May 28, 2026

കാട്ടു പന്നികൾ ഉള്ള ഹോട്ട്സ്പോട്ട് വില്ലേജുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് സമർപ്പിച്ചു ; വനം വകുപ്പ് മന്ത്രി

0
IMG_20220212_063736.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം : 
 സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന കാട്ടുപന്നി ശല്യം സംബന്ധിച്ച പ്രശ്‌നത്തില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം 'ഹോട്ട് സ്‌പോട്ട്' ആയി കണക്കാക്കാവുന്ന വില്ലേജുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് സമര്‍പ്പിച്ചു. നേരത്തെ കൂടുതല്‍ വില്ലേജുകളുടെ ലിസ്റ്റ് സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ 406 വില്ലേജുകളാണ് 'ഹോട്ട്‌സ്‌പോട്ട്' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് 
വനം വകുപ്പ് മന്ത്രി 
എ. കെ. ശശീന്ദ്രൻ പറഞ്ഞു.
വീണ്ടും ഈ പ്രശ്‌നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി സമ്മര്‍ദ്ദം ചെലുത്തുന്നതിനായി സംസ്ഥാനത്ത് നിന്നുള്ള എം.പിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്. 
കൃഷിയും കാര്‍ഷിക വിളകളും നശിപ്പിക്കുകയും കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയും ചെയ്യുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് തന്നെ സാധിക്കുന്ന വിധത്തില്‍ കാട്ടുപന്നികളെ വന്യമൃഗ സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി  പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വനം മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ പല തവണ കത്തയക്കുകയും കഴിഞ്ഞ നവംബറില്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയെ നേരില്‍ കണ്ട് ഈ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. 
നേരത്തെ ഈ പ്രശ്‌നം ഉള്ള എല്ലാ വില്ലേജുകളുടെയും ലിസ്റ്റ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം 'ഹോട്ട് സ്‌പോട്ട്' ആയ വില്ലേജുകളുടെ ലിസ്റ്റ് ആണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന് അയച്ചിട്ടുള്ളത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വിഷയത്തില്‍ തുടര്‍ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇടപെടണമെന്ന് എം.പിമാരോട് ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *