കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയയിലൂടെ കേൾവി ശേഷി തിരിച്ചുകിട്ടിയ കുരുന്നുകളുടെ തുടർ ചികിത്സക്കും സ്പീച്ച് തെറാപ്പിക്കും രക്ഷിതാക്കൾ നെട്ടോട്ടത്തിൽ.
കൽപറ്റ: ലക്ഷങ്ങൾ ചിലവുവരുന്ന കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയയിലൂടെ കേൾവി ശേഷി തിരിച്ചുകിട്ടിയ കുരുന്നുകളുടെ തുടർ ചികിത്സക്കും സ്പീച്ച് തെറാപ്പിക്കും മറ്റുമായി ജില്ലയിലെ രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന തെറാപ്പിക്കും മറ്റുമായി ആഴ്ചയിൽ ഒന്നിലധികം തവണ സ്പീച്ച് തെറാപ്പിക്കായി ചുരമിറങ്ങണം. ഇതിനുള്ള ചിലവും വയനാട്ടിലെ സാധാരണക്കാരായ രക്ഷിതാക്കൾക്ക് താങ്ങാവുന്നതല്ല. ജില്ലയിൽ മാത്രം കോക്ലിയർ ഇംപ്ലാൻറ് കഴിഞ്ഞ 40ഒാളം കുട്ടികൾ സ്പീച്ച് െതറാപ്പിക്കും മറ്റു പരിശോധനങ്ങൾക്കും പരിചരണത്തിനും അനുബന്ധ ഉപകരണങ്ങൾക്കും ഇന്നും ആശ്രയിക്കുന്നത് കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളെയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും ശസ്ത്രക്രിയ കഴിഞ്ഞാൽ പിന്നീട് സ്പീച്ച് തെറാപ്പിയും മറ്റും അവിടെ തന്നെ തുടരണം. ഒാഡിയോ വെർബൽ തെറാപ്പിക്കുള്ള സൗകര്യമോ ഒാഡിയോളജി ലാബോ ജില്ലയിൽ ഇതുവരെ ആരംഭിച്ചിട്ടില്ല. മറ്റു ജില്ലകളിൽ പോയി തെറാപ്പിചെയ്യുന്നതിന് ഭാരിച്ച ചിലവാണ് സാധാരണക്കാരായ കുടുംബങ്ങൾ വഹിക്കേണ്ടിവരുന്നത്.
ആധുനിക ഒാഡിയോളജി ലാബ് വേണം
വയനാട്ടിൽ സർക്കാരിെൻറ കീഴിൽ എല്ലാ സൗകര്യങ്ങളോടെയുമുള്ള ഒാഡിയോളജി ലാബ് ആരംഭിച്ചാൽ ഇതിന് പരിഹാരമാകും. പരിശോധനക്കും സ്പീച്ച് തെറാപ്പിക്കും സൗകര്യമുള്ള ലാബ് സംവിധനമാണ് ഒരുക്കേണ്ടത്. ജില്ലയിൽ ഇതിനെല്ലാം ആവശ്യമായ സൗകര്യങ്ങൾ കേന്ദ്ര^സംസ്ഥാന സർക്കാരിെൻറ ഭാഗത്തുനിന്നും ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് കോക്ലിയർ ഇംപ്ലാൻറീസ് അശോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജില്ല ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ അധികൃതരുടെ മുന്നിലെത്തിച്ച് ജില്ലയിൽ ഈ മേഖലയിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തുന്നതിനായി
കോക്ലിയർ ഇംപ്ലാൻറീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജില്ല കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിക്കുകയാണ്. സർജറിയിലൂടെ ശബ്ദലോകത്തെത്തിയ കുരുന്നുകളുടെയും അവരുടെ കുടുംബത്തിെൻറയും ക്ഷേമവും പരസ്പര സഹകരണവും ലക്ഷ്യമിട്ട് സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് കോക്ലിയർ ഇംപ്ലാൻറീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി. ജില്ലയിൽ കോക്ലിയർ ഇംപ്ലാൻറ് എന്ന സർജറിയിലൂടെ കേൾവി ശക്തി കിട്ടിയ കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും 2017ഏപ്രിലിൽ കോക്ലിയർ ഇംപ്ലാൻറീസ് ഫാമിലി കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. അതിന് തുടർച്ചയായാണ് സംഘടനയുടെ ജില്ല കൂട്ടായ്മ രൂപവത്കരിക്കുന്നത്.
കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയ
നിശബ്ദതയുടെ ലോകത്ത് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്ക് കേൾവി ശേഷി വീണ്ടെടുക്കുന്ന ശസ്ത്രക്രിയയാണ് ക്ലോക്ലിയർ ഇംപ്ലാൻറ്. സംസ്ഥാനത്തിൽ ഇത്തരത്തിൽ ശസ്ത്രക്രിയ കഴിഞ്ഞ കേൾവിശേഷിയും അതിലൂടെ സംസാരശേഷിയും വീണ്ടെടുത്ത രണ്ടായിരത്തിലധികം കുട്ടികളുണ്ട്. സാധാരണ സ്കൂളുകളിൽ പഠിച്ച് ഉന്നത വിജയം നേടിയവരും ഉന്നത വിദ്യാഭ്യാസം നടത്തുന്നവരും വിവാഹ ജീവിതം നയിക്കുന്നവരും ഇവരിലുണ്ട്.
