ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ചത് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സാമൂഹ്യ പ്രവർത്തകർ
കൽപ്പറ്റ: നെന്മേനി പഞ്ചായത്തിലെ മണ്ടേക്കര പണിയ കോളനിയിലെ നാരായണന്റെ മകൻ അനിൽ ( 20 ) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ഊര് എജുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളന ത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബർ നാലിന് കാണാതായ അനിലിനെ ആറാം തിയതിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ 200 മീറ്റർ അകലെ കപ്പ തോട്ടത്തിൽ ഷോക്കേറ്റാണ് മരിച്ചു വീണത്. പ്രദേശവാസിയായ ഗീവർഗ്ഗീസ് എന്നയാളുടെ പുരയിടത്തോട് ചേർന്നാണ് ഈ കൃഷിസ്ഥലം. കുുറുമ സമുദായക്കാരനായ വാഴക്കണ്ടി കുറുമ കോളനിയിലെ അച്ചുതനാണ് ഈ ഭൂമി പാട്ടത്തിനെടുത്ത് കപ്പ കൃഷി നടത്തുന്നത്. ഇതിന് ചുറ്റും അനധികൃതമായി വൈദ്യുതി കമ്പിവേലി നിർമ്മിച്ചതാണ് അപകടത്തിന് കാരണമായത് എന്ന് ഇവർ പറഞ്ഞു. അനിലിന്റെ മരണത്തിൽ അച്ചുതനെതിരെ പൊലീസ് കേസ് എടുത്തെങ്കിലും മറ്റാരേയും പ്രതിയാക്കിയിട്ടില്ല. ഗീവർഗീസിന്റെ സഹോദരൻ ജോണിയുടെ കിണറ്റിൽ സ്ഥാപിച്ച മോട്ടോറിൽ നിന്നാണ് വൈദ്യുതി കണക്ഷൻ എടുത്തത്.
ഇത്തരത്തിലൊരു മരണം നടന്നിട്ടും പട്ടിക വർഗ്ഗ വകുപ്പിൽ നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന് ഇവർ പറഞ്ഞു. കെ.അമ്മിണി ,ശ്രീജ, മല്ലിക, ബീന എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.






Leave a Reply