September 9, 2026

പരിസ്ഥിതി സൗഹൃദ വികസനം: വയനാട്ടിൽ വാര്‍ഡുതല ശുചിത്വ പരിപാലന സമിതികള്‍ രൂപികരിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ

    ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളുടെ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന് പദ്ധതിയുടെ ജില്ലാതല കോര്‍ഡിനേഷന്‍ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നു. സബ്കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മാലിന്യ സംസ്‌കരണത്തിനും ശുചിത്വ ബോധവത്കരണത്തിനും ജില്ലയില്‍ പുതിയൊരു സംസ്‌കാരം താഴെത്തട്ടില്‍ നിന്നും വളര്‍ത്തിയെടുക്കുക, ഹരിത കര്‍മ്മ സേനകളുടെ സ്വീകാര്യത സമൂഹത്തില്‍ വര്‍ദ്ധിപ്പിക്കുക, ഹരിത ചട്ടം നിര്‍ബന്ധമാക്കുക, വനം – വിനോദ സഞ്ചാര മേഖലയിലെ മാലിന്യ നിയന്ത്രണം, കാര്‍ഷിക മേഖലയിലെ കമ്പോസ്റ്റ് വ്യാപനം നിയന്ത്രിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ വാര്‍ഡ് മുതല്‍ ജില്ലാതലം വരെ  സമിതികള്‍ രൂപികരിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 51 പേരാണ് വാര്‍ഡുതല സമിതികളില്‍  അംഗങ്ങളാകുക. ഗ്രാമസഭകള്‍ ചേര്‍ന്നായിരിക്കും ഇവരെ തെരഞ്ഞെടുക്കുക. തുടര്‍ന്ന് പദ്ധതിയുടെ ഏകോപനത്തിനായി വാര്‍ഡുതല സമിതികളില്‍ നിന്നും ഓരോ കണ്‍വീനര്‍മാരെയും തിരഞ്ഞെടുക്കും. ജില്ലാതല കോര്‍ഡിനേഷന്‍ സമിതിയാണ് ജില്ലാതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ ചെയര്‍മാനായ ജില്ലാതല കോര്‍ഡിനേഷന്‍ സമിതിയില്‍ സബ്കളക്ടര്‍ കണ്‍വീനറായിരിക്കും. പഞ്ചായത്ത് തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ക്കായി ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ശുചിത്വമിഷന്‍ തുടങ്ങിയവര്‍ അംഗങ്ങളായ അപ്‌ലറ്റ് സമിതിയും രൂപീകരിച്ചിട്ടുണ്ട്.           പഞ്ചായത്ത് തലത്തില്‍ വാര്‍ഡ്തല ശുചിത്വ പരിപാലന സമിതികള്‍ രൂപികരിച്ച് നവംബര്‍ 25 നകം കണ്‍വീനര്‍മാരെ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഇവര്‍ക്ക് മാലിന്യ – ശുചിത്വ മേഖലകളിലെ വിവിധ നിയമവശങ്ങളില്‍ പരിശീലനം നല്‍കും. പഞ്ചായത്തുതല കോര്‍ഡിനേഷന്‍ സമിതി നവംബര്‍ 30ന് മുമ്പ് ചേരാനും യോഗത്തില്‍ തീരുമാനമായി. 

   മുഴുവന്‍ പഞ്ചായത്തുകളിലും എം.സി.എഫ് സ്ഥാപിക്കുന്നതോടെ അജൈവ മാലിന്യ സംസ്‌ക്കരണത്തില്‍ ഹരിതകര്‍മ്മ സേനകളുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. നിലവില്‍ പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റുകളുള്ള മുപ്പൈനാട്, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കും. ഒരു കിലോ മീറ്റര്‍ റോഡ് ടാര്‍ ചെയ്യാന്‍ 310 കിലോഗ്രാം പ്ലാസ്റ്റിക് വേണ്ടിവരുമെന്ന് എല്‍.എസ്.ജി.ഡി. എന്‍ജിനീയറിംഗ് വിഭാഗം അറിയിച്ചു. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി ബ്രാന്‍ഡ് ചെയ്ത് ആവശ്യക്കാര്‍ക്കെത്തിക്കാനും കോഴി ഇറച്ചി മാലിന്യം സംസ്‌കരിക്കാന്‍ കണ്ണൂര്‍ പാപ്പിനിശ്ശേരി മാതൃകയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനും കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആലോചിക്കുന്നുണ്ട്. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ പഞ്ചായത്തടിസ്ഥാനത്തില്‍ കൈത്തോടുകളും പുഴകളും പുനരുജ്ജിവിപ്പിക്കാനുളള പദ്ധതികളും ഇതോടൊപ്പം നടപ്പാക്കും. 
യോഗത്തില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ. സുധീര്‍കിഷന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ. ജസ്റ്റിന്‍, കോര്‍ഡിനേറ്റര്‍മാരായ എ.കെ. രാജേഷ്, രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ അംഗം സി.കെ. സഹദേവന്‍ നഗരസഭ വിജയകരമായി നടപ്പാക്കിയ മാലിന്യ സംസ്‌കരണ പദ്ധതികളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *