June 20, 2026

സാന്ത്വന പരിചരണത്തിന് കരുത്തേകി വിദഗ്ധ പാലിയേറ്റീവ് പരിചരണ യൂണിറ്റ്

0
IMG_3882-01.jpeg
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: സാന്ത്വന പരിചരണത്തിന് കൂടുതല്‍ കരുത്തേകി വിദഗ്ധ പാലിയേറ്റീവ് പരിചരണ യൂണിറ്റ് തരിയോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്തുകളുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രാഥമിക പാലിയേറ്റീവ് യൂണിറ്റുകളില്‍ നിന്നും റഫര്‍ ചെയ്യുന്ന രോഗികള്‍ക്കാണ് ഈ യൂണിറ്റില്‍ നിന്നും പരിചരണം ലഭിക്കുന്നത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി അദ്ധ്യക്ഷത വഹിച്ചു. പക്ഷാഘാതം വന്ന് കിടപ്പിലായവര്‍, ക്യാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ വിദഗ്ദ പരിചരണം പ്രത്യേകിച്ച് കൊളാസറ്റമി, ലിംഫഡിമ, ട്രെക്കിയോസമി പരിചരണം തുടങ്ങിയവ ഫിസിയോതെറാപ്പിസ്റ്റിന്‍റെയും സ്റ്റാഫ് നഴ്സിന്‍റെയും നേതൃത്വത്തില്‍ പരിചരണം നല്‍കി വരുന്ന യൂണിറ്റാണിത്. ഒപ്പം കിടത്തി ചികിത്സയും ആരംഭിക്കുന്നതാണ്. ആഴ്ച്ചയില്‍ നാലു ദിവസം തരിയോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന് കീഴിലുള്ള തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലുള്ള ഇത്തരം പരിചരണം ആവശ്യമുള്ളവര്‍ക്ക് വീട്ടില്‍ പോയി നല്‍കുന്നതാണ്. ആരോഗ്യ കേരളം പദ്ധതിയുടെ സഹായത്തോടെ ആരംഭിച്ച ഈ യൂണിറ്റ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെ വിഹിതം കൂടെ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍ ഹോംകെയര്‍ വാഹനം ഫ്ലാഗോഫ് ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. അഭിലാഷ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ വിജേഷ് സ്വാഗതം പറഞ്ഞു. ഷീജ ആന്‍റണി, ഷമീം പാറക്കണ്ടി, സണ്ണി മുത്തങ്ങ, ഇ ജെ ജോസ്, കെ ആര്‍ രമ്യ, കൃഷ്ണകുമാര്‍, സനല്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു. പാലിയേറ്റീവ് ജില്ലാ കോര്‍ഡിനേറ്റര്‍ പി സ്മിത പദ്ധതി വിശദീകരണം നടത്തി. ജൂലി മാത്യു നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *