രട്ടേറിയറ്റ് അംഗം ടി.ഭാരതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജീവൻ പുതിയേടത്ത്, അനോജ് എസ്.എസ്., സ്റ്റാൻലി, ജില്ലാ വനിതാ കൺവീനർ എൻ.പി.ഗീതാഭായ് എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും ചേർന്ന് പുതിയ അംഗങ്ങളെ സ്വീകരിച്ചു. ടി.എസ്. ശ്രീജിത്ത്, മുഹമ്മദ് നിവാസ് ടി., എൻ.വി.കരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ 22 അധ്യാപകർ പുതുതായി എ.കെ.എസ് .ടി.യു. വിന്റെ ഭാഗമായി. ജില്ലാ സെക്രട്ടറി കെ.സജിത്ത് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എ.കെ.എസ്.ടി.യു. മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന വി. ദിനേശ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഷാനവാസ് ഖാൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് കെ.വൈ.ജോർജ് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *