വാക്‌സിനേഷന്‍ ഊര്‍ജിതം പ്രതിദിനം 3000 പേര്‍ക്ക് കുത്തിവെപ്പ്


Ad

കൽപ്പറ്റ:ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാകുന്നു. പ്രതിദിനം മൂവായിരം പേരാണ് മാസ് കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുന്നത്. കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളിലെ മാസ് കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് വ്യാഴാഴ്ച്ച ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള രണ്ടാംഘട്ട വാക്‌സിന്‍ സ്വീകരിച്ചു.

Ad

ജില്ലയില്‍ ഇതിനോടകം 10,859 ആരോഗ്യ പ്രവര്‍ത്തകരും, 3478 മുന്നണിപ്പോരാളികളും, 8981 പോളിംങ് ഉദ്യോഗസ്ഥരും, 32,127 മുതിര്‍ന്ന പൗരന്മാരും ആദ്യ ഘട്ട കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 9649 ആരോഗ്യ പ്രവര്‍ത്തകരും, 1587 മുന്നണിപ്പോരാളികളും രണ്ടാം ഘട്ട വാക്‌സിനേഷനും പൂര്‍ത്തിയാക്കി.

കോവിഡ് വാക്‌സിന്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായാണ് മാസ് കോവിഡ് വാക്‌സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചത്. കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂള്‍, ബത്തേരി അധ്യാപക ഭവന്‍, മാനന്തവാടി ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ജില്ലയിലെ മാസ് വാക്‌സിനേഷന്‍ സെന്ററുകള്‍. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയില്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. മാര്‍ച്ച് 25 നകം ഈ വിഭാഗത്തിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

ഒരു കേന്ദ്രത്തില്‍ നിന്ന് ഒരു ദിവസം 1000 പേര്‍ക്ക് വാക്‌സിന്‍ നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് നേരിട്ട് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയും രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്‌സിന്‍ ലഭിക്കുന്നതിനുള്ള അര്‍ഹത തെളിയിക്കുന്ന രേഖ കൈവശം ഉണ്ടായിരിക്കണം. മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് പുറമേ ജില്ലയിലെ പി.എച്ച്.സി, സി.എച്ച്.സി, താലൂക്ക് ആശുപത്രികള്‍, സര്‍ക്കാര്‍ ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും സൗജന്യ കോവിഡ് വാക്‌സിന്‍ ലഭിക്കും.

വയോമിത്രം പദ്ധതിയുടെ സഹായത്തോടെ വൃദ്ധസദനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതത് സദനങ്ങളിലെത്തി വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി മൊബൈല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. ആദിവാസി മേഖലയിലുള്ളവര്‍ക്കായി കോളനികള്‍ക്ക് സമീപത്തായി വിവിധ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് വാക്‌സിന്‍ വിതരണം നടത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു. കോളനികളില്‍ നിന്ന് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *