ഗോത്രജീവിതങ്ങള്‍ നേരിട്ടറിഞ്ഞ്; അവര്‍ക്കൊപ്പം ചേര്‍ന്ന് കോളനികളിലൂടെ ടി. സിദ്ദിഖ്


Ad

കല്‍പ്പറ്റ: ജില്ലയിലെ ഏറ്റവും വലിയ ജനവിഭാഗമാണെങ്കിലും കാലാകാലങ്ങളില്‍ അവഗണനയുടെ കൂരകളില്‍ തന്നെ കാലം കഴിക്കുന്ന ആദിവാസി വിഭാഗങ്ങളെ കാണാന്‍ കോളനികളിലെത്തി കല്‍പ്പറ്റ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ്. മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയ ആദ്യദിവസങ്ങളില്‍ തന്നെ കോളനികളിലെത്തി ആദിവാസികളുടെ ജീവിതം നേരില്‍കണ്ടും അവരുടെ അഭിപ്രായങ്ങള്‍ കേട്ടറിഞ്ഞും സിദ്ദീഖ് അടിസ്ഥാന ജനവിഭാഗത്തിനൊപ്പമാണ് യു.ഡി.എഫ് എന്നത് അടിവരയിടുകയായിരുന്നു. കല്‍പ്പറ്റ നഗരസഭയിലെ മുണ്ടേരി ഇഷ്ടികപ്പൊയില്‍ കോളനിയില്‍ സന്ദര്‍ശനം നടത്തിയ സിദ്ദിഖ് കോട്ടത്തറ പഞ്ചായത്തിലെ വാളല്‍ കോളനിവാസികളുമായും ആശയവിനിമയം നടത്തി. സ്ഥാനാര്‍ത്ഥിയുമായി ഗോത്രസമൂഹം ആഗ്രഹങ്ങളും പ്രതീക്ഷകളും മുന്നോട്ട് വെച്ചു. ഓരോ മഴക്കാലത്തും സ്‌കൂളുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചും, വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടിയും ജീവിതദുരിതം പേറി കഴിയുന്ന കോളനിക്കാര്‍ക്ക് മുന്നില്‍ നടപ്പിലാവുന്ന വാഗ്ദാനങ്ങള്‍ നല്‍കിയാണ് സിദ്ദീഖ് മടങ്ങിയത്. ആദിവാസി ഊരുകള്‍ക്ക് പകരം ഫ്ളാറ്റുകള്‍, വെള്ളപ്പൊക്ക ഭീഷണിയുള്ള കോളനികളുടെ പുനരധിവാസം തുടങ്ങിയ വന്‍ പ്രഖ്യാപനങ്ങളുമായി അധികാരത്തിലെത്തിയ ഇടതുഭരണവും സി.പി.എം എം.എല്‍.എയും തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്ന് കോളനിക്കാര്‍ പരാതിപ്പെട്ടു. ഓരോ തിരഞ്ഞെടുപ്പ് കാലത്തും വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ലെന്നായിരുന്നു അമ്മമാരുള്‍പ്പെടെയുള്ളവരുടെ വിഷമം. എല്ലാ പരാതികളും കേട്ടതിന് ശേഷം, യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസന നയങ്ങള്‍ തുടരുമെന്ന് സിദ്ദിഖ് ഉറപ്പുനല്‍കി. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്കും വനാതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും പുനരധിവസിപ്പിച്ചവര്‍ക്ക് ഭൂമി നല്‍കിത്തുടങ്ങിയത് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. കല്‍പ്പറ്റയില്‍ ജയിച്ചുവന്നാല്‍ പ്രളയത്തിലും കൊടുംവേനലിലും നേരിടുന്ന പതിവ് ദുരിതങ്ങള്‍ക്കും പരിഹാരം കാണുമെന്ന് പറഞ്ഞാണ് സിദ്ദിഖ് മടങ്ങിയത്. കൈനാട്ടി ജനറല്‍ ആശുപത്രിയിലും അദ്ദേഹം ബുധനാഴ്ച സന്ദര്‍ശനം നടത്തി. മേപ്പാടി, കണിയാമ്പറ്റ, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിലായിരുന്നു പ്രധാനമായും പര്യടനം നടത്തിയത്. ഇതിനിടയില്‍ മുട്ടില്‍ ഡബ്ല്യു എം ഒ കോളജില്‍ നടന്ന കല്‍പ്പറ്റ മണ്ഡലം സ്ഥാനാര്‍ത്ഥികളുടെ സംവാദപരിപാടിയിലും സിദ്ദിഖ് പങ്കെടുത്തു. പര്യടനപരിപാടികളില്‍ യു.ഡി.എഫ് നേതാക്കളായ ബി സുരേഷ്ബാബു, കെ.പോള്‍, വി.സി.അബൂബക്കര്‍ ഹാജി ഗഫൂര്‍ വെണ്ണിയോട്, സി.സി തങ്കച്ചന്‍, പി.ജെ ടോമി, വി.ആര്‍ ബാലന്‍, പുഷ്പ, സുന്ദരന്‍, ശോഭാ ശ്രീധരന്‍, രാജന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *