April 20, 2026

വിടവാങ്ങിയത് വെള്ളമുണ്ടയുടെ സ്വന്തം മാധവേട്ടനെ: വയനാടിന് നഷ്ടമായത് ആദർശധീരനായ സോഷ്യലിസ്റ്റിനെ

0
IMG-20180115-WA0011-1
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട്ടിലെ മുതിര്‍ന്ന ജനതാദള്‍ നേതാവും വെള്ളമുണ്ട പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ തരുവണ നടക്കൽ  ഇ.കെ.മാധവന്‍ നായര്‍(87) നിര്യാതനായി. വാർധക്യ സഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മാനന്തവാടിയിലെ  സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളമുണ്ടയുടെ സ്വന്തം മാധവേട്ടനെയാണ് നാട്ടുകാർക്കും സ്വന്തക്കാർക്കും നഷ്ടമായത്. ഒപ്പം  നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ആദർശ ധീരനായ സോഷ്യലിസ്റ്റിനെ വയ നാട്ടുകാർക്കും നഷ്ടമായി.
     കരിങ്ങാരി യു.പി.സ്‌കൂള്‍, വെള്ളമുണ്ട എ.യു.പി.സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായി.അക്കാലത്ത് മദ്രാസ് സര്‍വകലാശാലയുടെ കീഴിലായിരുന്നു പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് 1957 ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി.വെള്ളമുണ്ട പഞ്ചായത്തിലെ ആദ്യത്തെ ബിരുദധാരിയാണ് മാധവേട്ടനെന്ന്  നാട്ടുകാർ വിളിക്കുന്ന മാധവൻ നായർ. 
    
    എറണാകുളം ലോ കോളേജില്‍ നിയമ പഠനത്തിനു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല.പഠനത്തിനു ശേഷം അക്കാലത്ത് എളുപ്പത്തില്‍ ലഭിക്കുമായിരുന്ന സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കാതെ കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിച്ചു.ഇതോടൊപ്പം പൊതു പ്രവര്‍ത്തനത്തിലും സജീവമായി.

കോളേജ് വിദ്യാഭ്യാസ കാലത്തു തന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു.അരങ്ങില്‍ ശ്രീധരന്‍,എം.പി.വിരേന്ദ്രകുമാര്‍, പി.ആര്‍.കുറുപ്പ് തുടങ്ങിയ നേതാക്കളുമായി അക്കാലം മുതല്‍ തന്നെ അടുത്ത വ്യക്തി ബന്ധം പുലര്‍ത്തി.    

ജനതാപാര്‍ട്ടി വയനാട് ജില്ലാ സെക്രട്ടറി, ജനതാദള്‍ വയനാട് ജില്ലാ പ്രസിഡണ്ട്, സംസ്ഥാന കമ്മറ്റി അംഗം  എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.1963 മുതല്‍ 1995 വരെയും 2005 മുതല്‍ 2010 വരെയും 37 വര്‍ഷം വെള്ളമുണ്ട പഞ്ചായത്ത് അംഗം.ഇതില്‍ 1963 മുതല്‍ 1979 വരെ വെസ് പ്രസിഡണ്ടും 1979 മുതല്‍ 1986 വരെ വെള്ളമുണ്ട  പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു.മാനന്തവാടി ബ്ലോക്ക് വികസന സമിതി ചെയര്‍മാനായും കണ്ണൂര്‍ ജില്ലാ വികസന സമിതി അംഗം, വയനാട് ജില്ലാ വികസന സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജീവിതത്തിലുടനീളം സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെ പിടിച്ചു എന്നതാണ് മാധവേട്ടന്റെ മാത്രം പ്രത്യേകത.

.കെ.ടി.അപ്പു നമ്പ്യാരുടെയും എടച്ചന മാതു നെത്യാരുടെയും മകനായി 1931 ജൂലൈ 1 ന് തരുവണയില്‍ ജനിച്ചു. ഇപ്പോള്‍ എടച്ചന തറവാട്ടിലെ മുതിര്‍ന്ന അംഗമായിരുന്നു.. കരിങ്ങാരി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ച മംഗലശേരി പത്മാവതിയാണ് ഭാര്യ.അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറായ ഡോക്ടര്‍ സുനില്‍, ബാംഗ്ലൂരില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യന്ന അനില്‍, വനംവകുപ്പില്‍ അസിസ്റ്റന്റ്  ഫോറസ്റ്റ്  കൺ സര്‍വേറ്ററായ വിമല്‍, മാധ്യമ പ്രവര്‍ത്തകനായ കമല്‍ എന്നിവരാണ് മക്കള്‍.മരുമക്കൾ: പ്രീത ( അമേരിക്ക ) , ലിഷ ( റേഡിയോ മാറ്റൊലി ) 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *