പരിസ്ഥിതി ആഘാത പഠനം നടത്താതെ ക്വാറികള്‍ക്കു അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം: വയനാട് പ്രകൃതി സംരക്ഷണ സമിതി
കല്‍പ്പറ്റ: സുപ്രീംകോടതി വിധി പ്രകാരമുള്ള പരിസ്ഥിതി ആഘാത പഠനം നടത്താതെ ജില്ലയില്‍ പുതിയ ക്വാറികള്‍ക്കു അനുമതി നല്‍കാനുള്ള നീക്കം ജില്ലാ പരിസ്ഥിതി ആഘാത പഠനസമിതി ഉപേക്ഷിക്കണമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
അതീവ പാരിസ്ഥിതിക പ്രാധാന്യം ഉള്ളതും കാലവര്‍ഷത്തിനിടെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ മലകളിലടക്കം ക്വാറികള്‍ക്കു അനുമതി നല്‍കാനുള്ള ജില്ലാ ജിയോളജിസ്റ്റിന്റെ ചരടുവലിക്ക് പരിസ്ഥിതി ആഘാത പഠനസമിതി വഴിപ്പെട്ടതായി സൂചനയുണ്ട്. തുറക്കാന്‍ ശ്രമിക്കുന്ന ക്വാറികള്‍ക്കു സമീപം താമസിക്കുന്നവരുടെയും പരിസ്ഥിതി സംഘടനകളുടെയും പരാതികളെ പരിസ്ഥിതി ആഘാത പഠന സമിതി അവഗണിക്കുകയാണ്. പഠനം നടത്തിയെന്നു പ്രദേശവാസികളെയടക്കം ബോധ്യപ്പെടുത്താന്‍ ജില്ലാ ഭരണകൂടം തയാറാകുന്നില്ല. ക്വാറികള്‍ തുറക്കുന്നതില്‍ ചില രാഷ്ട്രീയ കക്ഷികളും ജില്ലാ ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. മാണ്ടാട് അടക്കം പ്രദേശങ്ങളിലെ ക്വാറികള്‍ക്കു അനുമതി നല്‍കരുതെന്ന മുന്‍ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും വനം-വന്യജീവി വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ കളക്ടറേറ്റിലുണ്ട്. എന്നിരിക്കെയാണ് ഏതാനും ക്വാറികള്‍ക്കു 15 വര്‍ഷം പ്രവര്‍ത്താനുമതി നല്‍കാനുള്ള നീക്കം. ഇത് ജില്ലയെ സര്‍വനാശത്തിലേക്കു നയിക്കും. അനുമതി നല്കുന്നതിനു മുന്നോടിയായി ക്വാറികള്‍ക്കു 50 മീറ്റര്‍ പരിധിയിലുള്ള വീടുകളുടെ വിവരശേഖരണമാണ് പരിസ്ഥിതി ആഘാത പഠന സമിതി ഇതിനകം നടത്തിയയെന്നു യോഗം കുറ്റപ്പെടുത്തി. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് പരസ്യപ്പെടുത്താതെ ക്വാറികള്‍ക്കു അനുമതി നല്‍കുന്നതിനെ സുപ്രീം കോടതിയിലും ഹരിത ട്രൈബ്യൂണലിലും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. എന്‍. ബാദുഷ, എല്‍ദോ മാങ്ങാട്, എം. ഗംഗാധരന്, ബാബു മൈലമ്പാടി, രാമകൃഷ്ണന് തച്ചമ്പത്ത്, പി.എം. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply