പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ റോഡ് ഉടന്‍ ഉന്നതതല യോഗം വിളിക്കണം; ജനാധിപത്യ കേരള കോണ്‍ഗ്രസ്
കല്‍പ്പറ്റ:വയനാടിന് അടിയന്തര പ്രാധാന്യമുള്ള പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ബന്ധപ്പെട്ട പൊതുമരാമത്ത്, വനം വകുപ്പ്, ധനകാര്യവകുപ്പ്, റവന്യൂ വകുപ്പ് മന്ത്രിമാരുടെയും, കോഴിക്കോട് – വയനാട് ജില്ലാ കളക്ടര്‍ന്മാരുടെയും രണ്ടു ജില്ലകളിലെ ബന്ധപ്പെട്ട എം.എല്‍.എ മാരുടെയും എം.പി.മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും വിപുലമായ യോഗം തിരുവനന്തപുരത്ത് ഉടന്‍ വിളിച്ചുകൂട്ടി ഈ വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 23 വര്‍ഷമായി പരിഗണിക്കാതെ തുടരുന്ന അന്ന്‍ പ്രഥമ പരിഗണന ലഭിച്ച ഈ ബദല്‍ റോഡ് വയനാടിന്‍റെ സമഗ്ര വികസനത്തിനും, ടുറിസം രംഗത്തുള്ള വളര്‍ച്ചക്കും ഗതാഗത തടസ്സം പരിഹരിക്കുവാനും വളരെ അനിവാര്യമാണെന്ന് ജനങ്ങളും, നേതാക്കളും, തിരിച്ചറിഞ്ഞു കഴിഞ്ഞു. ജനുവരി 15-ന് പാത സന്ദര്‍ശിച്ച മന്ത്രി ടി.പി. രാമകൃഷ്ണനും, കോഴിക്കോട് ജില്ലാ കളക്ടറും പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളും ഈ റോഡിന് പിന്തുണ പ്രഖ്യാപിച്ചത് ജനങ്ങളില്‍ ഒരിക്കല്‍ കൂടി വലിയ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 15ന് തിരുവനന്തപുരത്ത് ഈ ആവശ്യം ഉന്നയിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ബദല്‍ റോഡ് വികസന സമിതി മുഖ്യ മന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയിരുന്നു. എന്നാല്‍ 3 മാസം കഴിഞ്ഞിട്ടും പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി യാതൊരറിയിപ്പും ലഭിച്ചിട്ടില്ല. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പാര്‍ട്ടി ധര്‍ണ്ണയും ഒപ്പു ശേഖരണവും, പ്രതിഷേധ കൂട്ടായ്മയും, ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചിട്ടും അധിക്രിതരുടെ ഭാഗത്തുനിന്നും അനങ്ങാപ്പാറ നയം തുടരുന്നത് ഖേദകരമാണ്.
ബഹുമാനപ്പെട്ട വയനാട് ജില്ലാ കളക്ടറും, വയനാട്ടിലെ ജനപ്രധിനിധികളും പാത സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ടും, ചുരത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ഗവര്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച ഭീമ ഹര്‍ജി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കൈമാറിയിട്ടുണ്ട്. പടിഞ്ഞാറത്തറയില്‍ പഞ്ചായത്ത് പ്രസിഡണ്ട് 28-ന് വിളിച്ചു ചേര്‍ക്കുന്ന യോഗം കഴിയുമെങ്കില്‍ എത്രയും നേരത്തെ അടുത്ത ദിവസങ്ങളില്‍ വിളിച്ചു കൂട്ടണം എന്ന് അവര്‍ ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമെ ബജറ്റ് സമ്മേളനത്തിനു മുമ്പ് ഗവര്‍മെന്‍റില്‍ സമ്മര്‍ദം ചെലുത്തി ബജറ്റില്‍ തുക ഉള്‍പ്പെടുത്തുവാന്‍ കഴിയുകയുള്ളൂ എന്നും അവര്‍ പറഞ്ഞു
ഈ വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ലെങ്കില്‍ അടുത്ത കാലത്തൊന്നും ഈ ബദല്‍ റോഡ് യാതാര്‍ത്ഥ്യമാകുവാന്‍ സാധ്യതയില്ലെന്നും, മന്ത്രിയുടെയും, ജനനേതാക്കളുടെയും പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാനുള്ള തന്ത്രമായി ചിത്രീകരിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.എ. ആന്‍റണി, വില്‍സണ്‍ നെടുംകൊമ്പില്‍, ജോസ് വി.എം., ലോറന്‍സ് കെ.ജെ., കുര്യാക്കോസ് എ.പി., കുര്യാക്കോസ് ടി.പി., എന്നിവര്‍ പങ്കെടുത്തു.





Leave a Reply