വയനാട്ടില്‍ കണക്കുകള്‍ തെറ്റിയതിന്റെ നിരാശയില്‍ ബി.ജെ.പി
കല്‍പറ്റ-തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ബി.ജെ.പിയുടെ കണക്കുകൂട്ടല്‍ തെറ്റി.നേതൃത്വം പ്രതീക്ഷിച്ചതിന്റെ നാലിലൊന്നു സീറ്റുകള്‍പോലും ജില്ലയില്‍ നേടാനായില്ല.ബി.ജെ.പി പ്രതിനിധികള്‍ ഇല്ലാത്ത ഒരു ഗ്രാമപ്പഞ്ചായത്തുപോലും ജില്ലയില്‍ ഉണ്ടാകില്ലെന്ന നിഗമനത്തിലായിരുന്നു പാര്‍ട്ടി നേതൃത്വം. എന്നാല്‍ കോട്ടത്തറ,നൂല്‍പ്പുഴ,പടിഞ്ഞാറത്തറ,പനമരം പൂതാടി,പുല്‍പള്ളി,തൊണ്ടനാട് ഒഴികെ പഞ്ചായത്തുകളില്‍ ബി.ജെ.പിക്കു നിലംതൊടാനായില്ല.ഈ ഏഴ് പഞ്ചായത്തുകളിലായി 13 പേരെയാണ് പാര്‍ട്ടിക്കു വിജയിപ്പിക്കാനായത്.മുനിസിപ്പാലിറ്റികളിലും ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഒരു സീറ്റുപോലും ബി.ജെ.പിക്കില്ല.
2010ലെ തെരഞ്ഞെടുപ്പില്‍ നൂല്‍പ്പുഴയിലെ മൂന്നെണ്ണം അടക്കം അഞ്ചു ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളാണ് ബി.ജെ.പിക്കു ലഭിച്ചത്.2015ല്‍ 13 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളും ബത്തേരി മുനിസിപ്പാലിറ്റിയിലെ പഴുപ്പത്തൂര്‍ ഡിവിഷനും നേടി. പൂതാടി-നാല്, വെങ്ങപ്പള്ളി-ഒന്ന്, പടിഞ്ഞാറെത്തറ-ഒന്ന്, അമ്പലവയല്‍-ഒന്ന്, നൂല്‍പ്പുഴ-ഒന്ന്, തരിയോട്-രണ്ട്, പുല്‍പള്ളി-ഒന്ന്, മൂള്ളന്‍കൊല്ലി-ഒന്ന്, തവിഞ്ഞാല്‍-ഒന്ന് എന്നിങ്ങനെയായിരുന്നു 2015ല്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ ബി.ജെ.പിക്കു പ്രാതിനിധ്യം.
ഇക്കുറി ജില്ലാ പഞ്ചായത്തിലെ 16ഉം കല്‍പറ്റ,ബത്തേരി,പനമരം,മീനങ്ങാടി ബ്ലോക്ക് പഞ്ചയത്തുകളിലായി 48ഉം ബത്തേരി,മാനന്തവാടി,കല്‍പറ്റ മുനിസിപ്പാലിറ്റികളിലെ 72ഉം ഡിവിഷനുകളിലും 23 പഞ്ചായത്തുകളിലായി 376 വാര്‍ഡുകളിലുമാണ് ബി.ജെ.പി മത്സരിച്ചത്. ഇതില്‍ 104 പേര്‍ക്കു വിജയസാധ്യതയുള്ളതായാണ് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ ജില്ലാ നേതൃത്വത്തിനു റിപ്പോര്‍ട്ട് ചെയ്തത്.ഈ കണക്ക് അപ്പാടെ തെറ്റി.2015ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍ 68 എണ്ണത്തില്‍ പാര്‍ട്ടി 30ല്‍ താഴെ വോട്ടിനാണ് തോറ്റത്.ഈ വാര്‍ഡുകളിലെല്ലാം ഇത്തവണ പാര്‍ട്ടി ഒന്നാമതെത്തുമെന്ന നേതാക്കളുടെ അനുമാനവും അസ്ഥാനത്തായി.
പൂതാടി പഞ്ചായത്തില്‍ ബി.ജെ.പി 11 സീറ്റുകള്‍ പ്രതീക്ഷിച്ചിടത്തു മൂന്നു വാര്‍ഡുകളിലാണ് വിജയിക്കാനായത്.അതിരാറ്റുകുന്ന് വാര്‍ഡില്‍ സ്മിത സജിയും നെല്ലിക്കരയില്‍ പ്രകാശന്‍ നെല്ലിക്കരയും കോട്ടവയലില്‍ മിനി ശശിയുമാണ് താമര അടയാളത്തില്‍ ജയിച്ചത്.പുല്‍പള്ളി പഞ്ചായത്തിലെ ആനപ്പാറ വാര്‍ഡില്‍ അനുമോള്‍ ദിബീഷും കല്ലുവയലില്‍ സിന്ധു സാബുവും ബി.ജെ.പി ടിക്കറ്റില്‍ ജേതാക്കളായി.തൊണ്ടര്‍നാട് പഞ്ചായത്തിലെ മട്ടിലയം വാര്‍ഡില്‍ ബിന്ദു മണപ്പാട്ടിലും നിരവില്‍പ്പുഴയില്‍ ഗണേശും പാര്‍ട്ടിയുടെ മുഖം കാത്തു.വെങ്ങപ്പള്ളി പഞ്ചായത്തിലെ വാവാടിയാണ് ബി.ജെ.പിക്കു ലഭിച്ച മറ്റൊരു വാര്‍ഡ്.വി.കെ.ശിവാനന്ദനാണ് ഇവിടെ വിജയി.കോട്ടത്തറ പഞ്ചായത്തിലെ ആനേരി വാര്‍ഡില്‍ അനിത ചന്ദ്രനും മെച്ചന വാര്‍ഡില്‍ മുരളീധരനും പാര്‍ട്ടി അടയാളത്തില്‍ വിജയിച്ചു.നൂല്‍പ്പുഴ പഞ്ചായത്തിലെ തിരുവണ്ണൂര്‍ വാര്‍ഡില്‍ ധന്യ വിനോദ്,പടിഞ്ഞാറത്തറ പഞ്ചായത്തിലെ മാന്തോട്ടം വാര്‍ഡില്‍ സതി വിജയന്‍,പനമരം പഞ്ചായത്തിലെ എടത്തുംകുന്ന് വാര്‍ഡില്‍ തുഷാര എന്നിവരാണ് ബി.ജെ.പി ബാനറില്‍ വിജയിച്ച മറ്റാളുകള്‍.ജില്ലയിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന ബി.ജെ.പി ജില്ലാ നേതാക്കളുടെ വിലയിരുത്തലിനു നേരേ വിപരീതമായി തെരഞ്ഞെടുപ്പുഫലം.



Leave a Reply