April 25, 2024

കോവിഡ് കുത്തിവെയ്പ്: വയനാട് ജില്ലയ്ക്ക് സംസ്ഥാനതലത്തില്‍ മികച്ച നേട്ടം

0
106891 Covid Vaccine 1 1.jpg
കോവിഡ് കുത്തിവെയ്പ്: വയനാട് ജില്ലയ്ക്ക് സംസ്ഥാനതലത്തില്‍ മികച്ച നേട്ടം
രണ്ട് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്ത്
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവരുടെ ശതമാനക്കണക്കില്‍ വയനാട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പ്രവര്‍ത്തകര്‍, 45 വയസ്സിനു മുകളിലുള്ളവര്‍, 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ എന്നീ വിഭാഗങ്ങളിലാണ് വയനാട് ജില്ല മികച്ച നേട്ടം കൈവരിച്ചത്. ആദ്യ രണ്ട് വിഭാഗങ്ങളില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും മൂന്നാം വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നാലാം വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ജില്ലയ്ക്കാണ്.
  ആരോഗ്യ വകുപ്പിന്റെ ഇന്ന് (31.05.21) ഉച്ചയ്ക്ക് 12 മണി വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 88 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും 83 ശതമാനം മുന്നണി പ്രവര്‍ത്തകരുമാണ് പൂര്‍ണമായി കുത്തിവയ്പ് എടുത്തത്. സംസ്ഥാന ശരാശരി ഇവ യഥാക്രമം 78, 74 ശതമാനമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇടുക്കിയില്‍ 83 ശതമാനവും മുന്നണി പ്രവര്‍ത്തകരുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തുള്ള കോട്ടയത്ത് 79 ശതമാനവുമാണ് പൂര്‍ണ കുത്തിവയ്പ് എടുത്തവര്‍. 
  ജില്ലയില്‍ 45 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തില്‍ 26 ശതമാനം പേരാണ് കുത്തിവയ്പ് എടുത്തത്. ഈ വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്താണ് ജില്ല. ഒന്നാം സ്ഥാനത്തുള്ള പത്തനംതിട്ടയില്‍ 27 ശതമാനമാണ് കണക്ക്. സംസ്ഥാന ശരാശരി 21 ശതമാനം. 18 നും 44 നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തുള്ള വയനാട് ജില്ലയില്‍ 1.73 ശതമാനമാണ് കുത്തിവയ്പ് എടുത്തവര്‍. സംസ്ഥാന ശരാശരി 1.31 ശതമാനം. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് മുന്‍നിരയില്‍.
  ജില്ലയില്‍ ഇതുവരെയായി ആകെ 2,37,962 പേര്‍ ആദ്യ ഡോസും 76,861 പേര്‍ രണ്ടാം ഡോസും കുത്തിവയ്പ് എടുത്തിട്ടുണ്ട്. ആകെ ഡോസ് 3,14,823. ആരോഗ്യ പ്രവര്‍ത്തകരുടെ വിഭാഗത്തില്‍ 12,898 പേര്‍ ആദ്യ ഡോസും 11,371 പേര്‍ രണ്ടാം ഡോസും മുന്നണി പ്രവര്‍ത്തകരില്‍ 15,561 പേര്‍ ആദ്യ ഡോസും 12,956 പേര്‍ രണ്ടാം ഡോസും കുത്തിവയ്പ് സ്വീകരിച്ചു. 45 നു മുകളില്‍ പ്രായമുള്ളവരില്‍ (ലക്ഷ്യം 2,67,814 പേര്‍) 2,02,843 പേര്‍ ആദ്യ ഡോസ്, 52,534 പേര്‍ രണ്ടാം ഡോസ്, 18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ (ലക്ഷ്യം 3,84,153 പേര്‍) 6,660 പേര്‍ ആദ്യ ഡോസ് എന്നിങ്ങനെയാണ് കുത്തിവയ്പ് എടുത്തത്. 
  ജില്ലയില്‍ ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെടെ കുത്തിവയ്പ് പൂര്‍ണമാക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പട്ടികവര്‍ഗ വികസന വകുപ്പും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *