ഐ.സി.ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം: സിപിഐ എം


Ad
ഐ.സി.ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം: സിപിഐ എം

സുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഉദ്യോഗാർഥികളിൽനിന്ന് രണ്ട് കോടി കോഴ വാങ്ങിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവെ‌ക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുമ്പിൽ എത്തിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളിൽ നിയമനം നടത്താൻ 4.3 കോടി രൂപ നേതാക്കൾ കോഴ വാങ്ങിയതായി കോൺഗ്രസ്‌ നേതാവ്‌ തന്നെയാണ്‌ കെപിസിസിക്കും ഡിസിസിക്കും പരാതി നൽകിയത്‌. നിയമനത്തിനായി ക്യൂ നിൽക്കുന്ന അർഹരായ നിരവധി ഉദ്യോഗാർഥികളെയാണ് പണം വാങ്ങി കോൺഗ്രസ് വഞ്ചിച്ചത്. പ്യൂൺ, വാച്ചർ നിയമനങ്ങൾക്കായി ഉദ്യോഗാർഥികളിൽനിന്ന്‌ 45 ലക്ഷം വരെ വാങ്ങിയെന്നാണ്‌ പരാതി. കോൺഗ്രസ്‌ നേതാക്കൾ തന്നെ കോഴ വാങ്ങിയവരുടെ പേരുകൾ സഹിതം കെപിസിസിക്ക്‌ പരാതി നൽകിയിരിക്കയാണ്‌. പണം നൽകിയവർക്ക്‌ ജോലിയും പണവുമില്ലാത്ത സ്ഥിതിയാണ്‌. കടുത്ത വഞ്ചനയാണ് എംഎൽഎയുൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ നടത്തിയിട്ടുള്ളത്‌. കോഴ വാങ്ങിയ മറ്റ്‌ നേതാക്കൾക്കെതിരെയും നപടിയെടുക്കണം. നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ കൊള്ള നടക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നേതാവായിരുന്ന കെ കെ വിശ്വനാഥൻ തന്നെ ആരോപിച്ചിരുന്നു. ഇദ്ദേഹം പിന്നീട് കോൺഗ്രസിൽ നിന്ന് രാജിവെച്ചതോടെ അഴിമതി കഥകൾ പുറത്തുവരുമെന്ന് കണ്ട അന്നത്തെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ വയനാട്ടിൽ എത്തിയിരുന്നു. ഇപ്പോൾ കോൺഗ്രസ് നേതാക്കന്മാർ തന്നെ ഡിസിസി പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന തീവെട്ടിക്കൊള്ളക്കെതിരെ കെപിസിസിക്ക് പരാതി നൽകിയിരിക്കുകയാണ്. തനിക്കു ലഭിച്ച എംഎൽഎ സ്ഥാനം കഴിഞ്ഞ പത്ത് വർഷമായി ധനസമ്പാദനത്തിനുള്ള മാർഗമായി ബാലകൃഷ്ണൻ മാറ്റിയിരിക്കുകയാണ്. പണം കൊടുത്തവരെ സംബന്ധിച്ചും വാങ്ങിക്കൊടുത്ത ഇടനിലക്കാരെ സംബന്ധിച്ചും എല്ലാമുള്ള വാർത്ത പുറത്ത് വന്ന സാഹചര്യത്തിൽ ഐ സി ബാലകൃഷ്ണന്റെ പേരിൽ നടപടി എടുക്കാൻ കോൺഗ്രസ് ആർജ്ജവം കാണിക്കണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *