August 9, 2026

മാനന്തവാടി മണ്ഡലത്തിന്റെ മുഖം മിനുങ്ങുന്നു മുഖച്ഛായ മാറ്റി പുതിയ റോഡുകള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  മാനന്തവാടി നിയോജക മണ്ഡലത്തിലെ മുഴുവന്‍ റോഡുകളും മാറ്റത്തിന്റെ പാതയില്‍. രണ്ടു വര്‍ഷം മുന്‍പ്  തകര്‍ന്ന് തരിപ്പണമായി കിടന്ന റോഡുകളെല്ലാം മുഖം മിനുക്കി സഞ്ചാര യോഗ്യമാക്കിയിരിക്കുന്നു. മാനന്തവാടി മണ്ഡലത്തിലെ 315 കിലോമീറ്റര്‍  പി.ഡബ്ല്യു.ഡി റോഡുകളും    തകര്‍ന്ന അവസ്ഥയിലായിരുന്നു. . ഒ ആര്‍ കേളു എം എല്‍ എ ആയതിനുശേഷം  നടത്തിയ  ഇടപെടലുകളാണ് റോഡുകളുടെ ശോച്യാവസ്ഥപരിഹരിക്കുന്നതിന് സഹായകരമായത്. തലശ്ശേരി – ബാവലി റോഡില്‍ ജില്ലാ അതിര്‍ത്തിയായ ചന്ദനത്തോട് മുതല്‍ തകര്‍ന്നു കിടക്കുകയായിരുന്നു.  ഈ റോഡ് ബി എം & ബി സി നിലവാരത്തിലേക്ക്് ഉയര്‍ത്തുന്ന പ്രവൃത്തി ഏകദേശം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു
മാനന്തവാടി-പക്രന്തളം റോഡ് കാല്‍നടയാത്രക്ക് പോലും പറ്റാത്ത അവസ്ഥ യിലായിരുന്നു. ഇതില്‍ തരുവണ മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള ഭാഗം ബി എം &  ബി സി നിലവാരത്തിലേക്ക്  മാറ്റുന്നതിനുള്ള പ്രവര്‍ത്തികള്‍ തുടരുകയാണ്. കാഞ്ഞിരങ്ങാട് മുതല്‍ നിരവില്‍പുഴ വരെയുള്ള ഭാഗം 60 ലക്ഷം രൂപ ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കിഫ്ബി ധനസഹായത്താല്‍  ഈ ഭാഗം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 16 കോടി രൂപയുടെ പദ്ധതിക്ക് കിഫ് ബി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. 
  മാനന്തവാടി – കൈതക്കല്‍ റോഡ് ശോചനീയവസ്ഥ പരിഹരിക്കുന്നതിനു താല്‍ക്കാലികമായി അറ്റകുറ്റപണികള്‍ നടത്തി നിലവില്‍ ഗതാഗതയോഗ്യമാക്കിയിരിക്കുകയാണ്. കിഫ്ബി ധനസഹായത്താല്‍ 46 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ആയ സാഹചര്യത്തില്‍ മാനന്തവാടി – കൈതക്കല്‍ റോഡ് ജില്ലയിലെ തന്നെ ഉന്നത നിലവാരത്തിലുള്ള റോഡായി മാറും. 
 മാനന്തവാടി മുന്‍സിപാലിറ്റിയെയും തിരുന്നെല്ലി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചങ്ങല ഗേറ്റ്-കുറുക്കന്‍മൂലറോഡ്  വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയായിരുന്നു. എം എല്‍ എ യുടെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് 57 ലക്ഷം രൂപ മുടക്കി ഈ റോഡും പുനര്‍നിര്‍മ്മിച്ച് കഴിഞ്ഞ ദിവസം ഉദ്ഘാടനവും നടത്തി. വാളാട്-കുഞ്ഞോം-നിരവില്‍പ്പുഴ  റോഡ് തകര്‍ന്ന് ബസ് സര്‍വ്വീസ് പോലും നിലച്ച അവസ്ഥയിലായിരുന്നു. ഈ റോഡും പൂര്‍ണ്ണമായും അറ്റകുറ്റപണികള്‍ നടത്തി  ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. 
മാനന്തവാടി-കല്‍പ്പറ്റ റോഡ് താല്‍ക്കാലിക അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും ഹില്‍ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ  ഈ റോഡിന്റെ മുഖച്ഛായയും മാറും. മാനന്തവാടി-കണ്ടോത്തുവയല്‍ റോഡില്‍ രണ്ടേ നാല് വരേയുള്ള ഭാഗത്തിന്റെ പണിയും പുരോഗമിച്ചു വരുന്നു. രണ്ടേ നാല്‍ മുതല്‍ മൂളിത്തോടു വരെയുള്ള പണികള്‍ പൂര്‍ത്തിയാക്കാന്‍ വീണ്ടും മൂന്നുകോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. കാഞ്ഞിരങ്ങാട് മുതല്‍ പുതുശ്ശേരി വരെ 95 ലക്ഷം രൂപചിലവഴിച്ചുള്ള റോഡിന്റെ പണിയും പുരോഗമിക്കുകയാണ്. തഴെ 54 – പയ്യമ്പള്ളി റോഡ്, കാട്ടിച്ചിറക്കല്‍ ലിങ്ക് റോഡ്, കാട്ടിക്കുളം-പനവല്ലി റോഡ്, മാനന്തവാടി-ചെറുപുഴ റോഡ് എന്നീ  റോഡുകള്‍ കൂടി പൂര്‍ത്തികരിക്കുന്നതോടെ  മണ്ഡലത്തിലെ റോഡുകള്‍ മികവുറ്റവയായി മാറുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്  പി.ഡബ്ല്യൂ.ഡി റോഡുകളെ പാടെ അവഗണിച്ചത് റോഡുകള്‍ തകരാനുള്ള കാരണമായി ജനങ്ങള്‍ തിരഞ്ഞെടുപ്പു കാലത്ത് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. നാഷണല്‍ ഹൈവേ ഇല്ലാത്ത മണ്ഡലമെന്ന നിലയില്‍ മാനന്തവാടിയില്‍ പി.ഡബ്ല്യബ.ഡി റോഡുകള്‍ നിര്‍ണ്ണായകമാണ്. ഈയൊരു സാഹചര്യത്തിലായിരുന്നു മണ്ഡലത്തിലെ മുഴുവന്‍ പി.ഡബ്ല്യബ.ഡി റോഡുകളുടെയും ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ . ഒ.ആര്‍ കേളു  എം.എല്‍.എ ക്രിയാത്മകമായ ഇടപെടല്‍ നടത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ  മികച്ച രീതിയിലുള്ള ഇടപെലും മണ്ഡലത്തിലെ റോഡുകളുടെ മുഖംമിനുക്കലില്‍ നിര്‍ണ്ണായകമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *