ക്ഷേമപദ്ധതികള്‍ യു ഡി എഫ് നടപ്പിലാക്കുക കടംവാങ്ങിയല്ല, മറിച്ച് വരുമാനം കണ്ടെത്തി: ശശി തരൂര്‍


Ad
കല്‍പ്പറ്റ: യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ പോകുന്നത് കടംവാങ്ങിയായിരിക്കില്ല, മറിച്ച് വരുമാനം കണ്ടെത്തിയായിരിക്കുമെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. കല്‍പ്പറ്റ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു ഡി വൈ എഫ് സംഘടിപ്പിച്ച എര്‍മജിംഗ് കല്‍പ്പറ്റ ‘യൂത്ത് ഇന്‍ ഡയലോഗ’് പരിപാടിയില്‍ യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ ന്യായ് പദ്ധതി രാജ്യത്തെ ഏത് സംസ്ഥാനത്തും നടപ്പിലാക്കാനാവുന്ന വിധത്തില്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആവിഷ്‌ക്കരിച്ചതാണ്. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിനായി വരുമാനമാര്‍ഗം കണ്ടെത്തുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇടതുസര്‍ക്കാര്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനായി കടം വാങ്ങിയാണ് പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. നികുതിഭാരം ജനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യമുണ്ടാകും. ന്യായ് പദ്ധതി, 40 കഴിഞ്ഞ വീട്ടമ്മമാര്‍ക്ക് 2000 രൂപ പെന്‍ഷന്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ യു ഡി എഫ് നടപ്പിലാക്കാന്‍ പോകുന്നത് കടം വാങ്ങിയിട്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപങ്ങളിലൂടെ പണം സമാഹരിക്കാനാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. ഐ ടി മേഖലയില്‍ നിരവധി നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്ക് ഒരു സമയം കഴിഞ്ഞാല്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ പോലും ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതെല്ലാം മാറണം. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഒരു പുതിയ ഐ ടി ആക്ട് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. നിക്ഷേപകരെ കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യത കൂടി സര്‍ക്കാരിനുണ്ട്. അതിന്റെ ഭാഗമായാണ് ഈ നിയമം. ചുവന്ന കൊടിയും പിടിച്ച് ഹര്‍ത്താലും നടത്തി നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന നിലപാടുകളാണ് ഇവിടെ കാണാറുള്ളതെന്നും അതെല്ലാം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാനപ്രശ്നം ആളുകളെത്തിയാല്‍ വ്യവസായം ആരംഭിക്കാന്‍ അനുമതി കിട്ടുന്നില്ലെന്നതാണ്. ഏകജാലകസംവിധാനമുണ്ടെങ്കിലും അവിടെയെത്താന്‍ ഒരുപാട് വാതിലുകള്‍ കടക്കേണ്ട അവസ്ഥയാണ്. അതെല്ലാം മാറ്റി ഇവിടെ നിക്ഷേപസൗഹൃദമാക്കണം. നിക്ഷേപകര്‍ കൂടുതലെത്തുന്നതോടെ സംസ്ഥാനത്ത് വളര്‍ച്ചയുണ്ടാകും, നികുതി വരുമാനം ക്രമാധീതമായി വര്‍ധിക്കും. നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇത്തരത്തില്‍ നിക്ഷേപകരെയെത്തിച്ച് കടം വാങ്ങുന്നതിന് പകരം വരുമാനമുണ്ടാക്കി തന്നെ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനാണ് യു ഡി എഫ് ലക്ഷ്യമിടുന്നതെന്നും തരൂര്‍ പറഞ്ഞു.
കേരളത്തിലെ യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കുന്നതിനും കായികമേളയുടെ വളര്‍ച്ചക്കുമായി സ്പോര്‍ട്സ് യൂണിവേഴ്സിറ്റി സ്ഥാപിക്കും. തീരദേശത്ത് വാട്ടര് സ്പോര്‍ട്സ് പദ്ധതി പ്രാവര്‍ത്തികമാക്കും. കേരളത്തെ ഇന്ത്യയിലെ വാട്ടര്‍ സ്പോര്‍ട്സിന്റെ തലസ്ഥാനമാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ലോകത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ടൂറിസം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലും പ്രത്യേകിച്ച് വയനാട്ടിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ടൂറിസത്തിന് സാധ്യതകളേറെയാണെന്നും അത്തരത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ അത്യാധുനിക സൗകര്യങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിലെ സ്വകാര്യ യൂണിവേഴ്സിറ്റികളുടെ ക്യാംപസ് കേരളത്തിലേക്ക് കൊണ്ടുവന്നാല്‍ ഉന്നത വിദ്യാഭ്യാസമേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ സാധിക്കും. സ്ഥലത്തിന്റെ നിയന്ത്രണാധീതമായ വിലയാണ് ഇതിനുള്ള ഒരു തടസം. അത് മറികടക്കാന്‍ താരതമ്യേന വയനാട് പോലുള്ള പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശയൂണിവേഴ്സിറ്റികളുടെ ക്യാംപസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായി വിദേശയൂണിവേഴ്സിറ്റികളുടെ ക്യാംപസ് കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ തടസങ്ങളില്ല. അത്തരം പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ആദ്യം ഇടത് ആശയങ്ങള്‍ തള്ളണമെന്നും, കേരളത്തില്‍ പഠിച്ചാല്‍ ജോലി കിട്ടുമെന്ന രീതിലേക്ക് ഇത്തരത്തില്‍ ഇവിടുത്തെ വിദ്യാഭ്യാസമേഖലയെ മാറ്റിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോലികള്‍ ഒഴിവുവരുമ്പോള്‍ അത് പാര്‍ട്ടി അനുഭാവികള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുന്നത് നിര്‍ത്തണം. അത്തരം നടപടികള്‍ നിയമവിരുദ്ധമാക്കും. അതോടെ പരീക്ഷ പാസാക്കുന്ന റാങ്ക്ലിസ്റ്റിലുള്ളവര്‍ക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പോലുള്ള ജില്ലകളിലെ ആദിവാസി വിഭാഗങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വിപണനം നടത്തുന്നതിനായി ട്രൈബല്‍ പ്രൊഡക്ട്സ് പ്രൊമോഷന്‍ ബോര്‍ഡ് ഉണ്ടാക്കാനാണ് യു ഡി എഫ് പദ്ധതിയിടുന്നത്. ആദിവാസി ഉല്പന്നങ്ങള്‍ മികച്ച വില അവര്‍ക്ക് നല്‍കി വാങ്ങി വെബ്സൈറ്റ് മുഖേന അന്താരാഷ്ട്രതലത്തിതിനായി വിപണി കണ്ടുപിടിച്ച് വില്‍പ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇത് യു ഡി എഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട് അടക്കമുള്ള സ്ഥലങ്ങളിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നടപടി സ്വീകരിക്കും. അവകാശമില്ലാതെ കൈവശം വെച്ച് വരുന്ന നിരവധി ഭൂമി സംസ്ഥാനത്തുണ്ട്. ഇത് സര്‍വെ നടത്തി കണ്ടെത്തി ആഭൂമിയടക്കം ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വനത്തിന് പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് അതിനനുസരിച്ച് സൗകര്യങ്ങളൊരുക്കും. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായുള്ള പദ്ധതികളും യു ഡി എഫ് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ ഡി എഫ് തീരുമാനങ്ങള്‍ പൊതുമാനദണ്ഡലം പാലിച്ചല്ല. യു ഡി എഫിന്റെ ലക്ഷ്യം എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയാണെന്നും ബഫര്‍സോണുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മറുപടിയായി അദ്ദേഹം പറഞ്ഞു.
2019 തിരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ട് നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. 63 ശതമാനം ജനങ്ങള്‍ ബി ജെ പിയെ അംഗീകരിക്കുന്നില്ല. ഈ വോട്ടുകള്‍ വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ചിതറിപ്പോകുകയായിരുന്നു. പ്രതിപക്ഷം ഒരുമിച്ച് നീങ്ങിയാല്‍ വിജയം നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സ്ഥിതി തീര്‍ത്തും വ്യത്യസ്തമാണ്. ഇവിടെ ബി ജെ പി ഒരു വലിയ ഘടകമല്ല. കേരളത്തിന് പുറത്ത് എല്ലായിടത്തും സാന്നിധ്യമുള്ള ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തന്നെ ബി ജെ പിയുടെ നയങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിന്റെ പ്രകടനപത്രിക വാതിലടച്ചിരുന്ന് ഉണ്ടാക്കിയതല്ല, മറിച്ച് എല്ലാവിഭാഗം ജനങ്ങളെയും നേരില്‍ കണ്ട് ആവിഷ്‌ക്കരിച്ചതാണെന്നും തരൂര്‍ പറഞ്ഞു. നിരവധി യുവതീയുവാക്കളാണ് വയനാടുമായും, സംസ്ഥാനവുമായും ബന്ധപ്പെട്ട ചോദ്യങ്ങളുമായി പരിപാടിക്കെത്തിയത്. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ക്യത്യവും വ്യക്തവുമായ മറുപടി നല്‍കിയ ശേഷമാണ് ശശി തരൂര്‍ വേദി വിട്ടത്. സ്ഥാനാര്‍ത്ഥി ടി സിദ്ധിഖും മണ്ഡലത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വികസനപദ്ധതികള്‍ പ്രതിപാദിച്ചുകൊണ്ട് സംസാരിച്ചു. യു ഡി വൈ എഫ് ചെയര്‍മാന്‍ സി.ടി. ഹുനൈസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എബിന്‍ മുട്ടപ്പള്ളി, എ.ഐ.സി.സി. നിരീക്ഷക വെറോണിക്ക, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.പി.എ.കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍, ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ , കണ്‍വീനര്‍ പി.ടി ഗോപാലക്കുറുപ്പ്, ടി.ജെ ഐസക്ക്, പി.പി. ആലി, ബിനു തോമസ്, കെ എം തൊടി മുജീബ്, സലീം മേമന, യഹ്യാഖാന്‍ തലക്കല്‍. ടി ഹംസ, ജിജോ പൊടിമറ്റം, പി.പി.ഷൈജല്‍, സി. ശിഹാബ്, സി.എച്ച് ഫസല്‍, സി.കെ.അബ്ദുള്‍ ഗഫൂര്‍, ഷൈജല്‍ വി.സി, രോഹിത് ബോധി, അഡ്വ. രാജേഷ് കുമാര്‍, അരുണ്‍ദേവ്, മുഫീദ തസ്‌നി എന്നിവര്‍ സംബന്ധിച്ചു.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *