April 24, 2024

മുസ്്‌ലിം ലീഗ് ഓഫീസുകള്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍: കെ.പി.എ മജീദ്

0
കല്‍പ്പറ്റ: മറ്റ് പാര്‍ട്ടി ഓഫീസുകള്‍ ആയുധപ്പുരകളും ക്രിമിനലുകളെ ഒളിപ്പിക്കാനുള്ള സ്ഥലങ്ങളുമാവുമ്പോള്‍ മുസ്്‌ലിം ലീഗിന്റെ ഓഫീസുകള്‍ സാംസ്‌കാരിക കേന്ദ്രങ്ങളായാണ് പൊതുജനങ്ങള്‍ക്ക് അനുഭവപ്പെടുന്നതെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് ഓഫീസ് കെട്ടിടോദ്ഘാടത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് മതത്തിലും രാഷ്ട്രീയ്ത്തിലും വിശ്വസിക്കുന്നവര്‍ക്കും ധൈര്യത്തോടെ കയറിച്ചെല്ലാവുന്ന ഇടമാണ് ലീഗിന്റെ പാര്‍ട്ടി ഓഫീസുകള്‍. പാവപ്പെട്ടവരുടെയും നിരാശ്രയരുടെയും അത്താണിയാണവിടം. ലോകം വാഴ്ത്തിയ ബൈത്തുറഹ്്മ ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ആലോചനകള്‍ മുതല്‍ നടപ്പിലാക്കല്‍ വരെ ഇത്തരം പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും ഏത് സമയവും ആശ്രയിക്കാവുന്ന ഇടങ്ങളാണെന്ന് പാര്‍ട്ടി ഓഫീസുകളെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക ജില്ലയായ വയനാടിനോട് സര്‍ക്കാരുകള്‍ക്ക് ചിറ്റമ്മ നയമാണ്. വയനാട് ചുരം വിഷയത്തില്‍ രണ്ട് എം.എല്‍.എമാരുണ്ടായിട്ടും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പോലും ഇടതു എം.എല്‍.എമാര്‍ക്കാവുന്നില്ല. മന്ത്രിമാര്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ നാടിന്റെ വികസനത്തെ ഇല്ലാതാക്കുകയാണ്. 2011ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആറ് മാസത്തിനുള്ളില്‍ ചുരം റോഡിന്റെ പ്രവൃത്തി തുടങ്ങുകയും രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇന്ന് ഈ റോഡ് താറുമാറായി കിടക്കുകയാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ യാത്രക്കായി ഉപയോഗിക്കുന്ന ഈ റോഡ് സമയബന്ധിതമായി അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. വിദ്യാഭ്യാസരംഗത്ത് കാവിവല്‍ക്കരണത്തിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ തന്നെ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന തരത്തില്‍ പീസ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തത് സംശയാസ്പദമാണ്. സ്വാതന്ത്ര ദിനത്തില്‍ പാലക്കാട്ടെ സ്‌കൂളില്‍ ദേശീയപതാകയുയര്‍ത്തിയ ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭഗവതിനെതിരെ നടപടിയെടുക്കാതിരിക്കുകയും വിഷയത്തില്‍ കൃത്യമായ നിലപാടെടുത്ത ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയും ചെയ്തത് ഈ സര്‍ക്കാരാണ്. നിയമസഭയില്‍ ചോദ്യങ്ങളുയര്‍ന്നിട്ടുപോലും സംഭവത്തില്‍ മോഹന്‍ഭാഗവതിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ പ്രത്യേക ഉത്തരവിറക്കുകയും ആര്‍.എസ്.എസ് കായിക പരിശീലനത്തിന് സ്‌കൂളുകള്‍ അനുവദിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്. ഗുജറാത്തില്‍ കണ്ടത്് പോലെ വര്‍ഗീയശക്തികള്‍ക്കെതിരെ മുഴുവന്‍ മതേതര വിശ്വാസികളുടെയും ഐക്യമാണ് രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് പി. ബീരാന്‍ കോയ അധ്യക്ഷത വഹിച്ചു. എ.കെ മുസ്തഫ തിരൂരങ്ങാടി, സിദ്ദീഖലി രാങ്ങാട്ടൂര്‍, ജില്ലാ ലീഗ് പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍, സെക്രട്ടറി സി.മൊയ്തീന്‍കുട്ടി, മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, സെക്രട്ടറി ടി.ഹംസ, എം.പി നവാസ്, പയന്തോത്ത് മൂസ ഹാജി, പി. ആലി ഹാജി, കെ.എംതൊടി മുജീബ്, എ.പി ഹമീദ്, അബു ഗൂഡലായി, പി.പി മുഹമ്മദ് മാസ്റ്റര്‍, കെ.പി അബ്ദുറഹ്്മാന്‍, അസീസ് അമ്പിലേരി, സി.കെ നാസര്‍, അനസ് തന്നാണി സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ.പി മുസ്തഫ സ്വാഗതവും കെ. കുഞ്ഞബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *