സമഗ്ര ക്യാന്‍സര്‍ നിയന്ത്രണം മീനങ്ങാടിയില്‍ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു
മീനങ്ങാടി :സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ മീനങ്ങാടി ഗ്രാമപഞ്ചായ ത്തില്‍ നടത്തി വരുന്ന സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ അവസാന ഘട്ടമായ മെഗാ ക്യാമ്പ് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ലോക ക്യാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ക്യാമ്പിലൂടെ 130 ഓളം വളണ്ടിയര്‍മാര്‍ പഞ്ചായത്തിലെ 8200 വീടുകളി ലെത്തി 34000 ഓളം പേര്‍ക്ക് ക്യാന്‍സര്‍ ബോധവല്‍കരണം നല്‍കി. ക്യാന്‍സര്‍ സാധ്യത ലക്ഷണമുള്ളവരെ കണ്ടെത്തുകയും ഗ്രാമതല ഫില്‍റ്റര്‍ ക്യാമ്പിലൂടെ എം.സി.സി.എസ് ന്റെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഇവരെ പരിശോധിക്കുകയും ചെയ്തു. വിവിധ പരിശോധനകള്‍ക്കായി തെരഞ്ഞെടു ക്കപ്പെട്ട നൂറോളം പേര്‍ക്ക് അത്യാധുനിക സൗകര്യങ്ങളടങ്ങിയ സഞ്ചരിക്കുന്ന ആശുപത്രിയായ സഞ്ചീവനി ടെലി-ഓങ്കോളജി യൂണിറ്റിന്റെ സേവനവും ലഭ്യമാക്കി.
വായയിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സര്‍, വന്‍കുടല്‍-മലാശയ ക്യാന്‍സര്‍ തുടങ്ങീ കൂടുതലായി കണ്ടുവരുന്ന ക്യാന്‍സറുകളെല്ലാം പ്രാഥമിക ഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുന്ന അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഡിജിറ്റല്‍ മാമോഗ്രാം, ഗര്‍ഭാശയ-ഗള പരിശോധന, എഫ്.എന്‍.എ.സി. ടെസ്റ്റ്, ലാബ് ടെസ്റ്റ്, വീഡിയോ കോണ്‍ഫറന്‍സിംങ് സംവിധാനം തുടങ്ങിയവയെല്ലാം ഉപയോഗപ്പെടുത്തിയാണ് ക്യാമ്പില്‍ പരിശോധന നടത്തിയത്. ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് മലബാര്‍ ക്യാന്‍സര്‍ സെന്ററിലോ കോഴിക്കോട് മെഡിക്കല്‍ കോളജിലോ ചികിത്സിക്കുന്നതിനുളള മാര്‍ഗ്ഗ നിര്‍ദേശങ്ങളും നല്‍കി.
മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.കുഞ്ഞിക്കണ്ണന്‍, മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.വി.സി.രവീന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ഹര്‍ഷ ഗംഗാധരന്‍, ഡോ.ടി.ആര്‍.ദീപ്തി, റേഡിയോളജിസ്റ്റ് ഡോ.കെവിന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.'






Leave a Reply