ബത്തേരി അതിദാരിദ്ര വിമുക്ത നഗരസഭ
ബത്തേരി നഗരസഭയെഅതിദാരിദ്ര വിമുക്ത നഗരസഭയായിപ്രഖ്യാപിച്ചു. നഗരസഭാ ഹാളില്‍ നടന്ന പ്രഖ്യാപനചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി. കെ. രമേശ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി പൗലോസ് സ്വാഗതം ആശംസിച്ചു.
നഗരസഭ പരിധിയില്‍ ആകെ 124 അതിദാരിദ്ര കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ മരണപ്പെട്ടവരെ ഒഴിവാക്കി നിലവില്‍ 92 ഗുണഭോക്താക്കള്‍ മാത്രമാണ് ഉള്ളത്. ഇവരില്‍ 9 ഗുണഭോക്താക്കള്‍ക്ക് നഗരസഭ വീടുകള്‍ നല്‍കി, 16 ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ നവീകരണ സഹായം ലഭ്യമാക്കി.
ഭവനരഹിതരും ഭൂമിയില്ലാത്തവരുമായവര്‍ക്ക് നഗരസഭ സ്ഥലം കണ്ടെത്തി വീടും സ്ഥലവും നല്‍കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. വീടുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.
ഇതിനുപുറമേ, 65 ഗുണഭോക്താക്കള്‍ക്ക് സ്ഥിരമായി ഭക്ഷണ കിറ്റുകള്‍ നല്‍കുകയും വസ്ത്രം, കിടക്ക, കമ്പിളി, ഗ്യാസ് കണക്ഷന്‍, വാക്കിംഗ് സ്റ്റിക്ക്, ബ്ലൈന്‍ഡ് സ്റ്റിക്ക്, മരുന്നുകള്‍, ഓണക്കിറ്റുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നഗരസഭ ഇതിനകം തന്നെ വിതരണം ചെയ്തിട്ടുണ്ട്.
ഒരു കോടി രൂപയില്‍ അധികം തുകയാണ് ഇതുവരെ പദ്ധതികളായി വിനിയോഗിച്ചിട്ടുള്ളത്. അതിദാരിദ്ര വിമുക്തി ലക്ഷ്യമാക്കി നഗരസഭ രൂപപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ മികച്ച മാതൃകയായി മാറിയിട്ടുണ്ട്.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ. റഷീദ്, ഷാമില ജുനൈസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി സൈനുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നോഡല്‍ ഓഫീസര്‍ അനൂപ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സജു പി. എബ്രഹാം, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുപ്രിയ അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
നഗരസഭ പരിധിയിലെ അതിദാരിദ്ര ലിസ്റ്റിലുള്ള ഗുണഭോക്താക്കള്‍, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലിജി ജോണ്‍സണ്‍ നന്ദി അറിയിച്ചു.





Leave a Reply