സർജ്ജറിക്കുശേഷവും ഭാരിച്ച ചിലവ്
കോക്ലിയർ ഇംപ്ലാൻറ് ഇന്ന് വളരെയധികം ചിലവ് വരുന്ന ചികിത്സരീതിയാണ്. 5.5 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് കോക്ലിയർ ഇംപ്ലാൻറ് മാർക്കറ്റ് വില. അതിന് പുറമെ സർജ്ജറിയുടെ ചിലവ് കൂടി സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത തുകയാണ്. സർജ്ജറി കഴിഞ്ഞ ഒരുപാട് കുട്ടികൾ ഉപകരണത്തിെൻറ മെയിൻറനൻസ് ചെയ്യാനാകാതെ നിശബ്ദ ലോകത്താണ് ഇപ്പോഴുമുള്ളത്. ലക്ഷങ്ങൾ ചിലവു വരുന്ന സർജ്ജറിക്കുവേണ്ടി സ്വന്തം കിടപ്പാടം വിറ്റവരും സർക്കാരിെൻറ സഹായം സ്വീകരിച്ചവരും സുമനസുകളുടെ കരുണയിൽ സർജ്ജറി നടത്തിയവരും ജില്ലയിലുണ്ട്. ഇവരുടെ തുടർ ചികിത്സക്കും ഉപകരണങ്ങളുടെ നവീകരണത്തും അവയുടെ അനുബന്ധ സാമഗ്രികൾക്കും ഭീമമായ തുക ചിലവഴിക്കേണ്ട അവസ്ഥയിലാണ് രക്ഷിതാക്കൾ. കമ്പനികളുടെ ചൂഷണവും (മെഷീൻ അപ്ഗ്രേഡേഷനും സ്പെയർപാർട്സിെൻറ അടിക്കടിയുള്ള വിലവർധനയും) ജി.എസ്.ടിയും രക്ഷിതാക്കളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. വയനാട് പോലുള്ള പിന്നാക്ക ജില്ലയിലെ സാധാരണക്കാരയ രക്ഷിതാക്കൾ ഇതുമൂലം വല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ആദിവാസികൾ ഉൾപെടെയുള്ള പിന്നാക്ക ജില്ലയായ വയനാട്ടിൽ സർക്കാരിെൻറ ഇടപെടലിലൂടെ ആവശ്യമായ സൗകര്യങ്ങൾ ഏർപെടുത്തണം. പഞ്ചായത്തുകൾ മുഖേന ഫണ്ട് ലഭ്യമാക്കണം.
സ്പീച്ച് തെറാപ്പി
കോക്ലിയർ ഇംപ്ലാൻറ് കഴിഞ്ഞാലും കേൾക്കുന്ന ശബ്ദങ്ങൾ തിരിച്ചറിയാനും സംസാരഭാഷണ രൂപ്പെടുത്തി എടുക്കാനും നിരന്തരമായ പരിശീലനം ആവശ്യമാണ്. ഇംപ്ലാൻറ് കഴിഞ്ഞ കുട്ടികൾക്ക് ഏകദേശം നാലുവർഷം വരെ സ്പീച്ച് തെറാപ്പി ആവശ്യമായിവരും. തുടർച്ചയായ പരിശ്രമത്തിലൂടെ അവർ സാധാരണപോലെ കേൾക്കുവാനും സംസാരിക്കാനും കഴിവുള്ളവരായി മാറും.
ഇംപ്ലാൻറിെൻറ അനുബന്ധ ഉപകരണങ്ങൾ കിട്ടാനുള്ള കാലതാമസം, പരിചരണത്തിനുവരുന്ന ഭാരിച്ച ചിലവ്, തെറാപ്പിയിലും മറ്റുംവരുന്ന അഭാവം, ഇതെല്ലാമാണ് കൂട്ടായ്മ രൂപവത്കരിക്കാൻ കാരണമായത്. കൂട്ടായ്മയുടെ ഇടപെടലിെൻറ ഫലമായി സർക്കാർ തലത്തിൽ സർജ്ജറി ചെയ്ത കുട്ടികളുടെ ഉപകരണ വാറണ്ടി പിരീഡ് രണ്ടുവർഷം കൂടി നീട്ടി ലഭിച്ചു. സർക്കാർ കാതോരം എന്നീ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. പലസ്ഥലത്തും സ്കൂളുകളിൽ സ്പീച്ച് തെറാപ്പിയും മറ്റും ചെയ്യുന്ന പരിശീലനം ലഭിച്ച അധ്യാപകരുണ്ട്. ജില്ലയിൽ അവർ താരതമ്യേന കുറവാണ്. അവരെ നിയമിക്കാനുള്ള നടപടിയും ഉണ്ടാകണം.






Leave a Reply