April 26, 2024

ഇരുപത് മാസമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നു; റിട്ടയേര്‍ഡ് ചിത്രകലാ ആധ്യാപകന്‍ കെ.ആര്‍. കൃഷ്ണന്‍കുട്ടി

0
കല്‍പ്പറ്റ: ഇരുപത് മാസമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നതായി റിട്ടയേര്‍ഡ് ചിത്രകലാ ആധ്യാപകന്‍ കെ.ആര്‍. കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2016 മെയ് മാസം 31ന് മാനന്തവാടി ജിവിഎച്ച്എസ്എസ് ലെ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ പെന്‍ഷന്‍ ആനുകൂല്യത്തിന് ആവശ്യമായ പേപ്പറുകള്‍ സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ 20മാസങ്ങള്‍ പിന്നിട്ടിട്ടും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. വിരമിക്കുന്നതിന് മുന്‍പ് തന്നെ വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ വീഴ്ചവരുത്തി. വിരമിച്ചതിന് ശേഷം നാല് മാസം കഴിഞ്ഞും ഒരു വര്‍ഷം കഴിഞ്ഞും ലഭിച്ച മെമ്മോ അനുസരിച്ച് ആദ്യം മൂന്ന് തവണയും പിന്നീട് ഒരു തവണയും ലീവ് കൊടുത്തു. സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ട പ്രകാരം സര്‍വീസ് ബുക്ക് അടക്കമുള്ള രേഖകള്‍ നല്‍കുകയും ചെയ്തിട്ടും ഓഫീസില്‍ തിരക്കാണെന്ന് പറഞ്ഞ് അപമാനിക്കുന്ന തരത്തിലുള്ള മറുപടിയാണ് നല്‍കിയത്. ഓഫീസിലെ രേഖകള്‍ പലതും കൃത്യതയില്ലാത്തതിനാല്‍ ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് മറുപടി പോലും നല്‍കുന്നില്ല. 
മുപ്പത്തിമൂന്ന് വര്‍ഷത്തെ സേവനത്തിനിടക്ക് 16 വര്‍ഷം മാനന്തവാടി ജിവിഎച്ച്എസ്എസില്‍ ജോലി ചെയ്തിട്ടും മറ്റൊരു സ്‌കൂളില്‍ നിന്നും നേരിടേണ്ടിവരാത്ത തരത്തിലുള്ള അവഗണനയാണ് ഇവിടെ നിന്നും നേരിട്ടത്. ജോലിക്കിടയില്‍ 15 മാസത്തോളം സുഖമില്ലാതെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് ഹെഡ്മസ്റ്റര്‍ക്ക് മെഡിക്കല്‍ ഗ്രൗണ്ടില്‍ രജിസ്‌ട്രേഡ് ആയി ലീവിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ലീവ് കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ലീവ് കിട്ടിയില്ല എന്ന മറുപടിയാണ് ഹെഡ്മാസ്റ്റര്‍ നല്‍കിയത്. ഇക്കാരണത്താല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നാല്തവണ ഹിയറിംഗ് നടത്തുകയും രണ്ട് ശമ്പളവര്‍ധനവ് നിഷേധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ജോലിയില്‍ പ്രവേശിക്കുന്നതിനും സാധിച്ചില്ല. 
2004, 2009 വര്‍ഷത്തെ ശമ്പള ഫിക്‌സേഷന്‍ നടപ്പാക്കി നല്‍കാത്തതിനാല്‍ അടിസ്ഥാന ശമ്പളത്തില്‍ ഉയര്‍ച്ച ലഭിക്കുമായിരുന്നു. ശമ്പള ഫിക്‌സേഷന് മുമ്പുള്ള അരിയറുകള്‍ എഴുതിനല്‍കിയിട്ടുമില്ല. ഇക്കാരണങ്ങളാല്‍ സാമ്പത്തികമായി വലിയ പ്രയാസങ്ങള്‍ നേരിടേണ്ടി വരികയും സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുത്ത് പണിത വീട് ലോണ്‍ തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതോടെ ജപ്തി ചെയ്യുകയും ചെയ്തു. ഇപ്പോള്‍ സ്വന്തമായി സ്ഥലമോ വീടൊ ഇല്ലാതെ ഉദാരമതികളുടെ സഹായത്തോടെ വാടക വീട്ടിലാണ് കഴിയുന്നത്. സ്‌കൂള്‍ അധികൃതര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ മാറ്റം വരുത്തി എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ഹതപ്പെട്ട പെന്‍ഷനും ആനുകൂല്യങ്ങള്‍ അനുവദിച്ച് തരണമെന്ന് കെ.ആര്‍. കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *