ഓരോ കലോത്സവവും നവ്യാനുഭവം: കാൽനൂറ്റാണ്ടിന്റെ പരിചയവുമായി നൃത്താധ്യാപകൻ ടോമി
ഓരോ കലോത്സവവും നവ്യാനുഭവം: കാൽനൂറ്റാണ്ടിന്റെ പരിചയവുമായി നൃത്താധ്യാപകൻ ടോമി
ജിൻസ് തോട്ടും കര, ആര്യ ഉണ്ണി
വടുവൻചാൽ: ജില്ലാ സ്കൂൾ കലോൽസവത്തിൽ കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി നാടോടി നൃത്തത്തിൽ നിറസാന്നിധ്യമാണ് നൃത്ത അധ്യാപകൻ ടോമിയും ശിഷ്യൻമാരും. പാടിച്ചിറ സ്വദേശി പാറയ്ക്കൽ ടോമി നൃത്താദ്ധ്യാപകനായിട്ട് ഇരുപത്തഞ്ച് വർഷം കഴിഞ്ഞു. സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടോമി നൃത്തം പഠിക്കുന്നത്. അക്കാലത്തെ സംസ്ഥാന ജില്ലാ സ്കൂൾ യുവജനോത്സവങ്ങളിൽ ടോമി നിറസാന്നിധ്യമായിരുന്നു.എന്നാൽ ഇപ്പോൾ നൃത്താധ്യാപകനായിട്ടാണ് കലോൽസവ വേദിയിലെത്തിയിരിക്കുന്നത്. ഇതിനോടകം നിരവധി കുട്ടികളെ സംസ്ഥാന ജില്ല സ്കൂൾ കലോൽസവങ്ങളിലെത്തിച്ചിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സൗജന്യമായിട്ടാണ് ടോമി നൃത്തം പഠിപ്പിക്കുന്നത്. പത്താം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള ടോമിയുടെ പ്രധാന ജീവിത മാർഗം ഈ നൃത്തം പഠിപ്പിക്കൽ തന്നെയാണ്. ഇക്കുറി അമ്പലവയൽ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പന്ത്രണ്ടാം തരം വിദ്യാർത്ഥി പി.ആർ. അരുണിനെ നാടോടി നൃത്തത്തിൽ പങ്കെടുപ്പിച്ചു കൊണ്ടാണ് എത്തിയത്. നിർധന കുടുംബത്തിൽപ്പെട്ട അരുണിനെ പ്രതിഫലമൊന്നും വാങ്ങാതെയാണ് ടോമി നൃത്തം പഠിപ്പിച്ചതും എബി അഗസ്റ്റ്യൻ ചമയങ്ങളൊരുക്കിയതും. എന്നാൽ അരുണിന് എ ഗ്രേഡ് ലഭിച്ചുവെങ്കിലും നേരിയ പോയന്റ് വ്യത്യാസത്തിന് സംസ്ഥാന തലത്തിലേക്കുള്ള യോഗ്യത നഷ്ടമാവുകയായിരുന്നു.
കലോൽസവ നടത്തിപ്പിലെ ക്രമക്കേടുകളോട് പൊരുത്തക്കേടുണ്ടെങ്കിലും ആരോടും പരിഭവമില്ലെന്നും ടോമി പറയുന്നു. തിരശീലയ്ക്ക് പിന്നിൽ കലയെ ജീവിതമാക്കിയ നിരവധി ആളുകളുണ്ട്. എന്നാൽ നടത്തിപ്പിലെ ചില ക്രമക്കേടുകൾ വാർത്തകളിൽ നിറയുമ്പോൾ ഇത്തരക്കാർക്ക് വലിയ മനോവ്യഥയുണ്ടാകുമെന്നും അത് എല്ലാവരും മനസിലാക്കണമെന്നും പറയുന്നു. കഴിവുള്ള നിർധന വിദ്യാർത്ഥികളെ നൃത്തം പഠിപ്പിക്കുന്നതിനും ചമയങ്ങളൊരുക്കുന്നതിനും സുഹൃത്തുക്കളായ പാടിച്ചിറ സ്വദേശി ജോൺസൺ വർഗ്ഗീസും, പുൽപ്പള്ളി സ്വദേശി എബിയും കൂടെയുണ്ട്. ഓരോ കലോൽസവവും പുതു അനുഭവമായതുകൊണ്ട് പരാജയത്തിൽ പരിഭവമില്ലെന്നും പുതിയ ശിഷ്യൻമാരുമായിട്ട് വീണ്ടുമെത്തുമെന്നും ടോമി പറഞ്ഞു.





Leave a Reply