April 20, 2024

ചുരം റോഡ് സംരക്ഷണത്തിനു അടിയന്തര നടപടി സ്വീകരിക്കണം- വയനാട് പ്രകൃതി സംരക്ഷണ സമിതി

0
കല്‍പറ്റ- തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ എത്തിയ താമരശേരി ചുരം റോഡ് സംരക്ഷണത്തിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കോഴിക്കോട്-വയനാട് ജില്ലാ ഭരണകൂടങ്ങളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 
ചുരത്തെ സമ്പൂര്‍ണ നാശത്തില്‍നിന്നു രക്ഷിക്കാന്‍ കുറുക്കുവഴികളില്ല. മുറിവൈദ്യം ഒഴിവാക്കി വ്യക്തവും ശക്തമവുമായ നടപടികളാണ് ഉണ്ടാകേണ്ടത്. ചുരത്തില്‍ വാഹന പാര്‍ക്കിംഗും പ്ലാസ്റ്റിക് നിക്ഷേപവും നിരോധിച്ചത് സ്വാഗതാര്‍ഹമാണ്. ചുരത്തില്‍ സ്ഥിരമായ ഗതാഗതതടസം ഉണ്ടാകുന്നത് ആറ്, ഏഴ്, എട്ട് വളവുകളിലും അവയ്ക്കിടെയിലെ ഭാഗങ്ങളിലുമാണ്. വളവുകളിലടക്കം റോഡ് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വീതികൂട്ടി നവീകരിക്കുകയാണ് ഗതാഗതപ്രശ്‌നത്തിനു പരിഹാരം. ഇതിനാവശ്യമായ വനഭൂമി വിട്ടുകൊടുക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയാറാകണം. നാടുകാണി, പക്രന്തളം, പേരിയ, കൊട്ടിയൂര്‍ ചുരം റോഡുകളുടെ നവീകരണത്തിനും അവശ്യമെങ്കില്‍ വനഭൂമി വിട്ടുകൊടുക്കണം. എന്നാല്‍ പടിഞ്ഞാറത്തറ-പൂഴിത്തോട്, ചിപ്പിലിത്തോട്-തളിപ്പുഴ അടക്കം പശ്ചിമഘട്ടം കീറിമുറിച്ചുള്ള ഒരു റോഡിനും വനഭൂമി നല്‍കരുത്. ഇപ്പോള്‍ത്തന്നെ ദുര്‍ബലമായ പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതി സന്തുലനത്തെയും വനഘടനയെയും ബദല്‍ റോഡുകള്‍ താറുമാറാക്കും. അവശേഷിക്കുന്ന വനത്തിന്റെ സംരക്ഷണം മറ്റേതു വികസനത്തെയുംകാള്‍ വയനാടിനു മര്‍മപ്രധാനമാണ്. ചുരത്തില്‍ ഇപ്പോഴുള്ള ബഹുനില കെട്ടിടങ്ങളടക്കം നിര്‍മിതികള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി പൊളിച്ചുനീക്കണം. പുതിയ നിര്‍മാണങ്ങള്‍ വിലക്കണം.  ഭൂവിനിയോഗ നിയമം കര്‍ശനമായി നടപ്പിലാക്കണം. 15 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശത്ത് നിഷ്‌കര്‍ഷിക്കുന്ന  കൃഷിയല്ല ഇപ്പോള്‍ ചുരം റോഡിനോടു ചേര്‍ന്നുള്ള സ്വകാര്യഭൂമികളില്‍ നടക്കുന്നത്. റോഡിനിരുവശവും കുറഞ്ഞത് രണ്ട് കിലോമീറ്റര്‍ പരിധിയില്‍ സ്വകാര്യ ഭൂമി ഏറ്റെടുത്ത് വനവത്കരണം നടത്തുന്നത് ഗുണം ചെയ്യും. ഒമ്പത് ടണ്ണിലധികം ഭാരം കയറ്റിയ വാഹനങ്ങള്‍  ചുരത്തില്‍ നിരോധിക്കണം. 
ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ശക്തമായ മഴയെയും വിപരീത കാലാവസ്ഥയെയും അതിജീവിക്കാനാകാതെ പാറക്കൂട്ടങ്ങളും മണ്‍കൂനകളും മാത്രമുള്ള  പ്രദേശമായി  ചുരവും അത് നിലനില്‍ക്കുന്ന പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചരിവുകളും രൂപാന്തരപ്പെടാന്‍ അധികകാലം എടുക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. 
ബാബു മൈലമ്പാടി അധ്യക്ഷത വഹിച്ചു. തച്ചമ്പത്ത് രാമകൃഷ്ണന്‍, സണ്ണി മരക്കടവ്, എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, സണ്ണി പടിഞ്ഞാറത്തറ, എ.വി. മനോജ്, തോമസ് അമ്പലവയല്‍, ഗോപാലകൃഷ്ണന്‍ മൂലങ്കാവ്, അബു പൂക്കോട്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *