April 19, 2024

പനമരം ഒരുങ്ങി :വയനാട് റവന്യൂ ജില്ലാ സ്കൂൾ കലാമേള തിങ്കളാഴച തുടങ്ങും.

0
കല്പറ്റ:  വയനാട്   റവന്യൂ ജില്ലാ സ്കൂള്‍കലോത്സവത്തിന് ഡിസംബര്‍ നാലിന് തുടക്കമാവും. എട്ടു വരെ പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് മേള. നാലിന് സ്റ്റേജിതര മത്സരങ്ങളും അഞ്ചിന് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം ബാന്‍ഡ്മേളവും, ആറ്്,ഏഴ്,എട്ട് തീയതികളില്‍ സ്റ്റേജിന മത്സരങ്ങളും നടക്കും.
നാലിന് രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. കബനി, സുഹാനി, തലക്കല്‍ചന്തു, ഇഫോറിയ, വര്‍ദ, നന്തുണി, തരാന, കാവ്യഭാരതി എന്നീ എട്ടുവേദികളിലാണ് മത്സരങ്ങള്‍ എന്ന് പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, അറബിക്, ഉറുദു, തമിഴ്, കന്നട എന്നീ ഭാഷകളിലായി 302 ഇനങ്ങളിലായാണ് മത്സരങ്ങള്‍. അഞ്ച് ദിവസത്തെ മേളയില്‍ 2500- ല്‍ പരം മത്സരാര്‍ഥികളും, 120 വിധികര്‍ത്താക്കളും, 1000- ല്‍ പരം അധ്യാപകരും രക്ഷിതാക്കളും, സംഘാടകരുമായി പതിനായിരത്തോളം പേര്‍ പങ്കാളികളാവും.
മേളയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കും:
പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും മേള. പ്ലാസ്റ്റിക്, ഫ്ലക്സ് ബോര്‍ഡുകള്‍, കമാനങ്ങള്‍ എന്നിവ ഒഴിവാക്കും. പകരം തുണിയില്‍ ഉള്ള എഴുത്തുകളും, പനയോലയിലും, തെങ്ങോലയിലും, വൈക്കോലിലും തീര്‍ത്ത കമാനങ്ങളും, അലങ്കാരങ്ങളും ഉപയോഗിക്കും. ആറിന് രാവിലെ ഒമ്ബതിന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം. ബാബുരാജ് പതാക ഉയര്‍ത്തും.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് പരമ്ബരാഗത കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സാംസ്കാരിക ദൃശ്യവിസ്മയം. മൂന്നരയ്ക്ക് ഒ.ആര്‍. കേളു എം.എല്‍.എ. കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ഡോ. അരുള്‍. ആര്‍.ബി. കൃഷ്ണ മുഖ്യാതിഥി ആകും. സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പ്രതിഭകളെ ആദരിക്കും.
എട്ടിന് വൈകുന്നേരം നാലിന് സമാപനസമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. സി. മമ്മൂട്ടി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. സമ്മാനവിതരണം നടത്തും. ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുഖ്യാതിഥിയാകും.
ഹെല്‍പ്പ് ഡെസ്ക് ഒരുക്കും : 
ജില്ല മേള യുടെ പ്രവേശനകവാടത്തിന് സമീപം പ്രോഗ്രാം കമ്മിറ്റി ഹെല്‍പ്പ് ഡസ്ക് ഒരുക്കും. മത്സരഫലങ്ങള്‍, പോയന്റ് നിലവാരം, മത്സരസമയം, വേദികള്‍ തുടങ്ങി മേളയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹെല്‍പ്പ് ഡസ്കില്‍ ലഭിക്കും. ഓണ്‍ലൈനായി ഫോട്ടോ അപ് ലോഡ് ചെയ്യാത്ത മത്സരാര്‍ഥികള്‍ പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഫോട്ടോ അപ് ലോഡ് ചെയ്യണം. ഇതിനായി പ്രത്യേക കൗണ്ടര്‍ ഉണ്ടാവും. മേളയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ കെ. മിനി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
സുരക്ഷാ പരിശോധന നടത്തി 
പനമരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വേദികളും പരിസരങ്ങളും എ.എസ്.പി. ചൈത്രതെരേസ ജോണ്‍ സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, പി.ടി.എ. ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവര്‍ വേദികളെക്കുറിച്ചും മറ്റും വിശദീകരിച്ചു. കലോത്സവത്തിന് ആവശ്യമായ സുരക്ഷയ്ക്കായി പോലീസുകാരെ നിയോഗിക്കുമെന്ന് എ.എസ്.പി. പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *