April 19, 2024

അനര്‍ഹര്‍ ധനസഹായം തട്ടിയെടുക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണം : മന്ത്രി

0
01.jpg

അര്‍ഹരായ  മുഴുവന്‍പേര്‍ക്കും സര്‍ക്കാര്‍ സഹായം എത്തിക്കുന്നതിനും അനര്‍ഹരായവര്‍ തട്ടിയെടുക്കുന്നത് തടയുന്നതിനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. ക്യാമ്പുകളുടെ നല്ല രീതിയിലുള്ള തുടര്‍ പ്രവര്‍ത്തനത്തിന് വകുപ്പുകളുടെയും ജനങ്ങളുടെയും കൂട്ടായ്മ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ പ്രളയ ദുരന്തം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് കളക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം കണ്ടെത്തിയാല്‍ നൂറ് ദിവസത്തിനകം വീട് നിര്‍മ്മിച്ചു നല്‍കുമെന്ന്  ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ യോഗത്തില്‍ അറിയിച്ചു.  നിര്‍മ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരിക്കും നിര്‍മ്മാണം.  ജില്ലയില്‍ 545 വീടുകള്‍ തകര്‍ന്നുവെന്നാണ് പ്രാഥമിക കണക്കെടുപ്പില്‍ വ്യക്തമാകുന്നത്.  സുരക്ഷിതമായ വീടുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായി മുന്നിലുണ്ട്.  ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും മുന്‍കൈ ഉണ്ടാകണം.  കണ്ടെത്തുന്ന ഭൂമി വിദഗ്ധ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ച് വാസയോഗ്യമെന്ന് ഉറപ്പുവരുത്തും.  ഭൂമി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഗസ്റ്റ് 19ന് കളക്‌ട്രേറ്റില്‍ യോഗം ചേരാനും തീരുമാനിച്ചു.  പഞ്ചായത്ത്തലത്തില്‍ ലഭ്യമാക്കാവുന്ന ഭൂമിയുടെ വിവരം പ്രസിഡന്റുമാര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശിക്കാം. ജില്ലയില്‍ 100 വീടുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം വാങ്ങി നല്‍കുമെന്ന് മുന്‍ എം.എല്‍.എ. എം.പി.ശ്രേയാംസ്‌കുമാര്‍ യോഗത്തെ അറിയിച്ചു. സ്ഥലം കണ്ടെത്തുന്നതിന് ജനപ്രതിനിധികളുടെ സഹായമുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 
ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ക്ലാസുകള്‍ (ജൂണ്‍ 19) തിങ്കളാഴ്ചയോടെ പുനരാരംഭിക്കാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.  ക്യാമ്പുകളില്‍ നിന്ന് തിരികെ പോകാന്‍ വീടുകള്‍ ഇല്ലാത്തവര്‍ക്ക് താല്‍കാലിക താമസ സൗകര്യം ഒരുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തണം.  രണ്ടോ മൂന്നോ കുടുംബങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ സാധിക്കുന്ന കെട്ടിടമാണ് കണ്ടെത്തുക. 
സര്‍ക്കാര്‍ ധനസഹായം അനുവദിക്കുന്നതിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് പഞ്ചായത്ത്-വില്ലേജ് ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തും.  ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കും.  അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം നേരിട്ട് എത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 
റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിനായി ഒരാഴ്ചക്കകം എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത്, എല്‍.എസ്.ജി.ഡി. ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  യോഗത്തില്‍ എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.കെ.രവിരാമന്‍, ജില്ലാ പൊലീസ് മേധാവി ആര്‍. കറപ്പസാമി, എ.ഡി.എം. കെ.അജീഷ് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *