എനിക്ക് അയ്യപ്പസ്വാമി വോട്ടു പിടിക്കാനുള്ള ഉപകരണമല്ല : ഐ സി ബാലകൃഷ്ണൻ


Ad
എനിക്ക് അയ്യപ്പസ്വാമി  വോട്ടു പിടിക്കാനുള്ള ഉപകരണമല്ല : ഐ സി ബാലകൃഷ്ണൻ
അഭിമുഖം തയ്യാറാക്കിയത്
ജിത്തു തമ്പുരാൻ
വയനാട് ഡിസിസി പ്രസിഡൻറ് , 10 വർഷമായി നിലവിലെ സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഈ നിലകളിലാണ് ശ്രീ ഐ സി ബാലകൃഷ്ണൻ ഒരുതവണകൂടി ബത്തേരിയിൽ മൂന്നാം ഊഴത്തിനായി ജനവിധി തേടുന്നത് . തികഞ്ഞ ഒരു അയ്യപ്പഭക്തനും പതിറ്റാണ്ടുകളായി മുടങ്ങാതെ ശബരിമല ദർശനം നടത്തുന്ന ഒരു മലയാളിയും കൂടി ആണ് ശ്രീ ഐ സി ബാലകൃഷ്ണൻ. എന്നിട്ടു കൂടി അയ്യപ്പ വിവാദങ്ങളിൽ തലയിടാതെ സ്വന്തം മണ്ഡലത്തിലെ വികസനത്തിനായി മാത്രം നിരന്തരം സംസാരിക്കുന്ന ഒരു നിയമസഭാ സാമാജികനായി  ഇതിനോടകം അദ്ദേഹം രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു . 2021 ലെ മീനച്ചൂടിൽ പൊരിയുന്ന മൂന്നാം അങ്കത്തിൻറെ ആവേശത്തിന്റെ ഇടയിലും ശ്രീ :  ഐ സി ബാലകൃഷ്ണൻ   ന്യൂസ് വയനാടിനോട് സംസാരിക്കുന്നു . 
*അഭിമുഖം തയ്യാറാക്കിയത് : ജിത്തു തമ്പുരാൻ*
Q : 30 വർഷമായി ശബരിമലക്ക് വ്രതമനുഷ്ഠിച്ച് എരുമേലിയിൽ പേട്ടതുള്ളി മല യാത്ര ചെയ്യുന്ന ആളാണ് ശ്രീ : ഐ സി ബാലകൃഷ്ണൻ. അങ്ങ് കെട്ടുനിറച്ചു കൊടുക്കുന്ന ഒരു ഗുരുസ്വാമി കൂടിയാണ്. എന്നിട്ടും മറ്റുള്ളവരെ പോലെ എന്തുകൊണ്ട് അയ്യപ്പസ്വാമിയുടെ പേരിൽ വോട്ട് ചോദിക്കുന്നില്ല ?
Ans : എൻറെ അയ്യപ്പനോട് പ്രാർത്ഥനയിലൂടെ  എന്നും ഞാൻ വോട്ട് ചോദിക്കാറുണ്ട്. അതി രാവിലെ ആറുമണിക്ക് കുളിച്ചു കഴിഞ്ഞാൽ ഞാൻ ഓട്ടു കിണ്ടിയിൽ വെള്ളമെടുത്ത് അയ്യപ്പൻറെ  വിഗ്രഹത്തിന് മുന്നിൽ വച്ച് പൂവിട്ട് പ്രാർത്ഥിച്ച തിനുശേഷം മാത്രമേ ഞാൻ പച്ചവെള്ളം പോലും കുടിക്കാറുള്ളൂ . എൻറെ വിശ്വാസമാണ് എന്നെ ഇവിടെ വരെ എത്തിച്ചത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇതിനൊപ്പം എൻറെ മാതാപിതാക്കളുടെയും ഗുരു കാരണവന്മാരുടെയും  അനുഗ്രഹവും എൻറെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും കക്ഷിരാഷ്ട്രീയ ജാതി മത വിഭാഗങ്ങൾക്ക് അതീതം ആയിട്ടുള്ള ഒട്ടനവധി പേരുടെയും പ്രാർത്ഥന എനിക്ക് വേണ്ടി നിരന്തരം ഉണ്ട് . എൻറെ ആത്മീയത വിശ്വാസം ഇതൊന്നും തെരഞ്ഞെടുപ്പുമായി കൂട്ടിക്കലർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. 
Q :  2021 മെയ് 14 ഓടുകൂടി ഐ സി ബാലകൃഷ്ണൻ എന്ന് പേരുള്ള നിയമസഭ പ്രതിനിധിയുടെ 10 വികസന രാഷ്ട്രീയ വർഷം പൂർത്തിയാകുന്നു . ഇപ്പോൾ താങ്കൾക്ക് ബത്തേരി മണ്ഡലത്തിന്റെ പൾസും ഹാർട്ട് ബീറ്റും എല്ലാം ബൈഹാർട്ടാണ് . ഇത്തവണ എത്ര ഭൂരിപക്ഷം ഉണ്ടാകും എന്ന് താങ്കൾ അവകാശപ്പെടുന്നു ?
Ans : ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ജനങ്ങളാണ്. എങ്കിലും ആത്മവിശ്വാസം ഒട്ടും കുറയാതെ തന്നെയാണ് ആണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കാരണം  നൂറുശതമാനം സത്യസന്ധമായിട്ടാണ് ഞാൻ എന്റെ ജനങ്ങളോട് ഇടപെട്ടത്. അവർ എന്നിൽ അർപ്പിച്ച വിശ്വാസം പൂർണ്ണമായും എന്നും നിലനിർത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 2016 ലെ ക്കാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Q : വോട്ടർമാർക്ക്  യുഡിഎഫ്  ലൂടെ താങ്കൾ കൊടുക്കുന്ന പുതിയ വാഗ്ദാനങ്ങൾ എന്തൊക്കെയാണ് ?
Ans : വെറും വാഗ്ദാനങ്ങൾ കൊടുത്തു വോട്ട് പിടിക്കുന്നത് നല്ല ഒരു നിയമസഭാ സാമാജികന് യോജിച്ചതല്ല. അതുകൊണ്ട് ആ പരിപാടിക്ക് ഞാനില്ല. തുടങ്ങി വെച്ച പദ്ധതികൾ ജനോപകാരപ്രദമായി പൂർത്തീകരിക്കണം , അതിനുവേണ്ടി വോട്ട് തന്ന് സഹായിക്കണം  എന്ന്  എൻറെ ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു .ഒന്നാമതായി ഇവിടുത്തെ കർഷകരെ സഹായിക്കാൻ പുത്തൻ പദ്ധതികൾ കൊണ്ടുവന്ന് അവരുടെ സംരക്ഷണം ഉറപ്പാക്കും. വരൾച്ച കാലവർഷക്കെടുതി കൊറോണ ഇതൊക്കെ ബത്തേരിയിലെ കർഷകരെ തളർത്തിയിരിക്കുന്നു. അവർക്ക് ജീവശ്വാസം കൊടുക്കാൻ പദ്ധതികൾ ആവിഷ്കരിക്കും. ജില്ലാ തലത്തിലും നിയോജകമണ്ഡല തലത്തിലും പഞ്ചായത്ത് തലത്തിലും കർഷകർ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ നല്ല വില കൊടുത്ത് സംഭരിക്കാനുള്ള ഗവൺമെൻറ് അംഗീകൃത കാർഷിക ഉൽപ്പന്ന സംഭരണ കേന്ദ്രങ്ങൾ തന്നെ നിലവിൽ കൊണ്ടുവരും. ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ അജണ്ടയൊക്കെ നമ്മൾ മനസ്സിലാക്കിയേ പറ്റൂ.അടുത്ത കാര്യം ,വയനാട്ടിൽ ഒരു ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഇല്ലാത്തത് എൻറെ മണ്ഡലമായ സുൽത്താൻബത്തേരിയിൽ മാത്രമാണ് യുഡിഎഫ് ഗവൺമെൻറ് അധികാരത്തിൽ വന്നാൽ ആദ്യമായി ബത്തേരിക്ക് ഒരു ആർട്സ് ആൻഡ് സയൻസ് കോളേജ് ഞാൻ എൻറെ ഗവൺമെൻറിൽ സമ്മർദം ചെലുത്തി  ഉണ്ടാക്കി കൊടുത്തിരിക്കും. 
Q : സുൽത്താൻബത്തേരി ടൗൺ ലോകത്തിലെ ഏറ്റവും മനോഹരമായ പട്ടണങ്ങളിൽ ഒന്നാക്കി മാറ്റിയതിൽ ശ്രീ ഐ സി ബാലകൃഷ്ണൻ  എംഎൽഎയ്ക്കും പങ്കുണ്ട് എന്നറിയാം . നിയോജകമണ്ഡലത്തിലെ ബാക്കി  കൊച്ചു പട്ടണങ്ങളിലും ഈ വൃത്തിയും വെടിപ്പും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലേ ?
Ans : വെറും ഒരു പങ്കു മാത്രമല്ല ബത്തേരിയിലെ ഫുട് പാത്ത് മൂന്നരക്കോടി രൂപ മുടക്കി പണി തീർത്തതും ടൈൽ ഇട്ടതും കൈവരി വെച്ചതും  എല്ലാം എൻറെ നേതൃത്വത്തിലുള്ള ഒരു വികസന സമിതിയാണ്. അമ്പലവയൽ ,മീനങ്ങാടി , പുൽപ്പള്ളി ,കേണിച്ചിറ ഇവിടങ്ങളിലെല്ലാം ഇത്തരം വികസനം നടത്തിയിട്ടുണ്ട്. നിയോജകമണ്ഡലത്തിലെ മറ്റ് ചെറുകിട ടൗണിലേക്ക് എല്ലാം ഈ പദ്ധതി വ്യാപിപ്പിക്കും. കൂടാതെ മറ്റൊരു പ്രതിസന്ധി ഗ്രാമത്തിലെ ചെറിയ ടൗണുകളിൽ വെളിച്ചം എത്തിക്കുക എന്നുള്ളതായിരുന്നു . ഈ സുൽത്താൻബത്തേരിയിൽ നിയോജകമണ്ഡലത്തിലെ ഓരോ ചെറിയ ഗ്രാമങ്ങളിലെ ടൗണുകളിലും ഹൈമാസ്റ്റ്  ലൈറ്റ്, ലോ മാസ്റ്റ് ലൈറ്റ് ഇവ സ്ഥാപിച്ച് ആ പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഇതൊക്കെ ടൗണുകളിൽ ഇറങ്ങുന്ന വ്യാപാരികളും പൊതുജനങ്ങളും വിലയിരുത്തുന്നുണ്ട്.
Q : വയനാട് എംപി ശ്രീ രാഹുൽ ഗാന്ധിക്ക് താങ്കളോടുള്ള 
ഇന്റെറാക്ഷൻ എങ്ങനെയാണ് ? അടുത്ത് കൂടിക്കാഴ്ച ഉണ്ടായിട്ടുണ്ടോ ? 2021 ലെ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അദ്ദേഹം എങ്ങനെ വിലയിരുത്തുന്നു ?
Ans : ശ്രീ രാഹുൽ ഗാന്ധി എംപി വളരെ ദീർഘവീക്ഷണത്തോടെ കൂടി കാര്യങ്ങളെ വിലയിരുത്തി വിശകലനം ചെയ്തു പ്രവർത്തിക്കുന്ന ഒരാളാണ് . കോൺഗ്രസിൽ സ്ഥാനാർഥികളെ സംബന്ധിച്ച് 50% യുവാക്കൾക്കാണ് പരിഗണന കൊടുത്തിട്ടുള്ളത് .അത് എഐസിസി യോഗത്തിലെ രാഹുൽഗാന്ധിയുടെ നിർദ്ദേശമനുസരിച്ച് കെപിസിസി നടപ്പിൽ വരുത്തിയ കാര്യമാണ്. കോൺഗ്രസ് പട്ടിക വളരെ ഭംഗിയായി തന്നെ പുറത്തിറക്കിയിട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ വലിയ വിജയപ്രതീക്ഷ ഉണ്ട് . ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചരണം ആണ് ആണ് യുഡിഎഫ് ൻറെ മണ്ഡലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.
Q : വയനാട് മെഡിക്കൽ കോളേജിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം ?
Ans : 2013ലെ യുഡിഎഫിന്റെ ബഡ്ജറ്റിൽ ആണ് ആദ്യമായി വയനാട് മെഡിക്കൽ കോളേജ് എന്ന ആശയം പുറത്തുവന്നത്. ശ്രീ ഉമ്മൻചാണ്ടിയുടെ കൈകൾ കൊണ്ടാണ് മടക്കിമലയിൽ  മെഡിക്കൽ കോളേജിൻറെ പ്രവർത്തി നിർമ്മാണത്തിന് തറക്കല്ലിട്ടത്. ഇപ്പോൾ  മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജ് വന്നിട്ടുള്ളത് താൽക്കാലികം ആയിട്ടാണ് . അത് ഒരു സ്ഥിരം സംവിധാനം അല്ല . വയനാട്ടിൽ മെഡിക്കൽ കോളേജ് എവിടെ വരണം എന്നുള്ള കാര്യം ഇത്തവണ യുഡിഎഫ് ഗവൺമെൻറ് നിലവിൽ വന്നതിനുശേഷം ചർച്ചകളിലൂടെ സർവ്വേ കളിലൂടെ ജനാഭിപ്രായം അറിഞ്ഞ ശേഷം തീരുമാനിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *