പാൽച്ചുരം മുഖം മിനുക്കൽ അതിവേഗം
മാനന്തവാടി : കാലവർഷത്തിൽ തകർന്നടിഞ്ഞ കൊട്ടിയൂർ പാൽച്ചുരം റോഡിൻ്റെ മുഖം മിനുക്കൽ പ്രവർത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഒരാഴ്ചയായി നടക്കുന്ന പ്രവർത്തി അന്തിമഘട്ടത്തിലാണ്. പണി പൂർത്തിയാക്കി ഫെബ്രുവരി അഞ്ചാേടെ ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ലക്ഷ്യമിടുന്നത്.. 26 മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.. 69.10 ലക്ഷം രൂപയാണ് പാൽച്ചുരത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചിരിക്കുന്നത്. പാൽച്ചുരം റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കുന്നതിനായാണ് നിലവിലെ
പ്രവൃത്തി നടക്കുന്നത്. മാനന്തവാടി – മട്ടന്നൂർ വിമാനത്താവള പാതയുടെ ഭാഗമായി പാൽച്ചുരം വികസിപ്പിക്കാൻ പദ്ധതിയുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഈ പാത വികസിപ്പിക്കുന്നത്. 2018, 2019 വർഷങ്ങളിലെ പ്രളയത്തിലാണ് കണ്ണൂർ – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡ് പാടെ തകർന്നത്. അതിന് ശേഷം ചെറിയ അറ്റകുറ്റ പണി ചെയ്തതൊഴിച്ചാൽ ഇതുവരെ പാൽച്ചുരം റോഡ് കാര്യമായി നന്നാക്കിയിരുന്നില്ല. ചുരത്തിലെ ചെകുത്താൻ തോടിനു പരിസരത്തുള്ള പ്രദേശങ്ങളിൽ റോഡ് പൂർണമായും പൊട്ടിത്തകർന്നിരുന്നു. ടാറിങ് പൊളിഞ്ഞ് മിക്കയിടങ്ങളിലും വലിയ കുഴികളായി മാറി. ഒന്ന് – രണ്ട് മുടിപ്പിൻ വളവുകൾ, ആശ്രമം കവല, ചുരത്തിൻ്റെ തുടക്കഭാഗത്തെ വളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ് തകർന്നു തരിപ്പണമായി. റോഡിൻ്റെ പാർശ്വഭാഗങ്ങൾ എല്ലാം ഇടിഞ്ഞു അപകടാവസ്ഥയിലാണ്. പാർശ്വഭാഗങ്ങൾ ഇടിഞ്ഞ് പോയ പ്രദേശങ്ങളിൽ മുളകൊണ്ടുള്ള വേലികൾ മാത്രമാണ് നിലവിലെ സുരക്ഷ. ഇങ്ങനെയുള്ള ഈ ചുരം റോഡിലൂടെയാണ് ബസ് ഉൾപ്പെടെയുള്ള വലുതും ചെറുതുമായ വാഹനങ്ങൾ ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്. ഇതിനകം ഒട്ടേറെ വാഹനങ്ങളാണ് റോഡിൻ്റെ തകർച്ച കാരണം അപകടത്തിൽപ്പെട്ടത്. ഏറെ ആശങ്കയോടെയായിരുന്നു ഡ്രൈവർമാർ പാൽച്ചുരത്തിലൂടെ വാഹനങ്ങൾ ഓടിച്ചിരുന്നത്. മുമ്പ് വടകര ചുരം ഡിവിഷന് കീഴിലായിരുന്ന പാൽച്ചുരം
നിലവിൽ കേരള റോഡ് ഫണ്ട് ബോർഡിൻ്റെ നിയന്ത്രണത്തിലാണ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മാനന്തവാടിയിലേക്കുള്ള നാലുവരിപ്പാത പദ്ധതിയുടെ ഭാഗമായി പാൽച്ചുരം റോഡ് നവീകരിക്കാനുള്ള നടപടിയും ഇതിനകം തുടങ്ങിയിട്ടുണ്ട്. മാനന്തവാടി – മട്ടന്നൂർ റോഡിൻ്റെ അലൈൻമെൻറ്, പ്രൊജക്ട് റിപ്പോർട്ട്, എൻജിനീയറിംങ് ഡിസൈൻ എന്നിവ തയ്യാറാക്കാൻ കൺസൾട്ടൻസിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. അലൈൻമെൻറിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായാൽ തുടർനടപടിയുണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്തായാലും പാൽച്ചുരം റോഡ് താത്കാലികമായി നന്നാക്കുന്ന പ്രവൃത്തി പൂർത്തിയായാൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.





Leave a Reply