ജില്ലയുടെ മധ്യഭാഗമായിട്ടും പനമരത്ത് ഫയർ സ്റ്റേഷൻ ഇല്ലാത്തത് അപലപനീയം: പനമരം പൗരസമിതി
പനമരം : ജില്ലയുടെ മധ്യഭാഗമായിട്ടും പനമരത്ത് ഫയർ സ്റ്റേഷൻ ഇല്ലാത്തത് അപലപനീയമാണെന്ന് പനമരം പൗരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. വിവിധ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാമെന്നതാണ് ഇവിടെ അഗ്നി രക്ഷ സേനയുണ്ടെങ്കിലുള്ള നേട്ടം.
പനമരത്തിന് അടുത്ത പ്രദേശങ്ങളായ കണിയാമ്പറ്റ , പൂതാടി, പുൽപ്പള്ളി, കോട്ടത്തറ, മീനങ്ങാടി , മുട്ടിൽ എന്നിവിടങ്ങളിൽ ഏതെങ്കിലും തരത്തിൽ ദുരന്തം ഉണ്ടാവുമ്പോൾ ബത്തേരി, മാനന്തവാടി, കൽപ്പറ്റ യൂണിറ്റുകളിൽ നിന്നാണ് ജീവൻ രക്ഷാ സേന എത്തുന്നത്. കൃത്യ സമയത്തിന് എത്താൻ കഴിയാത്തത് ഇവിടെ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്രളയത്തിൽ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്നവരെ മാറ്റി പാർപ്പിക്കുന്നതിന് ഫൈബർ ബോട്ടിന്റെ സേവനം ഇല്ലാത്തത് പനമരത്ത് പലതവണ പ്രശ്നമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം വരദൂർ പുഴയിൽ യുവാവ് അകപ്പെട്ടപ്പോൾ കൽപ്പറ്റയിൽ നിന്നുമാണ് ഫയർഫോഴ്സ് എത്തിയത്. അര മണിക്കൂറിലേറെ നാട്ടുകാരും മീനങ്ങാടി പോലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലായിരുന്നു ജിഷ്ണുവിനെ പുറത്തെടുത്തത്. ഇത്തരം അടിയന്തിര സാഹചര്യത്തിൽ പോലും അഗ്നിരക്ഷാ സേനയ്ക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. ഈ രീതിയിലുള്ള ദുരന്തങ്ങൾ പനമരം മേഖലയിൽ പല തവണയുണ്ടായതാണ്. ജില്ലയിൽ താലൂക്ക് ആസ്ഥാനങ്ങളിലാണ് അഗ്നി രക്ഷസേനയുള്ളത്. മധ്യഭാഗ ടൗണെന്ന പരിഗണനയിൽ പനമരവും പരിഗണിക്കപ്പെടാവുന്നതാണ്.
പത്ര സമ്മേളനത്തിൽ പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ , കൺവീനർ റസാക്ക് സി. പച്ചിലക്കാട്, ട്രഷറർ വി.ബി രാജൻ, ടി.ഖാലിദ് എന്നിവർ പങ്കെടുത്തു.
Leave a Reply