നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനറുതി;മഠംകുന്ന് കോളനിയില്‍ ആഹ്ലാദത്തിന്റെ പുതുവെളിച്ചമെത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി
കല്‍പ്പറ്റ: നാല്‍പ്പത് വര്‍ഷത്തിലധികമായി വൈദ്യുതി ഉള്‍പ്പടെയുള്ള അടിസ്ഥാനാവശ്യങ്ങളില്ലാതെ ദുരിതങ്ങളുടെ കുന്നിന്‍മുകളില്‍ ജീവിതം തള്ളി നീക്കുന്ന നാല്‍പതോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ വൈദ്യുതിയെത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഇടപെടല്‍ ശ്രദ്ധേയമായി. വൈദ്യുതിയുടെ പുതുവെളിച്ചമെത്തിയപ്പോള്‍ മുട്ടില്‍ പഞ്ചായത്ത് മഠംകുന്ന് കോളനി വാസികള്‍ക്ക് വിശ്വസിക്കാനായില്ല. അദ്ഭുതത്തോടെയായിരുന്നു അവര്‍ പുതുവെളിച്ചത്തെ വരവേറ്റത്.
കണ്ണന്റെ വീട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് ജില്ല പ്രസിഡന്റ് വി മുഹമ്മദ് ഷരീഫ് വൈദ്യുതിവെട്ടം തെളിയിച്ച് ഉദ്ഘാടനം ചെയ്തപ്പോള്‍ ഉത്സവ പ്രതീതിയിലായിരുന്നു അവര്‍. ആടിയും പാടിയും ആഹ്ലാദം പങ്കുവെച്ചു. കണ്ണന്റെ അമ്മ എഴുപതുവയസ്സുകാരി വെളിച്ചിയുടെ കണ്ണുനിറഞ്ഞു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരാണ് മൂന്ന് വീടുകള്‍ സൗജന്യമായി വയറിംഗ് ജോലികള്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ ബാവ പവര്‍വേള്‍ഡ്, വൈസ് ക്യാപ്റ്റനും ഇലക്ട്രിക്കല്‍ എഞ്ചിനീയറുമായ കെ.സി യൂസുഫ്, പി.കെ അള്‍റഫ്, മുനീര്‍, യൂസുഫ് കമ്പളത്ത് എന്നിവരാണ് വയറിംഗ് നിര്‍വഹിച്ചത്.
വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് ജില്ല ജനറല്‍ സെക്രട്ടറി പി.എച്ച് ഫൈസല്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഇബ്രാഹിം അമ്പലവയല്‍, മണ്ഡലം വൈസ് പ്രസിഡന്റ് മണി നാരായണന്‍, തിരുവമ്പാടി മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ് എന്നിവര്‍ സംസാരിച്ചു. സക്കീര്‍ ഹുസൈന്‍, സാദിഖ് അലി, അച്ച്യൂതന്‍ എന്നിവര്‍ സംബന്ധിച്ചു.
2021 ഡിസംബറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാക്കളുടെയും, കൊടിയത്തൂര്‍ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കോളനി സന്ദര്‍ശിച്ച് ഏതാനും കുടിലുകള്‍ സൗജന്യമായി വയറിംഗ് വര്‍കുകള്‍ പൂര്‍ത്തീകരിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും ഓരോരോ തടസ്സവാദങ്ങള്‍ പറഞ്ഞ് കണക്ഷന്‍ ലഭിക്കാന്‍ കാലതാമസമുണ്ടായെങ്കിലും ഒടുവില്‍ എല്ലാ കടമ്പകളും പൂര്‍ത്തീകരിച്ച് കണക്ഷന്‍ ലഭ്യമാക്കുകയായിരുന്നു.
ഏത് സമയവും പൊളിഞ്ഞു വീഴാറായ പ്ലാസ്റ്റിക്ക് ഷെഡ്ഡുകളില്‍ പണിയ വിഭാഗക്കാരായ 33 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 22 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഈ കോളനിയിലുണ്ട്. വൈദ്യൂതിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിനുള്‍പ്പടെ മാര്‍ഗമില്ലാതെ പ്രയാസപ്പെടുകയായിരുന്നു ഇവര്‍. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ശൗചാലയങ്ങളോ കുടിവെള്ള സംവിധാനമോ ഇല്ല. കാരപ്പുഴ ഡാമിലെ വെള്ളമാണ് കുടിവെള്ളത്തിന് ഉപയോഗിക്കുന്നത്. പതിറ്റാണ്ടുകളായി മഠംകുന്ന് നിവാസികള്‍ ദുരിതത്തിലാണ്. കുടില്‍കെട്ടി താമസിക്കുന്ന ഇവരുടെ ഭൂമിയുടെ കൈവശ രേഖ ഇതുവരെ നല്‍കിയിട്ടില്ല.






Leave a Reply