അന്നം വിളയിക്കുന്ന നെൽപ്പാടങ്ങൾ കർഷകന്റെ ജന്മാവകാശമാണെന്നും വികസനത്തിന്റെ പേരിൽ അത് തടയാൻ ഒരു ഭരണകൂടത്തെയും അനുവദിക്കില്ലന്നും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി
അന്നം വിളയിക്കുന്ന നെൽപ്പാടങ്ങൾ കർഷകന്റെ ജന്മാവകാശമാണെന്നും വികസനത്തിന്റെ പേരിൽ അത് തടയാൻ ഒരു ഭരണകൂടത്തെയും അനുവദിക്കില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് അതിജീവന സമരത്തിലേർപ്പെട്ടിരിക്കുന്ന കണ്ണൂർ, കീഴാറ്റൂരിലെ കർഷകർക്ക് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് പ്രമേയം അവതരിപ്പിച്ചു.
എക്കാലത്തെയും വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗ്സിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിന് തന്നെയും ഒരു അദ്ഭുതമായിരുന്ന ഹോക്കിംഗ്സ് കോർപ്പറേറ്റുകളുടെ അത്യാർത്തിയെയും അതിസമ്പന്നരുടെ അതിരില്ലാത്ത ഭോഗതൃഷ്ണയെയും നിശിതമായി വിമർശിച്ചു. 'മനുഷ്യന്റെ അത്യാർത്തിയും പോഴത്തരവും കാരണം മനുഷ്യത്വം അതിവേഗം അസ്തമിക്കും' എന്ന അദ്ദേഹത്തിന്റെ ലേഖനം മൂലധനശക്തികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് എന്നും പ്രമേയത്തിൽ പറയുന്നു.
വയനാട്ടിൽ നിയമവിരുദ്ധമായി നടക്കുന്ന മരം വെട്ടിനെയും അനധികൃത ക്വാറികളെയും പ്രതിരോധിക്കുന്നതിന് വേണ്ടി നടക്കുന്ന സമരങ്ങളോട് യോഗം ഐക്യദാർഢ്യപ്പെട്ടു. മണിക്കുന്നു മലയിലെ അനധികൃത മരംവെട്ട് തടഞ്ഞ അനശ്വര ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകരെ യോഗം അഭിനന്ദിച്ചു. നാട്ടിൻപുറങ്ങളിലെ ചെറുക്ലബ്ബുകളും കൂട്ടായ്മകളും ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ നിസ്തുലമാണെന്നും അത് മറ്റുള്ളവർക്കും മാതൃകയാക്കാമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഷൈനി ജോബിഷ്, ശ്രീജിത്ത് എം., സി.എസ്.അനിൽകുമാർ, സുന്ദരൻ കെ.എം, എ.കൃഷ്ണൻകുട്ടി, സച്ചിൻ എൻ. എന്നിവരെ ഉൾപ്പെടുത്തി ജില്ലാ കമ്മിറ്റി വിപുലീകരിച്ചു.
ചെയർപേഴ്സൺ സുലോചന രാമകൃഷ്ണൻ അദ്ധ്യക്ഷയായ യോഗത്തിൽ കൺവീനർ കെ.വി.പ്രകാശൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം വർഗ്ഗീസ് വട്ടേക്കാട്ടിൽ, ട്രഷറർ പി.ടി. പ്രേമാനന്ദ്, സി.എസ്. അനിൽകുമാർ, ശ്രീജിത്ത് എം. സാം പി. മാത്യു, ഷൈനി ജോബിഷ്, കെ.ആർ. അശോകൻ, പി.എം. ജോർജ്ജ്, സച്ചിൻ.എൻ. തുടങ്ങിയവർ സംസാരിച്ചു.





Leave a Reply