August 31, 2026

വയനാട്ടിൽ വന്യജീവി പ്രതിരോധത്തിന് 212.70 കോടിയുടെ പദ്ധതി സമര്‍പ്പിച്ചു

0
Jilla-vikasana-samithi-yogam
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ 212.7 കോടി രൂപയുടെ സമഗ്ര പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചതായി  വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. ആസൂത്രണ ഭവനില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് വനം വകുപ്പ് ഇക്കാര്യം അറിയിച്ചത്. നേരത്തെ 362.06 കോടി രൂപയുടെ പാക്കേജ് നോര്‍ത്ത്,സൗത്ത് ഫോറസ്റ്റ് ഡിവിഷന്‍ തയ്യാറാക്കി സര്‍ക്കാറില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ 574 കോടി രൂപയുടെ പദ്ധതിയാണ് ജില്ലയ്ക്കായി തയ്യാറാവുന്നത്. ഗ്രാമപ്പഞ്ചായത്തുകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. പനമരം, പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്തുകളില്‍് തെരുവ് വിളക്കുകള്‍ക്ക് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് കെഎസ്ഇബിക്ക് കത്ത് നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  ഗ്രാമപ്പഞ്ചായത്തുകളുടെ അധീനതയിലുള്ള നദികളും തടങ്ങളും ചെറുപുഴകളും പുറമ്പോക്ക് ഭൂമികളും സംരക്ഷിക്കുന്നതിനും അവ ആസ്തി രജിസ്റ്ററില്‍ രേഖപ്പെടുത്തി കൈയേറ്റം തടയുന്നതിനും ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. സുഗന്ധഗിരി  റൂട്ടിലെ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തലാക്കിയെന്ന പരാതിയും പരിഗണിച്ചു. സര്‍വീസ് നിര്‍ത്തലാക്കിയിട്ടില്ലെന്നും നേരത്തെയുണ്ടായിരുന്ന സമയക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ട്രിപ്പുകള്‍ അഞ്ചില്‍ നിന്ന് ആറിലേക്ക് വര്‍ധിപ്പിച്ചതാണെന്നും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ യോഗത്തെ അറിയിച്ചു.പ്രളയത്തില്‍ തകര്‍ന്ന കുടിവെള്ള പദ്ധതികളുടെ തകറാറുകള്‍ പരിഹരിച്ചതായി വാട്ടര്‍ അതോറിറ്റിയും അറിയിച്ചു. 
 പ്രളയത്തെ തുടര്‍ന്ന് കുട്ടികള്‍ സ്‌കൂളില്‍ വരാത്ത അവസ്ഥ പരിഹരിക്കുന്നതിനുളള  'ഡ്രോപ് ഔട്ട് ഫ്രീ വയനാട് ബാക്ക് ടു സ്‌കൂള്‍' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആരോഗ്യവകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, ഐസിഡിഎസ്, ഐടിഡിപി എന്നിവ ചേര്‍ന്ന് ആദിവാസി മേഖലകളിലെ അനീമിയ, പോഷകാഹാരക്കുറവ് നിയന്ത്രണ പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നു യോഗം വിലയിരുത്തി. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും യൂനിസെഫും അങ്കണവാടി മുഖേനയും പോഷകാഹാരം നല്‍കുന്നുണ്ടെന്നും അങ്കണവാടികളില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ ഊരുമിത്രം വര്‍ക്കര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍ മുഖേന എത്തിക്കുന്നതിനുളള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നു ഡിഎംഒ (ആരോഗ്യം) അറിയിച്ചു. അണ്‍ സര്‍വീസബിള്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും മൂന്നു ടണ്‍ ഇ-മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി മുഖേന നീക്കം ചെയ്തതായി ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു. 
പ്രളയക്കെടുതിയില്‍ ജില്ലയില്‍ 176 പശുക്കളും 45 കിടാരികളും നഷ്ടപ്പെട്ടതായി ജില്ലാ ക്ഷീരവികസന ഓഫിസര്‍ അറിയിച്ചു. ഡൊണേറ്റ് എ കൗ പദ്ധതി പ്രകാരം 34 പശുക്കളേയും 64 കിടാരികളെയും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി. വകുപ്പിന്റെ വാര്‍ഷിക പദ്ധതി 2018-19 മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയില്‍പ്പെടുത്തി ജില്ലയില്‍ 67 പശുക്കളെയും 75 കിടാരികളെയും വാങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 14 പശുക്കളെയും 15 കിടാരികളെയും കര്‍ഷകര്‍ക്ക് വാങ്ങി നല്‍കി. ഫ്‌ളഡ് റിഹാബിലിറ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 180 പശുക്കളെകൂടി വാങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്.
     എം ഐ ഷാനവാസ് എംപിയുടെ നിര്യാണത്തില്‍ എഡിഎം കെ അജീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അനുശോചിച്ചു. സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *