ഇ-സഞ്ജീവനി സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം – ആരോഗ്യവകുപ്പ്
കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ തിരക്ക് കൂടുന്ന സാഹചര്യത്തില്‍ ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് വകഭേദം കണ്ടെത്തിയതും രോഗവ്യാപനം കൂടുന്നതും കണക്കിലെടുത്താണ് ആശുപത്രിയില്‍ എത്താതെ തന്നെ ചികിത്സ തേടാനുള്ള സംവിധാനത്തെ ആശ്രയിക്കണമെന്ന നിര്‍ദ്ദേശം വന്നിരിക്കുന്നത്്. ഇ-സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാമെന്നതാണ് ഇ-സഞ്ജീവനി ടെലിമെഡിസിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. നിര്‍ദേശിക്കുന്ന സമയത്ത് വീഡിയോ കോളിലൂടെ ഡോക്ടറെ കണ്ട് രോഗവിവരങ്ങള്‍ അറിയിക്കാം. സമയം ലാഭിക്കാം. കണക്കുകള്‍ പ്രകാരം ഒരു കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തീകരിക്കുന്നതിനെടുക്കുന്ന സമയം 6 മിനിറ്റും 52 സെക്കന്റുമാണ്. കൂടാതെ ഇ-സഞ്ജീവനി സേവനങ്ങള്‍ക്കായി വ്യക്തികള്‍ക്ക് എടുക്കേണ്ടിവരുന്ന ശരാശരി കാലതാമസം 5 മിനിറ്റും 11 സെക്കന്റും മാത്രം. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇ-പ്ലാറ്റ്‌ഫോമിലൂടെ ഡോക്ടര്‍ നല്‍കുന്ന സഞ്ജീവനി കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. ഇതോടൊപ്പം കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും സൗജന്യമായി നടത്താം.
സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവയിലേതെങ്കിലുമൊന്നും ഇന്റര്‍നെറ്റ് കണക്ഷനുമാണ് ഇതിനു വേണ്ടത്. www.esanjeevaniopd.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ഇ-സഞ്ജീവനി ഒപിഡി എന്ന ആപ്പ് വഴിയും സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കുമായി 1056/0471 2552056 എന്ന ദിശ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.
*രജിസ്റ്റര്‍ ചെയ്യുന്ന വിധം*
* https://www.esanjeevaniopd.in സന്ദര്‍ശിക്കുക
* പേഷ്യന്റ് രജിസ്‌ട്രേഷന്‍ ബട്ടണ്‍ അമര്‍ത്തുക
* മൊബൈല്‍ നമ്പര്‍ നല്‍കുക. ഒടിപിക്കായി കാത്തിരിക്കുക
* ഒടിപി ലഭിച്ചില്ലെങ്കില്‍ വീണ്ടും പ്രസ് ബട്ടണ്‍ അമര്‍ത്തുക
* ലഭിക്കുന്ന ഒടിപി പേഷ്യന്റ് രജിസ്‌ട്രേഷന്‍ കോളത്തില്‍ ചേര്‍ക്കുക
* സേവനം ആവശ്യമുള്ള മേഖലയില്‍ സ്റ്റാര്‍ ചിഹ്നമിടുക
* ആവശ്യമുള്ള വിവരങ്ങള്‍, ഫയലുകള്‍, റിസല്‍ട്ടുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ നിര്‍ദ്ദിഷ്ട പ്ലാറ്റ്‌ഫോമുകളില്‍ ചേര്‍ക്കുക
* വിവരങ്ങള്‍ രേഖപ്പെടുത്തിയതിനു ശേഷം ഐ.ഡി നമ്പര്‍ ലഭിക്കുന്നതിനും ടോക്കണിനുമായി ബട്ടണ്‍ അമര്‍ത്തുക
*ലോഗിന്‍ ചെയ്യുന്ന വിധം*
* https://www.esanjeevaniopd.in സന്ദര്‍ശിക്കുക
* പേഷ്യന്റ് ലോഗിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
* മൊബൈല്‍ നമ്പറും ലഭിച്ച ടോക്കണും നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തുക
* പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കുക (ലാബ് റിപ്പോര്‍ട്ടുകളും ഇമേജിങ് റിസല്‍ട്ടുകളും അപ്‌ലോഡ് ചെയ്യുക-സൈസ് 5 എംബി വരെ)
* തുടര്‍ന്ന് 2 മിനിറ്റില്‍ കൂടുതല്‍ താമസമെടുത്താല്‍ (ഡോക്ടറുടെ സേവനം ലഭിച്ചില്ലെങ്കില്‍) റിഫ്രഷ് ബട്ടണ്‍ അമര്‍ത്തുക
*ഡോക്ടറുടെ സേവനം ലഭ്യമാവുന്നു*
* കോള്‍ നൗ ബട്ടണ്‍ അമര്‍ത്തി ക്യാമറ, ഹെഡ്‌ഫോണ്‍ എന്നിവയുടെ സഹായത്തോടെ ഡോക്ടറുമായി സംസാരിക്കാം
* പരിശോധനയ്ക്കിടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനായി സന്ദേശങ്ങള്‍ അയക്കാനും സൗകര്യമുണ്ട്
* ഇതിനിടെ ഫയലകള്‍ കൈമാറാനും കഴിയും
* പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യാം



Leave a Reply