കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം വഴി തെറ്റി വനത്തിലെത്തി
കല്‍പ്പറ്റ: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം വഴി തെറ്റി 10 കിലോമീറ്ററോളം സഞ്ചരിച്ച് വനത്തിലെത്തി. ഗുരുതര സുരക്ഷാവീഴ്ച്ച. വയനാട് പ്രസ്സ് ക്ലബ്ബില്‍ ഇന്നലെ നടന്ന മീറ്റ് ദി പ്രസ്സ് പരിപാടിയില്‍ പങ്കെടുത്ത് കുറുവാ ദ്വീപിലെ ജില്ലാ ടൂറിസം വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് വഴിതെറ്റിയത്. 12.30 ഓടെ കല്‍പ്പറ്റയില്‍ നിന്ന് ഇറങ്ങിയ വാഹനം പനമരം കൊയിലേരി പയ്യമ്പള്ളി വഴി പാല്‍വെളിച്ചത്തായിരുന്നു എത്തേണ്ടത്. എന്നാല്‍ വാഹനം പനമരത്തുനിന്ന് പുഞ്ചവയല്‍നീര്‍വാരം വഴി പുല്‍പ്പള്ളി വനത്തിലെത്തി. പനമരത്തുനിന്നുതന്നെ ബിജെപി പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അകമ്പടിപോയ പോലീസ് വാഹനം ഇതൊന്നും കാര്യമാക്കിയില്ല. തുടര്‍ന്ന് അബദ്ധം മനസിലാക്കിയ അകമ്പടി വാഹനം തിരിച്ച് പയ്യമ്പള്ളി പാല്‍വെളിച്ചം വഴി കുറുവാ ദ്വീപിലെത്തുകയായിരുന്നു.
മാവോയിസ്റ്റ് ഭീഷണിയെതുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടിനെ മുന്‍പ് വിന്യസിച്ചിരുന്ന സ്ഥലത്താണ് മന്ത്രിയുടെ വാഹനമെത്തിയത്. അരമണിക്കൂറോളം വൈകിയാണ് കുറുവാ ദ്വീപിലെ പരിപാടി ആരംഭിച്ചത്. നാട്ടുകാരോടുള്ള ക്ഷമാപണത്തില്‍ പോലീസുകാര്‍ വഴി തെറ്റിച്ചതുകൊണ്ടാണ് വൈകിയതെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു.





Leave a Reply