എം.ഐ ഷാനവാസിന്റെ ആകസ്മിക നിര്യാണത്തിൽ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
കൽപ്പറ്റ: കഴിഞ്ഞ ദിവസം അന്തരിച്ച വയനാട് പാർലമെന്റ് മണ്ഡലം എം.പിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ എം.ഐ ഷാനവാസിന്റെ ആകസ്മിക നിര്യാണത്തിൽ മുസ്്ലിം ലീഗ് ജില്ലാ കമ്മിറ്റി അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. ജില്ലയുടെ സമഗ്രവികസനത്തിനായുള്ള പദ്ധതികൾ അവിഷ്കരിച്ച് നടപ്പിലാക്കാൻ ആത്മാർത്ഥമായി ശ്രമിച്ച ജനപ്രതിനിധിയായിരുന്നു അദ്ദേഹമെന്ന് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറൽ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി എന്നിവർ അനുശോചനസന്ദേശത്തിൽ പറഞ്ഞു. പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ഉന്നമനത്തിന് നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ എം.പിയായിരുന്ന ഒമ്പത് വർഷം ഷാനവാസിന് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെ ജനാധിപത്യ ചേരിക്ക് കനത്ത വിടവാണ് സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ സേവനപ്രവർത്തനങ്ങൾ കാലവിളംബമില്ലാതെ പൂർത്തിയാക്കുകയാണ് അദ്ദേഹത്തോട് ജില്ലക്ക് ചെയ്യാനുള്ള സ്മരണാഞ്ജലിയെന്നും കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കചേരുന്നതായും നേതാക്കൾ അഭിപ്രായപ്പെട്ടു. എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തിൽ മുസ്്ലിം ലീഗ് കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് റസാഖ് കൽപ്പറ്റ, ജനറൽ സെക്രട്ടറി ടി.ഹംസ എന്നിവർ അനുശോചിച്ചു. കെ.പി.സി.സി പ്രസിഡന്റും, പാർലിമെന്റ് അംഗവുമായ എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തിൽ മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്്മായിൽ, ജില്ലാ പ്രസിഡന്റ് കെ. ഹാരിസ്, ജനറൽ സെക്രട്ടറി സി.കെ ഹാരിഫ്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.വി കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി സി. മൊയ്തീൻകുട്ടി, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കെ. നൂറുദ്ദീൻ, ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ മടിക്കിമല എന്നിവർ അനുശോചിച്ചു.





Leave a Reply