അഗ്നി ദുരന്തങ്ങളില്‍ പുതിയ പ്രതിരോധം കരുത്ത് തെളിയിച്ച് മോക്ക് ഡ്രില്‍
കൽപ്പറ്റ:
ആളിക്കത്തുന്ന ദുരന്തങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ വാട്ടര്‍ മിസ്റ്റ് ഫയര്‍ ടെണ്ടര്‍. നാല്‍പ്പത് ടണ്‍ വരെ ഭാരമുള്ള വാഹനത്തെ നിഷ്പ്രയാസം ഉയര്‍ത്താന്‍ കഴിയുന്ന ന്യുമാറ്റിക് ബാഗ്, ഉയര്‍ന്ന കെട്ടിടത്തില്‍ നിന്നും ആളുകളെ താഴെത്തെത്തിക്കാന്‍ കഴിയുന്ന സ്ട്രക്ചര്‍ നോട്ട്. മാറുന്ന കാലത്തിനനുസരിച്ച് ഏത് ദുരന്തങ്ങളിലും ലഘൂകരണത്തിനായി ഒരുങ്ങിയ അഗ്നിരക്ഷാ സേനയുടെ മോക്ക് ഡ്രില്‍ കളക്‌ട്രേറ്റില്‍ നടന്നു. അന്തര്‍ദേശീയ ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും വൈത്തിരി താലൂക്ക് ഓഫീസും കല്‍പ്പറ്റ എസ.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
വാട്ടര്‍ മിസ്റ്റ് ഫയര്‍ ടെണ്ടര്‍ ജില്ലയിലെ അഗ്നിരക്ഷാ സേനയ്ക്ക് പുതിയൊരു ആയുധമാണ്. അഗ്നി വ്യാപന ദുരന്തത്തില്‍ കരുത്താര്‍ന്ന പ്രതിരോധമാണ് ഈ സംവിധാനം. പതിനഞ്ച് മീറ്റര്‍ ഉയരത്തിലും പത്ത് മീറ്റര്‍ നീളത്തിലും അതിശക്തമായി ഗണ്ണില്‍ നിന്നും വെളളം മിസ്റ്റ് രൂപത്തില്‍ ഇതിന് ചീറ്റാന്‍ കഴിയും. അഗ്നിയെ ശമിക്കുന്നതോടെ#ാപ്പം ഫയര്‍മാന്‍മാര്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കാനും ഫയര്‍ ടെണ്ടര്‍ യന്ത്രം വഴി കഴിയും.500 മുതല്‍ 3000 ലിറ്റര്‍ വെള്ളം സംഭരണ ശേഷിയും ഇടുങ്ങിയ പാതയിലൂടെ കുതിച്ചുപായാന്‍ ശേഷിയുമുള്ള വാഹനം നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ ഉപയോഗപ്പെടുത്താന്‍ കഴിയും. വെള്ളവും അഗ്നി പ്രതിരോധ വാതകവും ചേര്‍ന്ന മിശ്രിതമാണ് ഇതില്‍ തീകെടുത്തുന്നതിനായി സജ്ജീകരിച്ചിരിക്കുന്നത്. മുമ്പെത്തേതില്‍ നിന്നും വ്യത്യസ്തമായി വെള്ളം വലിയ കുഴലിലൂടെ ചീറ്റുമ്പോഴുണ്ടാകുന്ന ആഘാതങ്ങളും നാശനഷ്ടങ്ങളും വാട്ടര്‍ മിസ്റ്റ് ടെണ്ടര്‍ സംവിധാനത്തിന് ഒഴിവാക്കാന്‍ കഴിയും. അരമണിക്കൂറോളം തുടര്‍ച്ചയായി അഗ്നി ശമനത്തിലേര്‍പ്പെടാനും കഴിയും. ജില്ലയില്‍ മൂന്ന് വാട്ടര്‍ മിസ്റ്റ് ടെണ്ടര്‍ വാഹനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ബത്തേരിയില്‍ 3000 ലിറ്റര്‍ സംഭരണശേഷിയുള്ളതും ബാക്കിയുള്ളവ 450 ലിറ്റര്‍ സംഭരണശേഷിയുളളതുമാണ്.
ആഴക്കയങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന സ്‌കൂബ ഡൈവിങ്ങ് സെറ്റുകള്‍, വാതക ചോര്‍ച്ചാ ദുരന്തങ്ങളെ നേരിടാനുള്ള സംവിധാനങ്ങള്‍, വിവിധ മേഖലകളിലുണ്ടാകുന്ന ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള വിപുലമായ സംവിധാനങ്ങളാണ് അഗ്നി രക്ഷാ സേനയ്ക്കുള്ളത്. ഇവയെല്ലാം മോക്ക് ഡ്രില്ലില്‍ വിശദീകരിച്ചു. മോക്ക് ഡ്രില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.എം.രാജു, വൈത്തിരി തഹസില്‍ദാര്‍ ശങ്കരന്‍ നമ്പൂതിരി, അഗ്നിരക്ഷാ സേന ഡിവിഷന്‍ ഓഫീസര്‍ വി.കെ. ഋത്വിജ്, പി.വി.വിശ്വാസ്, ഇ.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റ ഫയര്‍ സ്റ്റേഷനിലെ പതിനഞ്ചോളം ഫയര്‍മാന്‍മാരും എന്‍.എസ്.എസ് വളണ്ടിയര്‍മാരും കളക്‌ട്രേറ്റ് ജീവനക്കാരും മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു.






Leave a Reply