April 22, 2026

ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ നാടൊന്നിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള സംഘടനകള്‍ ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ നാടൊന്നിച്ചു. ഗ്രാമപ്രദേശങ്ങളിലുള്‍പ്പടെ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. കല്‍പ്പറ്റയില്‍ വൈകീട്ട് മാത്രമാണ് വാഹനങ്ങള്‍ നിരത്തിലിറങ്ങിയത്. കലക്ടറേറ്റുള്‍പ്പടെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. സമരാനുകൂലികള്‍ ടൗണില്‍ പ്രകടനം നടത്തി. മാനന്തവാടിയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ടൗണില്‍ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ടൗണിലെത്തിയ ദീര്‍ഘ ദൂര കെഎസ്ആര്‍ടിസി ബസ്സുകളും സ്വാകര്യവാഹനങ്ങളും അല്‍പനേരം തടഞ്ഞതിന് ശേഷം വിട്ടയച്ചു. സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. സുല്‍ത്താന്‍ ബത്തേരിയില്‍ സമരാനുകൂലികള്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി കാര്‍ യാത്രികന്‍ ചികില്‍സ തേടി. പുത്തന്‍കുന്ന് ചേലക്കോട്ട് അംജത്(30) ആണ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയത്. സംഭവത്തില്‍ കണ്ടാലറിയുന്ന നാലുപേര്‍ക്കെതിരെ സുല്‍ത്താന്‍ ബത്തേരി പോലിസ് കേസെടുത്തു. ഇന്നലെ രാവിലെ പതിനൊന്നോടെ കക്കോടന്‍ പമ്പിനു സമീപമാണ് സംഭവം. അംജത് തന്റെ കാറില്‍ കല്‍പറ്റ ഭാഗത്തേക്ക് പോകുന്നതിനിടെ ടൗണില്‍ എത്തിയപ്പോള്‍ ഹര്‍ത്താലനുകൂലികള്‍ കാര്‍ തടഞ്ഞു റോഡിന്റെ വശത്തേക്ക് ഒതുക്കിയിടാന്‍ ആവശ്യപ്പെടുകയായിരുന്നു.  കാര്‍ ഒതുക്കിയിടാന്‍ ശ്രമിക്കുന്നതിനിടെ സമരാനുകൂലികളില്‍ ചിലര്‍ എത്തി വലിച്ചു പുറത്തിറക്കി മര്‍ദ്ദിക്കുകയും കാറിന്റെ മുന്നിലെ ഇടതു ഭാഗത്തെ ടയറിന്റെ കാറ്റഴിച്ചു വിട്ടതായും അംജത് പറഞ്ഞു.
പുല്‍പ്പള്ളി, മേപ്പാടി ടൗണുകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *